അഞ്ജു സി വിനോദ്
'ഒന്നേ ഉള്ളങ്കിലും ഉലക്ക കൊണ്ട് അടിച്ചു വളര്‍ത്തണം'- കുട്ടികള്‍ക്ക് അച്ചടകമുണ്ടാകാന്‍ വടിയും ശാസനയുമാണ് മികച്ച മാര്‍ഗമെന്ന് കരുതുന്ന മാതാപിതാക്കള്‍ ഇന്നുമുണ്ട്. എന്നാല്‍ കുട്ടികളെ അമിതമായി ശാസിക്കുന്നത് അവരുടെ മാനസികാവസ്ഥയെ പലരീതിയില്‍ ബാധിക്കാം.
കുട്ടികളുടെ വളര്‍ച്ച ഘട്ടങ്ങളില്‍ വാശിയും ദേഷ്യവും കുസൃതിയുമൊക്കെ സ്വാഭാവികമാണ്. പഠനക്കാര്യത്തില്‍ എല്ലാ കുട്ടികളും ഒരുപോലെ മികവു കാണിക്കണമെന്നുമില്ല. അതു മനസിലാക്കാതെ ചെറിയ വീഴ്ചകള്‍ക്കള്‍ പോലും അവരെ അമിതമായി വിമര്‍ശിക്കുന്നത് അവരെ മാനസികാമായും ബാധിക്കാം.
ആത്മവിശ്വാസം നഷ്ടപ്പെടുത്താം
മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് നിരന്തരം വിമര്‍ശനം ഉണ്ടാകുന്നത്, കുട്ടികളുടെ ആത്മവിശ്വാസം തകര്‍ക്കാനും ആത്മാഭിമാനം, മതിപ്പ് എന്നിവ നഷ്ടപ്പെടാനും കാരണമാകും. കുട്ടികള്‍ കടുത്ത മാനിസിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകാനും താന്‍ ഒന്നിനും കൊള്ളാത്തവനാണെന്നും തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനുള്ള കഴിവില്ലെന്നും വിശ്വസിക്കുന്നു.
ബന്ധങ്ങളില്‍ നിന്ന് അകലം
മാതാപിതാക്കള്‍ അല്ലെങ്കില്‍ മുതിര്‍ന്നവരില്‍ നിന്ന് കുട്ടിക്ക് മാനസികമായി ഉള്ള അടുപ്പം കുറയാന്‍ അമിതമായി ശാസിക്കുന്നത് കാരണമാകുന്നു. കുട്ടികളെ ഇത് കടുത്ത ഒറ്റപ്പെടലുകളിലേക്ക് തള്ളിവിടാം.
ബന്ധങ്ങള്‍ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട്
അമിതമായി വിമര്‍ശനത്തിന് വിധേയമാകുന്ന കുട്ടികള്‍ മറ്റുള്ളവരുമായി ആരോഗ്യകരമായ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ പരാജയപ്പെടാം. അടുപ്പവും വിശ്വാസവും ഇത്തരം കുട്ടികളില്‍ കുറവായിരിക്കും.
തോല്‍ക്കുമെന്ന ഭയം
വിമര്‍ശനങ്ങള്‍ അമിതമാകുമ്പോള്‍ കുട്ടികളില്‍ അനാവശ്യമായ പേടി രൂപപ്പെടുകയും തെറ്റുകള്‍ ഉണ്ടാകുന്നതില്‍ ഭയപ്പെടുകയും ചെയ്യുന്നു. ഇത് കുട്ടികളില്‍ ഉത്കണ്ഠ, വിഷാദം, തുടങ്ങിയ മറ്റ് മാനസികപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂട്ടുമെന്ന് പഠനങ്ങള്‍ പറയുന്നു.
ധിക്കാരം
ചില കുട്ടികള്‍ മാതാപിതാക്കള്‍ അമിതമായി ശാസിക്കുന്ന രീതികളോട് ധിക്കാരപരമായോ ആക്രമണാസക്തമായോ പ്രതികരിക്കാം. അവരുടെ സ്വഭാവരൂപീകരണത്തിലും ഇതൊരു ഘടകമാകും.
കുട്ടികളെ അമിതമായി വിമര്‍ശിക്കുക അല്ലെങ്കില്‍ ശാസിക്കുക എന്ന രീതിയെക്കാള്‍ അവരോട് തുറന്ന് ആശയവിനമയം നടത്തുകയും അവരുടെ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കുമുള്ള ഇടം നല്‍കുകയും വേണം. സഹാനുഭൂതിയോടെയുള്ള പെരുമാറ്റം കുട്ടികളില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കും.