അഞ്ജു
ശരീരത്തിലെ എല്ലാ അവയവങ്ങളെയും നിയന്ത്രിക്കുന്ന കമാന്‍ഡിങ് കേന്ദ്രമാണ് നമ്മുടെ തലച്ചോര്‍. പ്രായമാകുന്തോറും തലച്ചോറിന്‍റെ ആരോഗ്യം ക്രമേണ മന്ദഗതിയിലാകും. ഇത് ശ്രദ്ധ, ഓര്‍മശക്തി, മാനസികാവസ്ഥ തുടങ്ങിയവയെ ബാധിക്കാം.
എന്നാല്‍ ചില ശീലങ്ങള്‍ ഏതു പ്രായത്തിലും നമ്മുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ സഹായിക്കും. ഇത് തീരുമാനങ്ങള്‍ എടുക്കേണ്ടതിനും ഇമോഷണനി ബാലന്‍സ്ഡ് ആകാനും സന്തോഷത്തോടെയിരിക്കാനും സഹായിക്കും.
പഠിച്ചു കൊണ്ടേയിരിക്കുക
പേശികളെ പോലെയാണ് തലച്ചോറും. എത്രത്തോളം വെല്ലുവിളി നല്‍കുന്നുവോ അത്രത്തോളം അവ ശക്തമാകും. എന്നും എന്തെങ്കിലുമൊക്കെ പുതിയത് പഠിക്കുക, പുതിയ ഹോബികള്‍ തിരഞ്ഞെടുക്കുക, പുതിയ വിഷയങ്ങള്‍ വായിക്കുക. ജീവിതകാലം മുഴുവനുമുള്ള പഠനം ന്യൂറല്‍ പാത്ത് വേ സജീവമാക്കിവെക്കും.
ശാരീരികമായി സജീവമാവുക
തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ് ശാരീരികമായി സജീവമാവുക എന്നത്. ദിവസവും 30 മിനിറ്റ് നടക്കുക, ഡാന്‍സ് ചെയ്യുക, യോഗ എന്നിവയെല്ലാം തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് ഓര്‍മശക്തി, ചിന്താശേഷി എന്നിവ മെച്ചപ്പെടുത്തും
സംസാരിക്കാം
മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കുന്നതും സാമൂഹികമായി ബന്ധപ്പെട്ടിരിക്കുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. സുഹൃത്തുക്കളുമായി സംസാരിക്കുക, ക്ലബില്‍ ചേരുക തുടങ്ങിയവ നിങ്ങളെ സജീവമാക്കി നിര്‍ത്തും. അര്‍ഥവത്തായ സംവാദങ്ങള്‍ നിങ്ങളുടെ തലച്ചോറിന്റെ ഭാഗങ്ങളെ ഉത്തേജിപ്പിക്കും.
തലച്ചോറിന് ഭക്ഷണം
ശരീരത്തിനെന്ന പോലെ തലച്ചോറിനും നല്ല ഭക്ഷണം വേണം. ഇലക്കറികളും ബെറികളും നട്‌സും വിത്തുകളും ധാന്യങ്ങളും ധാരാളം കഴിക്കുക. ഒമേഗ-3 അടങ്ങിയ വാല്‍നട്‌സ്, ഫ്ലാക്‌സ് സീഡുകള്‍ പോലുള്ളവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതും പ്രധാനമാണ്. ചെറിയ തോതിലുള്ള നിര്‍ജ്ജലീകരണവും തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കാം.
ഉറക്കം
തലച്ചോറിന് വിശ്രമം അനിവാര്യമാണ്. മതിയായ ഉറക്കം തലച്ചോറിന് കോശങ്ങളിലെ തകരാര്‍ പരിഹരിക്കുന്നതിനും വിവരങ്ങള്‍ സംഭരിക്കുന്നതിനും റീസെറ്റ് ചെയ്യുന്നതിനും സഹായിക്കും. ഉറക്കം നഷ്ടമാകുന്നത് ഏകാഗ്രത, മാനസികാവസ്ഥ, ഓര്‍മശക്തി എന്നിവയെ ബാധിക്കും.
തലച്ചോറിനെ പരിശീലിപ്പിക്കാം
തലച്ചോറിന് വ്യായാമം നല്‍കുന്നത് ഏകാഗ്രത, ഓര്‍മശക്തി തുടങ്ങിയവ മെച്ചപ്പെടുത്താന്‍ സഹായിക്കും. കോസ് വേഡ്, സുഡോക്കോ, ചെസ്, പസ്സില്‍ പോലുള്ളവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
സമ്മര്‍ദം
വിട്ടുമാറാത്ത സമ്മര്‍ദം മാനസികാവസ്ഥയെ ബാധിക്കാം. ശ്വസന വ്യായാമം, ധ്യാനം, പ്രകൃതിക്കൊപ്പം സമയം ചെലവഴിക്കുക, എഴുതുക എന്നിവ നിങ്ങളുടെ മനസിനെ ശാന്തമാക്കാന്‍ സഹായിക്കും. സമ്മര്‍ദം തലച്ചോറില്‍ വീക്കം ഉണ്ടാക്കാനും ആരോഗ്യം മോശമാക്കുകയും ചെയ്യുന്നു.
ജീവിത ലക്ഷ്യം
ജീവിത ലക്ഷ്യങ്ങള്‍ ഉണ്ടാകുന്നത് ഓരോ വ്യക്തിയെയും ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കും. അവ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ മരുന്നുകളെക്കാള്‍ ഫലം ചെയ്യും. ലക്ഷ്യം എത്ര ചെറുതാണെങ്കിലും അത് നിങ്ങളുടെ ദിവസം പൂര്‍ത്തിയാക്കുകയും, നിങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.