സമകാലിക മലയാളം ഡെസ്ക്
ഔദ്യോഗിക വേഷത്തിന്റെ ഭാഗമായി പലരും ദിവസവും ധരിക്കുന്ന നെക്‌ടൈ ഇറുകിയ രീതിയിൽ ടൈ കെട്ടുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തെയും കണ്ണിലെ മർദത്തെയും ബാധിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
നെക്‌ടൈ കെട്ടുന്നതിലൂടെ 7.5 ശതമാനം വരെ രക്തയോട്ടം കുറയാം എന്നാണ് റിപ്പോർട്ട്.
2018ൽ ജർമൻ ഗവേഷകർ നടത്തിയ പഠനത്തിലാണ് നെക്‌ടൈയും തലച്ചോറിലേക്കുള്ള രക്തയോട്ടവും തമ്മിലുള്ള ബന്ധം പരിശോധിച്ചത്. 30 പുരുഷന്മാരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്.
തലച്ചോറിലേക്കുള്ള രക്തയോട്ടത്തിലെ ഇത്തരം മാറ്റം ചില സാഹചര്യങ്ങളിൽ തലകറക്കം, ഓക്കാനം, തലവേദന തുടങ്ങിയ അസ്വസ്ഥതകളുമായി ബന്ധപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ 7.5 ശതമാനം കുറവ് സംഭവിക്കുന്നത് എല്ലാവരിലും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് പഠനം തെളിയിച്ചിട്ടില്ല. ശരീരത്തിന് രക്തയോട്ടത്തിലെ ചില മാറ്റങ്ങളെ സ്വാഭാവികമായി നിയന്ത്രിക്കാനുള്ള സംവിധാനങ്ങളുമുണ്ട്.
ടൈയുടെ ഇറുക്കമാണ് പ്രധാന വിഷയം.
കഴുത്തിൽ അമിതമായ സമ്മർദം ഉണ്ടാകുമ്പോൾ കഴുത്തിലെ രക്തക്കുഴലുകളിലെയും മറ്റ് ഘടനകളിലെയും സമ്മർദത്തിൽ മാറ്റമുണ്ടാകാം. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തിലും കണ്ണിലെ മർദത്തിലും താൽക്കാലിക മാറ്റങ്ങൾ സൃഷ്‌ടിക്കും.
ടൈ ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
കഴുത്തിൽ വളരെ ഇറുക്കി ടൈ കെട്ടാതിരിക്കുക. അസ്വസ്ഥതയോ അമിത സമ്മർദമോ തോന്നുന്നുണ്ടെങ്കിൽ അഴിച്ചുവെക്കുക. ദീർഘനേരം ധരിക്കേണ്ടി വരുമ്പോൾ ഇടയ്ക്കിടെ കഴുത്തിന് ആശ്വാസം നൽകാം.
നെക്‌ടൈകൾ പലപ്പോഴും മറ്റ് വസ്ത്രങ്ങളെപ്പോലെ പതിവായി കഴുകാറില്ല. അതിനാൽ അവയിൽ ബാക്ടീരിയയും മറ്റ് രോഗാണുക്കളും അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates