അഞ്ജു സി വിനോദ്
പ്രായമാകുമ്പോൾ വീട്ടിൽ ഒതുങ്ങിക്കൂടണമെന്ന രീതിയൊക്കെ മാറി. കേരളത്തിലെ ആകെ മൊത്തം ജനസംഖ്യ പരിശോധിച്ചാല്‍ അതില്‍ 16.5 ശതമാനം വൃദ്ധജനങ്ങളാണ്. ഇന്ത്യയിലെ ഉയര്‍ന്ന ശതമാനക്കണക്കാണിത്. എന്നാൽ മറ്റ് രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റം വർധിച്ചതോടെ സംസ്ഥാനത്ത് പ്രായമായ മാതാപിതാക്കൾ ഒറ്റയ്ക്കുള്ള വീടുകളുടെ എണ്ണം കൂടി.
മക്കളെയും കൊച്ചുമക്കളെയും ആശ്രയിക്കുക എന്ന രീതി മാറി, സ്വയം പര്യാപ്തരാവുക എന്ന വ്യവസ്ഥയിലേക്ക് പ്രായമായവർ എത്തി. ഇത് ചിലരിൽ അസ്വസ്ഥതയും ഏകാന്തതയും ഉണ്ടാക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തിൽ, ആരോഗ്യകരമായ വാർദ്ധക്യം പ്രാപിക്കാന്‍ ചില കഴിവുകള്‍ വികസിപ്പിച്ചെടുക്കേണ്ടതായിട്ടുണ്ട്.
രണ്ടാം ഇന്നിങ്സ്
വാർദ്ധക്യത്തോടെ എല്ലാം അവസാനിച്ചുവെന്നല്ല, ആ ഘട്ടത്തെ ഒരു രണ്ടാം ഇന്നിങ്സ് ആയി കണ്ട് വെല്ലുവിളികളെ ചെറുക്കാം. വാർദ്ധക്യത്തിൽ നേരിടാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ തീർച്ചയായും ആശങ്കാജനകമാണ്. ചലനശേഷി സംബന്ധമായ പ്രശ്നങ്ങൾ, ഓർമക്കുറവ്, വിഷാദരോഗം തുടങ്ങിയ പല പ്രശ്നങ്ങളും അലട്ടിയേക്കാം.
ഇത്തരം പ്രശ്നങ്ങൾക്ക് പ്രൊഫഷണൽ സഹായവും സാമൂഹിക പിന്തുണയും തേടുക. വീഴ്ചകളും പരിക്കുകളും ഒഴിവാക്കുന്നതിന് സുരക്ഷാ രീതികൾ പരിശീലിക്കുക. മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നടപടികൾ സ്വീകരിക്കാം.
സ്വയം പരിചരണം
ആരോഗ്യകരമായ വാർദ്ധക്യം പ്രാപിക്കുന്നതിന് ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണം പ്രധാനമാണ്. പതിവായി ആരോഗ്യ പരിശോധനകൾ നടത്തുക, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം അല്ലെങ്കിൽ നടത്തം, മതിയായ ഉറക്കം എന്നിവ പ്രധാനമാണ്. മെഡിറ്റേഷൻ പോലുള്ള പരിശീലനങ്ങൾ മനസിനെ ശാന്തമാക്കാൻ സഹായിക്കുന്നു.
ആശ്രിതത്വം
അപ്പനെയും അമ്മയെയും പരിചരിക്കേണ്ടത് മക്കളുടെ കടമയെന്നാണ് പണ്ട് കാലം മുതൽ നമ്മൾ കേട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇരുഭാഗത്ത് നിന്നും നിരവധി പരാതികളും ഉയരാൻ സാധ്യതയുണ്ട്.
ആരെയും ആശ്രയിക്കാതെയിരിക്കാനുള്ള ഊർജ്ജമുണ്ടെങ്കിൽ സ്വയം കാര്യങ്ങൾ ചെയ്യാൻ ധൈര്യപ്പെടുക. ചലനശേഷി അനുവദിക്കുന്നിടത്തോളം, ആശ്രിതത്വത്തിൽ നിന്ന് സ്വയംഭരണത്തിലേക്ക് മാറുന്ന ഒരു മാനസികാവസ്ഥ പുതിയ ലോകത്തിലെ മുതിർന്നവർ വികസിപ്പിക്കേണ്ടതുണ്ട്.
ഏകാന്തത
വാർദ്ധക്യത്തിൽ ഏകാന്തത നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് വിഷാദത്തിലേക്ക് വരെ തള്ളിയിടാം. മക്കൾ തൊഴിൽ ആവശ്യത്തിന് വേണ്ടി മറ്റ് ഇടങ്ങളിലേക്ക് പോകുമ്പോൾ മാതാപിതാക്കൾക്കോ, പങ്കാളി മരിച്ചു പോകുമ്പോഴോ ഉണ്ടാകുന്ന നെസ്റ്റ് സിൻഡ്രോം മൂലവും ഏകാന്തത-വിഷാദ ലക്ഷണങ്ങൾ പ്രകടിപ്പിക്കാം.
ആളുകൾ അവരുടെ കൊക്കൂണിലേക്ക് ചുരുങ്ങുന്നതിന്റെ പ്രശ്നമാണിത്. സാമൂഹിക ബന്ധങ്ങളിലെ ആലസ്യവും സങ്കോചവും ഒറ്റപ്പെടലിനെ വളർത്തുന്നു. തൃപ്തികരമായ ദൈനംദിന ദിനചര്യകളും സാമൂഹിക ബന്ധങ്ങളുമുള്ള പ്രായമായവരാണ് ഏറ്റവും സന്തുഷ്ടരെന്ന് ശ്രദ്ധിക്കുക.
അധികാരം ഉപേക്ഷിക്കുക
കുടുംബത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടത് താനാണെന്ന് ശഠിക്കുന്ന പ്രായമായവർ ഇപ്പോഴുമുണ്ട്. ഇത് മക്കളുമായി സംഘർഷത്തിന് കാരണമാകുന്നു. അധികാരം കൈമാറ്റം നിങ്ങളെ ദുർബലരാക്കില്ല, മറിച്ച് കൂടുതൽ സ്വതന്ത്രരാക്കുന്നു. കേൾക്കാനുള്ള ഇടവും പങ്കാളിത്ത തീരുമാനങ്ങൾക്കുള്ള തുറന്ന മനസ്സും സൃഷ്ടിക്കണം.
ഡിജിറ്റൽ യുഗം
നാടോടുമ്പോള്‍ നടുവേ ഓടണമെന്ന് കേട്ടിട്ടില്ലേ.., ഡിജിറ്റൽ ഉപകരണങ്ങൾ വാഴുന്ന ഇക്കാലത്ത്, ജീവിതം കൂടുതൽ എളുപ്പവും സ്വയംപര്യാപ്തവുമാക്കുന്നതിന് അവ ഉപയോഗിക്കുന്നതിനുള്ള അടിസ്ഥാന കഴിവുകൾ നേടേണ്ടത് അത്യാവശ്യമാണ്. ബന്ധുക്കളുമായി ബന്ധം നിലനിർത്താൻ പുതിയ ആശയവിനിമയ മാർഗങ്ങൾ ഉപയോഗിക്കുക.