സമകാലിക മലയാളം ഡെസ്ക്
വീടും അടുക്കളയും തറയും ബാത്ത്റൂമും വൃത്തിയാക്കും. പക്ഷേ ഈ സാധനങ്ങളുടെ കാര്യമോ? ദിവസവും ഉപയോഗിക്കുന്ന പല വീട്ടുപകരണങ്ങളും വൃത്തിയാക്കൽ പട്ടികയിൽ നിന്ന് പലപ്പോഴും ഒഴിവാകാറുണ്ട്. പതിവായി മറന്നുപോകുന്ന എട്ട് വീട്ടുപകരണങ്ങളും അവ വൃത്തിയാക്കേണ്ട രീതികളും പരിചയപ്പെടാം
ഫ്രിഡ്ജിന്റെ കോയിലുകൾ
ഫ്രിഡ്ജിന്റെ പിന്നിലോ ഗ്രില്ലിനുള്ളിലോ ഉള്ള കോയിലുകൾ പലരും ശ്രദ്ധിക്കാറില്ല. എന്നാൽ കാലക്രമേണ പൊടിയും മാലിന്യങ്ങളും ഇവിടെ അടിഞ്ഞുകൂടാം. വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടെങ്കിൽ പൊടി അടിയാനുള്ള സാധ്യത കൂടുതലാണ്.
കോയിലുകളിൽ അഴുക്ക് കൂടുന്നത് ഫ്രിഡ്ജിന്റെ പ്രവർത്തനക്ഷമത കുറയ്ക്കുകയും വൈദ്യുതി ഉപയോഗം കൂട്ടുകയും ചെയ്യും. ആറ് മാസത്തിലൊരിക്കൽ ഇവ വൃത്തിയാക്കുന്നത് നന്നായിരിക്കുമെന്നാണ് വിദഗ്ധ നിർദേശം. വൃത്തിയാക്കുന്നതിന് മുമ്പ് ഉപകരണം ഓഫ് ചെയ്യുകയും മാനുവലിലെ നിർദേശങ്ങൾ പരിശോധിക്കുകയും വേണം.
ചവറ്റുകുട്ട
ചവറ്റുകുട്ടയിൽ പുതിയ കവർ ഇടുന്നതുകൊണ്ട് മാത്രം അത് വൃത്തിയായെന്ന് കരുതരുത്. ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും ബിന്നിനുള്ളിൽ അവശേഷിക്കാം. മാസത്തിലൊരിക്കലെങ്കിലും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ചവറ്റുകുട്ട നന്നായി കഴുകണമെന്ന് ക്ലീനിങ് വിദഗ്ധർ നിർദേശിക്കുന്നു. വലിയ കുടുംബങ്ങളിൽ കൂടുതൽ ഇടയ്ക്കിടെ വൃത്തിയാക്കേണ്ടിവരും. കഴുകിയ ശേഷം അണുനാശിനി ഉപയോഗിക്കുകയും പൂർണമായി ഉണക്കിയശേഷം മാത്രം പുതിയ കവർ ഇടുകയും ചെയ്യാം.
ഷവർ ഡോർ ട്രാക്ക്
ബാത്ത്റൂം വൃത്തിയാക്കുമ്പോൾ ഷവർ ഡോറിന്റെ ഗ്ലാസ് തുടയ്ക്കും. എന്നാൽ ഡോർ നീങ്ങുന്ന താഴത്തെ ട്രാക്ക് പലപ്പോഴും അവഗണിക്കും. ഇവിടെ സോപ്പിന്റെ അവശിഷ്ടങ്ങളും അഴുക്കും അടിഞ്ഞുകൂടാം. ചൂടുവെള്ളം, വിനാഗിരി എന്നിവ ഉപയോഗിച്ച് ഇവ വൃത്തിയാക്കാം. തുടർന്ന് ബേക്കിങ് സോഡ ഉപയോഗിച്ച് മൃദുവായി തുടയ്ക്കാം. ശക്തമായി ഉരയ്ക്കുന്നത് ഗ്ലാസിൽ പോറലുകൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം.
സിങ്കിലെ ‘ഗാർബേജ് ഡിസ്പോസൽ’
അടുക്കളയിലെ ഗാർബേജ് ഡിസ്പോസൽ സംവിധാനവും വൃത്തിയാക്കേണ്ടതുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നത് ദുർഗന്ധത്തിനും ബാക്ടീരിയ വളർച്ചയ്ക്കും കാരണമാകാം. റബർ ഫ്ലാപ്പുകൾ ഡിഷ് സോപ്പും ബ്രഷും ഉപയോഗിച്ച് വൃത്തിയാക്കാം. വിനാഗിരി ഐസ് ക്യൂബുകൾ ഉപയോഗിച്ച് ബ്ലേഡുകൾ വൃത്തിയാക്കാനും തുടർന്ന് ബേക്കിങ് സോഡ ഉപയോഗിച്ച് ദുർഗന്ധം കുറയ്ക്കാനും കഴിയും. അവസാനം തണുത്ത വെള്ളം കുറച്ചുസമയം ഒഴുക്കുന്നതും സഹായകമാകും.
ഡ്രയർ വെന്റ്
വസ്ത്രങ്ങൾ ഉണക്കുന്ന ഡ്രയറിലെ ലിന്റ് ഫിൽട്ടർ വൃത്തിയാക്കുന്നവർ ഏറെയാണ്. എന്നാൽ അതിനപ്പുറമുള്ള വെന്റിൽ ലിന്റും പൊടിയും അടിഞ്ഞുകൂടുന്നത് ശ്രദ്ധിക്കാറില്ല. വർഷത്തിൽ ഒരിക്കലെങ്കിലും ഡ്രയർ വെന്റ് നന്നായി വൃത്തിയാക്കണം. വെന്റിൽ അടിഞ്ഞുകൂടുന്ന ലിന്റ് വായുപ്രവാഹം തടസ്സപ്പെടുത്തുകയും ഡ്രയറിന്റെ കാര്യക്ഷമത കുറയ്ക്കുകയും തീപിടിത്ത സാധ്യത വർധിപ്പിക്കുകയും ചെയ്യാം. സങ്കീർണമായ ക്ലീനിങ്ങിന് പ്രൊഫഷണൽ സഹായം തേടുന്നതാണ് സുരക്ഷിതം.
ഡിഷ് വാഷർ
പാത്രങ്ങൾ വൃത്തിയാക്കുന്ന ഡിഷ് വാഷർ തന്നെ വൃത്തിയാക്കേണ്ടതുണ്ട്. ഫിൽട്ടറിൽ ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടാം. ഫിൽട്ടർ മാസത്തിലൊരിക്കൽ പരിശോധിച്ച് വൃത്തിയാക്കുന്നത് നല്ലതാണ്. ഫിൽട്ടർ നീക്കം ചെയ്യുന്നതിന് മുമ്പ് ഉപകരണത്തിന്റെ മാനുവലിലെ നിർദേശങ്ങൾ പരിശോധിക്കണം. വാതിലിന്റെ അരികിലുള്ള റബർ സീലുകളും സോപ്പ് ഡിസ്പെൻസറും ഉൾപ്പെടെ വൃത്തിയാക്കണമെന്നും വിദഗ്ധർ പറയുന്നു.
ടിവിയും റിമോട്ടും
ടിവിയിലെ പൊടി വെന്റുകളിലും സ്പീക്കറുകളിലും ചെറിയ വിടവുകളിലും അടിഞ്ഞുകൂടാം. എന്നാൽ വൃത്തിയാക്കുമ്പോൾ സ്ക്രീനിൽ നേരിട്ട് ക്ലീനിങ് ലിക്വിഡ് സ്പ്രേ ചെയ്യരുത്. പകരം അനുയോജ്യമായ മൈക്രോഫൈബർ തുണിയിൽ ക്ലീനർ പുരട്ടി ഉപയോഗിക്കുകയാണ് സുരക്ഷിതം. അതേസമയം, വീട്ടിലെ എല്ലാവരും കൈകാര്യം ചെയ്യുന്ന റിമോട്ട് കൺട്രോളും വൃത്തിയാക്കാൻ മറക്കരുത്.
ഫ്രിഡ്ജ്
ഫ്രിഡ്ജിന്റെ പുറത്തു മാത്രം വൃത്തിയാക്കിയാൽ പോരാ. ഉള്ളിലെ ഷെൽഫുകൾ, ഡ്രോയറുകൾ, വാതിലിന്റെ ഭാഗങ്ങൾ, റബർ സീലുകൾ എന്നിവയും വൃത്തിയാക്കണം.മാസത്തിലൊരിക്കൽ ഫ്രിഡ്ജ് നന്നായി വൃത്തിയാക്കുന്നത് ശീലമാക്കാം. സാധനങ്ങൾ പുറത്തെടുക്കുമ്പോൾ കാലാവധി കഴിഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ഷെൽഫുകൾ ചൂടുവെള്ളവും ഡിഷ് സോപ്പും ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്യാം. വേഗത്തിൽ കാലാവധി തീരുന്ന സാധനങ്ങൾ മുന്നിൽ വയ്ക്കുന്നത് അവ പാഴാകുന്നത് കുറയ്ക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates