സമകാലിക മലയാളം ഡെസ്ക്
ഓണം എത്തുമ്പോൾ വീടും ആഘോഷത്തിന്റെ ഭാഗമാകണം. വീടിന് വലിയ മേക്കോവർ നൽകാതെ തന്നെ ചില ചെറിയ മാറ്റങ്ങളിലൂടെ ഓണത്തിന്റെ പാരമ്പര്യഭംഗി വീട്ടിലേക്കെത്തിക്കാം.
ഓണത്തിന്റെ അലങ്കാരങ്ങളിൽ പ്രധാനമാണ് പൂക്കളം. മഹാബലിയെ വരവേൽക്കുന്നതിനായി വീടിന്റെ പ്രവേശനകവാടത്തിൽ ഒരുക്കുന്ന പൂക്കളത്തിന് വലിയ ഡിസൈൻ തന്നെ വേണമെന്നില്ല. ലളിതമായ പൂക്കളവും മനോഹരമാണ്. സ്ഥലപരിമിതിയുള്ളവർക്ക് വാതിൽപ്പടിയിലോ ചെറിയ ട്രേയിലോ മിനി പൂക്കളം ഒരുക്കാം.
പൂക്കളം വീടിന് പുറത്തുമാത്രം ഒതുക്കേണ്ടതില്ല. സ്വീകരണമുറിയിലെ മേശയിൽ പുതിയ പൂക്കളുള്ള ഒരു വേസ് വെയ്ക്കാം. പ്രവേശന കവാടത്തിനരികിലോ സ്വീകരണമുറിയുടെ മൂലയിലോ ഒരു നിലവിളക്ക് സ്ഥാപിക്കാം.
ഓണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ഓണസദ്യ. അതുകൊണ്ട് സദ്യ വിളമ്പുന്ന മേശയ്ക്കും അല്പം ശ്രദ്ധ നൽകാം. വാഴയിലയിൽ സദ്യ വിളമ്പുന്നതിനൊപ്പം മേശയിൽ ഒരു ടേബിൾ റണ്ണർ, പൂക്കൾ, ചെറിയ വിളക്ക് എന്നിവ വെയ്ക്കാം. കൈത്തറി അല്ലെങ്കിൽ ബ്ലോക്ക് പ്രിന്റ് ചെയ്ത ടേബിൾ റണ്ണറുകളും ടേബിൾ കവറുകളും മേശയ്ക്ക് കൂടുതൽ നിറവും ഭംഗിയും നൽകും
വീടിന്റെ സജീകരണങ്ങളിൽ ലൈറ്റിങ്ങിനും വലിയ പങ്കുണ്ട്. ശക്തമായ വെള്ള ലൈറ്റുകൾക്ക് പകരം മൃദുവായ വാം ലൈറ്റ് ഉപയോഗിക്കാം. സ്വീകരണമുറിയിലെ ഒരു കോണിൽ ടേബിൾ ലാമ്പ്, പ്രവേശനകവാടത്തിന് സമീപം ചെറിയ ദീപങ്ങൾ, ഒപ്പം തെളിച്ചമുള്ള നിലവിളക്ക് എന്നിവ ചേർന്നാൽ വീട്ടിൽ കൂടുതൽ മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കാം.
ഓണത്തിനായി പുതിയ ഫർണിച്ചറുകളോ വലിയ അലങ്കാരങ്ങളോ വാങ്ങേണ്ട ആവശ്യമില്ല. പൂക്കളം, സദ്യയ്ക്കുള്ള മേശ, നിലവിളക്ക്, മൃദുവായ ലൈറ്റിങ് തുടങ്ങിയ ഘടകങ്ങളിൽ ശ്രദ്ധിച്ചാൽ തന്നെ വീടിന് ഉത്സവഭാവം നൽകാം.
മഹാബലി ഓരോ മലയാളി വീടും സന്ദർശിക്കുമെന്ന വിശ്വാസമാണ് ഓണത്തിന്റെ പ്രധാന സങ്കൽപ്പങ്ങളിലൊന്ന്. അതുകൊണ്ട് ഓണം അലങ്കാരം അതിഥികളെ ആകർഷിക്കാനുള്ള ഒരുക്കം മാത്രമല്ല, മഹാബലിയെ സ്നേഹത്തോടെ വരവേൽക്കാനുള്ള ഒരുക്കം കൂടിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates