സമകാലിക മലയാളം ഡെസ്ക്
നീട്ടിയെഴുതിയ കണ്ണുകളില്‍ പ്രണയം ഒളിപ്പിച്ച് നിറഞ്ഞ ചിരിയോടെ മലയാളികളുടെ ഹൃദയം കവര്‍ന്ന സ്വപ്‌ന നായിക ജയഭാരതിക്ക് ഇന്ന് 70 വയസ്.
കൊല്ലം തേവള്ളി സ്വദേശിയായ പി ജി ശിവശങ്കരപ്പിള്ളയുടെയും ശാരദയുടേയും മകളായി ജനനം. മാതാപിതാക്കളുടെ വേര്‍പിരിയലിനെ തുടര്‍ന്ന് കുട്ടിക്കാലം തമിഴ്‌നാട്ടിലായിരുന്നു.
13ാം വയസ്സിലാണ് അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. ശശികുമാറിന്റെ പെണ്‍മക്കളായിരുന്നു ആദ്യ ചിത്രം. ജയഭാരതിയെ കണ്ട് പ്രേം നസീര്‍ ചോദിച്ചത് ഇത്ര ചെറിയ പെണ്‍കുട്ടിയെ സിനിമയിലെടുക്കണോ എന്നാണ്.
പി ഭാസ്‌കരന്റെ കാട്ടുകുരങ്ങാണ് ജയഭാരതിയെ താരപരിവേഷത്തിലേക്ക് എത്തിക്കുന്നത്.
പിന്നീട് ജയഭാരതി സിനിമയില്‍ നിറയുകയായിരുന്നു. ഷീലയ്ക്കും ശാരദയ്ക്കുമൊപ്പം ജയഭാരതി താരറാണി പട്ടം പിടിച്ചു. 19ാം വയസില്‍ 100ാം ചിത്രം താരം പൂര്‍ത്തിയാക്കി.
മലയാളിയായിരുന്നെങ്കിലും ആദ്യകാലത്ത് ജയഭാരതിക്ക് മലയാളം അത്ര വശമുണ്ടായിരുന്നില്ല. ഭാസ്‌കരന്‍ മാഷും സേതുരാമനും ചേര്‍ന്നാണ് ജയഭാരതിയെ മലയാളം പഠിപ്പിച്ചത്.
2002ല്‍ റിലീസ് ചെയ്ത മോഹന്‍ലാലിന്റെ ഒന്നാമനിലാണ് അവസാനമായി അഭിനയിച്ചത്. 22 വര്‍ഷമായി സിനിമയില്‍ സജീവമല്ലെങ്കിലും ജയഭാരതി തീര്‍ത്ത വശ്യസൗന്ദര്യത്തിന്റെ മായാജാലം ഇന്നും അവശേഷിക്കുകയാണ്.