കശ്മീരിൽ കുങ്കുമപ്പൂ, കേരളത്തിൽ വെളിച്ചെണ്ണ; ചർമസംരക്ഷണത്തിലുമുണ്ട് വൈവിധ്യം

അഞ്ജു സി വിനോദ്‌

ഇന്ത്യയിലെ പരമ്പരാഗതമായ ചര്‍മസംരക്ഷ രീതികള്‍ അതാത് പ്രദേശങ്ങളിലെ ഭൂമിശാസ്ത്രവും സാംസ്കാരിക രീതികളുമായി ഇടകലര്‍ന്നിരിക്കുന്നതാണ്. ഓരോ പ്രദേശങ്ങളിലേയും കാലാവസ്ഥ, ഭൂപ്രകൃതി എന്നിവയെ അടിസ്ഥാനപ്പെടുത്തി ചര്‍മത്തിന്‍റെ തരത്തിലും വ്യത്യാസം വരുന്നു. ഇന്ത്യയിലെ ചില പ്രദേശങ്ങളിലെ പരമ്പരാഗത ചര്‍മസംരക്ഷണ രീതികള്‍ പരിചയപ്പെടാം:

ജമ്മു കശ്മീര്‍

ജമ്മു കശ്മീരില്‍ സ്ത്രീകള്‍ ചര്‍മസംരക്ഷണത്തിനും മുഖകാന്തി വര്‍ധിക്കുന്നതിനും പാലില്‍ കുങ്കുമപ്പൂ ചേര്‍ത്ത് കുടിക്കുന്നു. ഇത് അവരുടെ ചര്‍മം വ്യക്തവും തിളക്കമുള്ളതുമാക്കാന്‍ സഹായിക്കുന്നു.

ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശ് പോലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ചര്‍മത്തിലെ ഈര്‍പം നിലനിര്‍ത്തുന്നതിന് വാല്‍നട്ട് എണ്ണ ചര്‍മത്തില്‍ പുരട്ടുന്നു. അത് ആഴത്തില്‍ മോസ്ചറൈസ് ചെയ്യാന്‍ സഹായിക്കുന്നു. വാല്‍നട്ട് പൊടിച്ചു സ്‌ക്രബ് ആയും ഉപയോഗിക്കാറുണ്ട്.

ലഡാക്

ലഡാക് പ്രദേശത്തുള്ള സ്ത്രീകള്‍ ആപ്രിക്കോട്ട് ഓയില്‍ ചര്‍മത്തില്‍ പതിവായി ഉപയോഗിക്കുന്നു. ഇത് അവരുടെ വരണ്ട ചര്‍മം, ചര്‍മപ്രശ്നങ്ങള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു.

രാജസ്ഥാന്‍

മില്‍ട്ടാണി മിട്ടിയാണ് രാജസ്ഥാനില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന പ്രധാന ചര്‍മസംരക്ഷണ വസ്തു. ഇത് ചര്‍മം വൃത്തിയാക്കാനും ചര്‍മത്തിലെ എണ്ണയും അഴുക്കുമൊക്കെ നീക്കാനും സഹായിക്കും.

തമിഴ്‌നാട്

മൈസൂര്‍ സാന്‍ഡല്‍ തമിഴ്‌നാട്ടിലെ മിക്ക വീടുകളിലും കാണുന്ന ഒന്നാണ്. ഇത് അരച്ച് ചര്‍മത്തില്‍ പുരട്ടുന്നത് കരിവാളിപ്പ് നീക്കാനും ശരീരം തണുപ്പിക്കാനും സഹായിക്കുന്നു, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്.

കേരളം

മലയാളികള്‍ക്ക് വെളിച്ചെണ്ണയുടെ പ്രാധാന്യം എത്രത്തോളമെന്ന് പറഞ്ഞറിയിക്കേണ്ടതില്ല. പചകത്തിന് മാത്രമല്ല, ചര്‍മത്തിലും മുടിയിലും വെളിച്ചെണ്ണ നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഇത് ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താനും അസ്വസ്ഥത, വീക്കം എന്നിവ ഒഴിവാക്കാനും സഹായിക്കും.

അസം

അസമില്‍ ചര്‍മത്തില്‍ മഞ്ഞള്‍ പുരട്ടുകയെന്നത് ബിഹു ദിനത്തിലെ ഒരു പ്രധാന ആചാരമാണ്. ചര്‍മത്തില്‍ പച്ചമഞ്ഞള്‍ പുരട്ടുന്നത് ചര്‍മം വൃത്തിയാകാനും തിളക്കം കിട്ടാനും സഹായിക്കുന്നു.

മണിപ്പൂര്‍

സോഷ്യല്‍മീഡിയയില്‍ കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള ചര്‍മസംരക്ഷണം ട്രെന്‍ഡിങ് ആണ്. എന്നാല്‍ മണിപ്പൂരില്‍ ഇത് പരമ്പരാഗത രീതിയാണ്. അരി തിളപ്പിച്ച വെള്ളം അവര്‍ ചര്‍മത്തിലും മുടിയിലും പ്രയോഗിക്കുന്നു. ഇത് ചര്‍മത്തിനും മുടിക്കും പ്രകൃതിദത്ത തിളക്കം നല്‍കാന്‍ സഹായിക്കും.