സമകാലിക മലയാളം ഡെസ്ക്
ഇപ്പോൾ ഫാഷൻ ലോകത്ത് തിരിച്ചെത്തുന്നത് മെലിഞ്ഞതും ലളിതവുമായ റെട്രോ സ്നീക്കറുകളാണ്. അതിൽ ഏറ്റവും ശ്രദ്ധ നേടുന്നത് കിൽ ബിൽ സിനിമയിലൂടെ പോപ്പ് കൾച്ചറിൽ ഇടം നേടിയ ഒനിത്സുക ടൈഗർ മെക്സിക്കോ 66 ആണ്.
2003ൽ പുറത്തിറങ്ങിയ ക്വെന്റിൻ ടറന്റീനോയുടെ കിൽ ബിൽ ആദ്യ ഭാഗത്തിൽ ഉമ തുർമൻ അവതരിപ്പിച്ച ദി ബ്രൈഡ് എന്ന കഥാപാത്രത്തിന്റെ മഞ്ഞ ട്രാക്ക്സ്യൂട്ട് ലുക്ക് സിനിമാ ഫാഷനിലെ തന്നെ ശ്രദ്ധേയമായ സ്റ്റൈലായി മാറി. കറുത്ത വരകളുള്ള മഞ്ഞ വസ്ത്രത്തിനൊപ്പം ധരിച്ച മഞ്ഞ ഒനിത്സുക ടൈഗർ മെക്സിക്കോ 66 ആയിരുന്നു ലുക്കിലെ പ്രധാന ആകർഷണങ്ങളിലൊന്ന്.
1978ലെ ബ്രൂസ് ലീ ചിത്രം ഗെയിം ഓഫ് ഡെത്തിലും ഇതേ ഷൂസ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്റർ ദ ഡ്രാഗണിൽ ജിം കെല്ലിയും ഈ മോഡൽ ധരിച്ചിരുന്നു.
പൊതു വേദികളിൽ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ ഒനിത്സുക ടൈഗർ ഷൂ ധരിച്ചെത്തിയത് ബ്രാന്റിനെ കേരളത്തിലും ജനകീയമാക്കിയിട്ടുണ്ട്. സിനിമയിൽ കണ്ട ആ ഷൂ തന്നെയാണ് ഇപ്പോൾ മറ്റൊരു തലമുറയുടെ ഫാഷൻ തിരഞ്ഞെടുപ്പായി തിരിച്ചെത്തുന്നത്.
ഒരുകാലത്ത് സ്പോർട്സ് ഷൂ എന്ന നിലയിൽ മാത്രം അറിയപ്പെട്ടിരുന്ന ഒരു ജാപ്പനീസ് ബ്രാൻഡാണ് ഇന്ന് ഫാഷൻ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പേരുകളിലൊന്നായി മാറിയിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാനിലെ കോബെയിൽ 1949ലാണ് കിഹാചിറോ ഒനിത്സുക Onitsuka Co. Ltd സ്ഥാപിക്കുന്നത്. യുവാക്കളുടെ ആരോഗ്യകരമായ ജീവിതത്തിനായി സ്പോർട്സിലൂടെ പ്രചോദനം നൽകണമെന്ന ആശയമായിരുന്നു കമ്പനിയുടെ തുടക്കത്തിന് പിന്നിൽ.
ഇന്ന് പ്രശസ്തമായ മെക്സിക്കോ 66 മോഡൽ 2002ലാണ് അവതരിപ്പിച്ചത്. എന്നാൽ അതിന്റെ ഡിസൈൻ 1961ൽ പുറത്തിറങ്ങിയ രണ്ടാം തലമുറ ലിമ്പർ അപ്പ് ഒനിത്സുക ടൈഗർ മോഡലുകളിൽ നിന്നുള്ള ആശയങ്ങൾ പുനരവതരിപ്പിച്ചാണ് രൂപപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കട്ടിയുള്ള സോൾ, വലുപ്പമേറിയ ബോഡി എന്നിവയുള്ള ‘ഡാഡ് സ്നീക്കറുകൾ’ വലിയ ട്രെൻഡായിരുന്നു. ഇപ്പോൾ അതിന് വിപരീതമായി സ്ലിം, ലോ-പ്രൊഫൈൽ സ്നീക്കറുകൾ ഫാഷനിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്.
ഷൂവിന്റെ പ്രധാന ആകർഷണം അതിന്റെ സ്ലിം, ലോ-പ്രൊഫൈൽ ഡിസൈൻ തന്നെയാണ്. വലിയ സോൾ ഉള്ള ‘ഡാഡ് സ്നീക്കറുകൾ’ക്ക് പകരം മെലിഞ്ഞ റെട്രോ സ്നീക്കറുകൾ ഫാഷനിൽ വീണ്ടും ശ്രദ്ധ നേടുന്ന സമയത്താണ് ഈ മോഡലും തിരിച്ചെത്തുന്നത്.
ജീൻസ്, ട്രൗസർ, വൈഡ്-ലെഗ് പാന്റ്സ്, ഷോർട്ട്സ് തുടങ്ങി നിരവധി വസ്ത്രങ്ങളുമായി എളുപ്പത്തിൽ ചേർക്കാനാകുന്നതും ഇതിന്റെ ജനപ്രീതിക്ക് കാരണമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates