സമകാലിക മലയാളം ഡെസ്ക്
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഒട്ടുമിക്ക ഇലക്ട്രോണിക് ഉപകരണങ്ങളും പ്ലഗ് ചെയ്തു തന്നെ വെക്കുന്നവരാണ് നമ്മൾ.
ഇങ്ങനെ ചെയ്യുമ്പോൾ ചില ഉപകരണങ്ങളെങ്കിലും അമിതമായി ചൂടാകാനും വൈദ്യുതി പാഴാക്കാനും ഒടുവിൽ വലിയ അപകടങ്ങൾക്കും കാരണമായേക്കാം.
നിങ്ങളുടെ പണം ലാഭിക്കാനും വീടിന്റെ സുരക്ഷ ഉറപ്പാക്കാനും രാത്രിയിൽ പ്ലഗ് ചെയ്ത് വെക്കുന്നത് നിർബന്ധമായും ഒഴിവാക്കേണ്ട ചില ഉപകരണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മുടി സ്റ്റൈൽ ചെയ്യുന്ന ഉപകരണങ്ങൾ
ഹെയർ ഡ്രയറുകൾ, ഫ്ലാറ്റ് അയേണുകൾ, കേളിങ് അയേണുകൾ എന്നിവ വളരെ വേഗത്തിൽ ഉയർന്ന താപനിലയിൽ എത്തുന്നവയാണ്. ഇവ രാത്രി മുഴുവൻ പ്ലഗ് ചെയ്ത് വെക്കുമ്പോൾ എന്തെങ്കിലും തകരാറുകൾ ഉണ്ടായാൽ അമിതമായി ചൂടാകാൻ സാധ്യതയുണ്ട്.
ഇവ ടവലിന്റെ മുകളിലോ മറ്റ് പ്രതലങ്ങളിലോ വെക്കുന്നത് പെട്ടെന്ന് തീപിടുത്തത്തിന് കാരണമായേക്കാം.
വിനോദ ഉപകരണങ്ങൾ
ടിവി, ഗെയിം കൺസോളുകൾ, കേബിൾ ബോക്സുകൾ എന്നിവ ഒരിക്കലും പൂർണമായി ഓഫ് ചെയ്യാറില്ല. ഇവ എപ്പോഴും ഒരു സ്റ്റാൻഡ്‌ബൈ മോഡിലായിരിക്കും പ്രവർത്തിക്കുന്നത്. ഇത് ഉപകരണങ്ങൾ ചൂടാകാനും വൈദ്യുതി അനാവശ്യമായി പാഴാകാനും കാരണമാകുന്നു.
മഴക്കാലത്തോ മറ്റോ ഉണ്ടാകുന്ന വോൾട്ടേജ് വ്യതിയാനങ്ങൾ ഇത്തരം ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്താനും സാധ്യതയുണ്ട്.
സ്മാർട്ട്ഫോണുകളും കമ്പ്യൂട്ടറുകളും
ബാറ്ററി 100% ചാർജ് ആയിക്കഴിഞ്ഞാലും ഫോണുകളും ലാപ്ടോപ്പുകളും ചെറിയ തോതിൽ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കും. തുടർച്ചയായുള്ള ഈ ചാർജിങ് ബാറ്ററിയുടെ ചൂട് വർധിപ്പിക്കുകയും ലിഥിയം-അയൺ ബാറ്ററികളുടെ ആയുസ് കുറയ്ക്കുകയും ചെയ്യുന്നു.
കിടക്കയിലോ തലയിണയ്ക്കടിയിലോ വെച്ച് ചാർജ് ചെയ്യുന്നത് ചൂട് പുറത്തുപോകാൻ അനുവദിക്കാത്തതിനാൽ അപകടസാധ്യത വളരെ കൂടുതലാണ്.
അടുക്കള ഉപകരണങ്ങൾ
കോഫി മേക്കറുകൾ, ടോസ്റ്ററുകൾ, ഇലക്ട്രിക് കെറ്റിലുകൾ തുടങ്ങിയ ഉപകരണങ്ങളിലെ ഹീറ്റിങ് ഘടകങ്ങളിൽ ചെറിയ തകരാറുകൾ ഉണ്ടായാൽ പോലും അപകടം സംഭവിക്കാം. രാത്രി മുഴുവൻ പ്ലഗ് ചെയ്ത് വെക്കുമ്പോൾ ഇവ അമിതമായി ചൂടാകാനും തീപിടിക്കാനും സാധ്യതയുണ്ട്.
ഉപയോഗം കഴിഞ്ഞയുടനെ ഇവ പ്ലഗ് ഊരി വെക്കുന്നത് ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ഇലക്ട്രിക് ഹീറ്ററുകൾ
തണുപ്പുകാലത്ത് വീടുകളിൽ ഉപയോഗിക്കുന്ന പോർട്ടബിൾ ഹീറ്ററുകൾ തീപിടിത്തങ്ങൾക്ക് ഒരു പ്രധാന കാരണമാകാറുണ്ട്. കിടക്കകൾക്കോ ഫർണിച്ചറുകൾക്കോ സമീപം വെച്ച് ഇത് പ്രവർത്തിപ്പിക്കുന്നത് അപകടമാണ്.
രാത്രി മുഴുവൻ ഇത് പ്രവർത്തിക്കാൻ അനുവദിക്കുന്നത് ഉപകരണങ്ങൾ അമിതമായി ചൂടാകുന്നതിനും തീപിടിക്കുന്നതിനും കാരണമാകും. ഉറങ്ങുന്നതിന് മുൻപായി തീർച്ചയായും ഹീറ്ററുകൾ ഓഫ് ചെയ്യുകയും പ്ലഗ് ഊരി വെക്കുകയും വേണം.
ലിഥിയം ബാറ്ററി ഉപകരണങ്ങൾ
കോർഡ്‌ലെസ്സ് വാക്വം ക്ലീനറുകൾ, ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ, പവർ ടൂളുകൾ തുടങ്ങിയ ലിഥിയം-അയൺ ബാറ്ററികൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അമിതമായി ചാർജ് ചെയ്യുന്നത് ബാറ്ററികൾ വീർക്കുന്നതിനും ചിലപ്പോൾ തീപിടിക്കുന്നതിനും കാരണമാകും.
ബാറ്ററി പൂർണമായും ചാർജ് ആയിക്കഴിഞ്ഞാൽ ഇവ പ്ലഗ് ഊരി വെക്കേണ്ടത് അത്യാവശ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates