സമകാലിക മലയാളം ഡെസ്ക്
യുഎസിലെ ടെന്നസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വനിതാ തടവുകാരി ക്രിസ്റ്റ പൈക്കിന്റെ അത്ഭുതകരമായ രക്ഷപ്പെടൽ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മാരകമായ വിഷമരുന്ന് കുത്തിവെച്ചിട്ടും ക്രിസ്റ്റ മരണത്തിന് കീഴടങ്ങാൻ കൂട്ടാക്കിയില്ല.
32 വർഷക്കാലം ശിക്ഷ കാത്ത് ജയിലിൽ കഴിയുകയായിരുന്ന ക്രിസ്റ്റ പൈക്കിന് രണ്ട് തവണ വധശിക്ഷയ്ക്കുള്ള പെന്റോബാർബിറ്റാൾ എന്ന മരുന്ന് നൽകിയിട്ടും ബോധം നഷ്ടപ്പെടുകയോ ഹൃദയമിടിപ്പ് നിലയ്ക്കുകയോ ചെയ്തില്ല.
കൊല്ലാനുള്ള മരുന്ന് കുത്തി വച്ചതിനു ശേഷം മുറിയിൽ മരണം കാത്തിരുന്ന ക്രിസ്റ്റ സംസാരിക്കുന്നതും പാടുന്നതും പിന്നീട് കൂർക്കം വലിച്ച് ഉറങ്ങുന്നതും വളരെ ഹൃദയഭേദകമായ കാഴ്ചകളായിരുന്നുവെന്നും 90 മിനിറ്റോളമാണ് അവർ സ്വന്തം മരണം കാത്തിരുന്നതെന്നും പ്രതികരണങ്ങളുണ്ടായിരുന്നു.
എന്താണ് പെന്റോബാർബിറ്റാൾ? എന്തുകൊണ്ട് ക്രിസ്റ്റ മരിച്ചില്ല?
പെന്റോബാർബിറ്റാൾ ബാർബിറ്റ്യൂറേറ്റ് വിഭാഗത്തിൽപ്പെട്ട മരുന്നാണ്. തലച്ചോറിലെയും കേന്ദ്ര നാഡീവ്യവസ്ഥയിലെയും പ്രവർത്തനം കുറയ്ക്കുകയാണ് ഇതിന്റെ പ്രധാന ഫലം. ചില സാഹചര്യങ്ങളിൽ മയക്കത്തിനും അനസ്‌തേഷ്യയ്ക്ക് തയ്യാറാക്കുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്. വെറ്ററിനറി യൂഥനേഷ്യയിലും ഉപയോഗിക്കപ്പെടുന്നു.
വധശിക്ഷാ പ്രോട്ടോക്കോളിൽ ഉപയോഗിക്കുന്ന അളവ് സാധാരണ മെഡിക്കൽ ഉപയോഗത്തിലുള്ള അളവുകളേക്കാൾ വളരെ കൂടുതലാണ്. ലക്ഷ്യം കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവർത്തനം അത്യന്തം ശക്തമായി അടിച്ചമർത്തുക എന്നതാണ്.
കേന്ദ്ര നാഡീവ്യവസ്ഥയുടെ പ്രവർത്തനം വളരെ കൂടുതലായി കുറയുമ്പോൾ ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്ന സംവിധാനവും ബാധിക്കാം. ഗുരുതരമായ സാഹചര്യത്തിൽ ശ്വാസം നിലയ്ക്കുന്നതിലേക്കും തുടർന്ന് ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിലേക്കും ഇത് നയിക്കാം.
ടെന്നസിയുടെ വധശിക്ഷാ പ്രോട്ടോക്കോളിൽ ആദ്യ ഡോസിന് ശേഷം വ്യക്തി മരിച്ചിട്ടില്ലെങ്കിൽ രണ്ടാമത്തെ ഡോസ് നൽകുന്നതിനുള്ള വ്യവസ്ഥയുണ്ട്. പൈക്കിന്റെ കേസിൽ രണ്ടാമത്തെ ഡോസിന് ശേഷവും അവർ ജീവനോടെ തുടരുകയായിരുന്നു.
വധശിക്ഷയ്ക്കായി പെന്റോബാർബിറ്റൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് നേരത്തെയും വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. മരുന്ന് ഉപയോഗിക്കുമ്പോൾ അനാവശ്യമായ വേദനയോ കഷ്ടപ്പാടുകളോ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ചില വിദഗ്ധരും ആശങ്ക ഉന്നയിച്ചിട്ടുണ്ട്. മരുന്ന് വളരെ വേഗത്തിൽ അബോധാവസ്ഥയിലേക്ക് എത്തിക്കുമെന്ന് വാദിക്കുന്നവരുമുണ്ട്.
1995-ൽ, തന്റെ 18-ാം വയസ്സിൽ സഹപാഠിയായ കൊളീൻ സ്ലെമ്മറെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് കോടതി വധശിക്ഷ വിധിച്ചത്. നോക്സ്‌വില്ലിലെ ജോബ് കോർപ്സ് പരിശീലന കേന്ദ്രത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തന്റെ 17 വയസ്സുകാരനായ കാമുകൻ ടാഡാരിൽ ഷിപ്പിനെ തട്ടിയെടുക്കാൻ 19 വയസ്സുള്ള കോളിൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കഴിഞ്ഞ 200 വർഷത്തിനിടെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ വനിതയായിരുന്നു ഇവർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates