സമകാലിക മലയാളം ഡെസ്ക്
ചില ജീവികൾ സ്വന്തം ശരീരഭാഗങ്ങൾ ഭക്ഷിക്കാറുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
എന്നാൽ നമ്മുടെ ചുറ്റുമുള്ള ചില ജീവികൾ ഈ സ്വഭാവമുള്ളവരാണ്.
അതിജീവനതന്ത്രമായോ ശരീരഭാഗങ്ങളുടെ പുനരുജ്ജീവനത്തിനായുള്ള ഊർജ്ജം ഉത്പാദിപ്പിക്കാനോ അപകടങ്ങളിൽ നിന്നും രക്ഷനേടാനുമാണ് അവ ഇങ്ങനെ ചെയ്യുന്നത്.
സെൽഫ് കാനിബലിസം അഥവാ സ്വയം ഭക്ഷണം എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ആരൊക്കെയാണ് ഇത്തരത്തിൽ സ്വയം ഭക്ഷിക്കുന്നവരെന്ന് നോക്കാം
നീരാളികൾ
നാഡീസംബന്ധമായ തകരാറുകൾ മൂലമോ, ശത്രുക്കളിൽ നിന്നും രക്ഷനേടാനോ, ശരീരത്തിലെ അണുബാധ തടയാനോ നീരാളികൾ സ്വന്തം കൈകൾ ഭക്ഷിക്കാറുണ്ട്. വുൽഗാരിസ് ഇനത്തിൽപ്പെട്ട നീരാളികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്.
പല്ലികൾ
പല്ലികൾ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും അവയുടെ ശ്രദ്ധ തിരിക്കാനായി വാലുകൾ മുറിച്ചു മാറ്റാറുണ്ട്. പിന്നീട് കൊഴുപ്പ്, പോഷകങ്ങൾ, കാൽസ്യം എന്നിവ വീണ്ടെടുക്കുന്നതിനായി മുറിഞ്ഞുപോയ സ്വന്തം വാല് ഭക്ഷിക്കുന്നു.
ചിലന്തികൾ
ചില ചിലന്തി വർഗങ്ങളിലുള്ള അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്കായി സ്വന്തം ജീവന്‍ ത്യജിക്കുന്നു. മുട്ടകൾ വിരിഞ്ഞശേഷം കുഞ്ഞുങ്ങൾ അമ്മയുടെ ദ്രാവക രൂപത്തിലുള്ള ശരീരം ഭക്ഷിക്കുന്നു. ഇത് വഴി അവയ്ക്ക് വളർച്ചയുടെ ആദ്യഘട്ടത്തിൽ ആവശ്യമായ പ്രോട്ടീന്‍റെ ഏകദേശം മുപ്പത് ശതമാനം ലഭിക്കുന്നു.
പല ചിലന്തികളും തങ്ങളുടെ പരിക്കേറ്റതും പൊഴിഞ്ഞുപോയതുമായ കാലുകൾ കടിച്ചുതിന്നുന്നു. ഇതിലൂടെ അവയിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകളും ധാതുക്കളും വീണ്ടെടുക്കാൻ സഹായിക്കുന്നു.
ക്രസ്റ്റേഷ്യനുകൾ
ഞണ്ട്, ലോബ്സ്റ്റർ, ചെമ്മീൻ തുടങ്ങിയ പുറംതോടുള്ള ജീവികൾ അഥവാ ക്രസ്റ്റേഷ‍്യനുകൾ സ്വന്തം ശരീരഭാഗങ്ങൾ ആഹാരമാക്കുന്ന രീതി സാധാരണയാണ്. ഇവയുടെ പുറന്തോട് പൊഴിച്ചാലുടൻ അതിലടങ്ങിയിരിക്കുന്ന കാൽസ്യവും മറ്റ് ധാതുക്കളും വീണ്ടെടുക്കുന്നതിനായാണ് അവ അത് ഭക്ഷിക്കുന്നത്.
പാമ്പുകൾ
പാമ്പുകളിൽ ഈ പ്രതിഭാസത്തെ ഒറോബോറോസ് എന്ന് വിളിക്കുന്നു. വളരെ അപൂർവ്വമായ ഈ സ്വഭാവം വളർത്തുന്ന പാമ്പുകളിൽ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചില സന്ദർഭങ്ങളിൽ സമ്മർദ്ദത്തിന് അടിമപ്പെട്ട് അവയുടെ മസ്തിഷ്കം കൃത്യമായി പ്രവർത്തിക്കാതിരിക്കുകയും സ്വന്തം വാലിനെ ഇരയാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates