എബിസി ജ്യൂസ് ദിവസവും കുടിക്കാമോ?

അഞ്ജു സി വിനോദ്‌

യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു മിറാക്കള്‍ ഡ്രിങ്ക് സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്തായി വൈറലാകുന്നുണ്ട്. നെല്ലിക്കയും കാരറ്റും ബീറ്റ്റൂട്ടുമാണ് പ്രധാന ചേരുവകള്‍. ഈ മിറാക്കിള്‍ ഡ്രിങ്ക് അഥവാ എബിസി ജ്യൂസ് ദിവസവും കുടിച്ചാലുള്ള ഗുണങ്ങള്‍:

അയണ്‍

ഭക്ഷ്യ നൈട്രേറ്റുകളുടെയും ഇരുമ്പിന്റെയും മികച്ച ഉറവിടമാണ് ബീറ്റ്റൂട്ട്. ഇതിനൊപ്പം നെല്ലിക്കയും കാരറ്റും കൂടി ആകുമ്പോള്‍ ചുവന്ന രക്താണുക്കളെ പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ ഓക്സിജന്‍റെ സഞ്ചാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ക്രമേണ വിളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു.

കുടലിന്‍റെ ആരോഗ്യം

നെല്ലിക്കയില്‍ അടങ്ങിയ വിറ്റാമിന്‍ സി ആമാശയത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ആമാശയത്തിലെ പാളിയെ ശാന്തമാക്കുകയും ചെയ്യുന്നു. ഇത് അസിഡിറ്റി ഉള്ളവരില്‍ കൂടുതല്‍ ഫലപ്രദമാണ്. മലബന്ധം കുറയ്ക്കാനും ഇത് സഹായിക്കും.

ചര്‍മത്തിന്‍റെ ആരോഗ്യം

കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ എത്തുമ്പോള്‍ വിറ്റാമിന്‍ എ ആയി മാറുന്നു. മാത്രമല്ല, ബീറ്റ്റൂട്ടിലെ ആന്റിഓക്‌സിഡന്റുകളും നെല്ലിക്കയുടെ കൊളാജൻ വർധിപ്പിക്കുന്ന ഗുണങ്ങളും കൂടിച്ചേരുമ്പോള്‍ ഇത് ചര്‍മസംരക്ഷണത്തിന് മികച്ചതാകുന്നു. ഇത് പിഗ്മെന്‍റേഷന്‍ കുറയ്ക്കുകയും ചര്‍മം കൂടുതല്‍ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

കരളിന്‍റെ ആരോഗ്യം

ഈ മിറാക്കിള് ഡ്രിങ്ക് കരള്‍ എന്‍സൈമുകളെ പ്രോത്സാഹിപ്പിക്കുന്നു. ബീറ്റ്റൂട്ടിൽ ബീറ്റൈൻ അടങ്ങിയിട്ടുണ്ട്, ഇത് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിന് സഹായിക്കും. നെല്ലിക്ക കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നു.

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

കാരറ്റിലും ബീറ്റ്റൂട്ടിലും അടങ്ങിയ ഫോളേറ്റ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ ന്യൂറോ ട്രാൻസ്മിറ്ററുകളെ സന്തുലിതമാക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്നു. ഇത് തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും മാനസികാവസ്ഥ കൂടുതല്‍ വ്യക്തതയുള്ളതാക്കാനും സഹായിക്കുന്നു.

കണ്ണിന്റെ ആരോഗ്യം

വിറ്റാമിൻ എ ധാരാളമായി അടങ്ങിയ കാരറ്റ് കണ്ണിന്‍റെ റെറ്റിനയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. നെല്ലിക്കയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ കണ്ണിന് കൂടുതല്‍ സംരക്ഷണം നല്‍കുന്നു. ഇത് പ്രായവുമായി ബന്ധപ്പെട്ട കണ്ണിന്റെ കേടുപാടുകൾ മന്ദഗതിയിലാക്കാന്‍ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ്

ഇൻസുലിൻ പ്രതികരണത്തെ നിയന്ത്രിക്കാനും പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും നെല്ലിക്ക മികച്ചതാണ്. ബീറ്റ്റൂട്ടിന് മധുരമുണ്ടെങ്കിലും ഗ്ലൈസെമിക് സൂചിക കുറവാണ്. ഇവ ഒരുമിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

മുടിയുടെ ആരോഗ്യം

നെല്ലിക്കില്‍ അടങ്ങിയ ഉയർന്ന അളവിലുള്ള വിറ്റാമിൻ സി, ഇരുമ്പ് എന്നിവ തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ടും കാരറ്റും അടങ്ങിയ സിലിക്ക, ബയോട്ടിൻ സംയുക്തങ്ങള്‍ ആരോഗ്യമുള്ള മുടിയുടെ ഘടനയെ പിന്തുണയ്ക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.