സമകാലിക മലയാളം ഡെസ്ക്
ചായ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കാം; ഈ തെറ്റുകൾ വയറിന്റെ ആരോഗ്യത്തെ ബാധിക്കും
മിക്ക മലയാളികളുടെയും ദിവസം ഒരു കപ്പ് ചായയോടെയാണ് ആരംഭിക്കുന്നത്.
എന്നാൽ ചായ തയ്യാറാക്കുന്ന രീതിയിലെ ചില തെറ്റുകൾ രുചി മാത്രമല്ല, ദഹനാരോഗ്യത്തെയും ബാധിക്കാം.
അതിനാൽ ചായ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം.
വെള്ളം നന്നായി തിളപ്പിക്കാത്തത്
വെള്ളം ചെറുതായി ചൂടാകുമ്പോഴേക്കും ചായപ്പൊടിയും മറ്റും ഇടുന്നത് ചായയുടെ യഥാർഥ രുചി കുറയ്ക്കുകയും ദഹനപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
പകരം വെള്ളം നന്നായി ചൂടാക്കിയതിന് ശേഷം മാത്രം മസാലകളും ചായപ്പൊടിയും ചേർക്കുക. ഇത് മസാലകളുടെ ഗുണങ്ങൾ പൂർണ്ണമായി പുറത്തുവിടാനും ദഹനപ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.
പാലിന്റെ അമിത ഉപയോഗം
നിങ്ങൾ കുടിക്കുന്ന ചായയിൽ വെള്ളത്തേക്കാൾ കൂടുതൽ പാലാണെങ്കിൽ നിങ്ങളുടെ അസിഡിറ്റിയുടേയും നെഞ്ചെരിച്ചിലിന്റേയും പ്രധാന കാരണം ഇതാകാം. പാൽ അമിതമായി ചേർത്ത കട്ടിയുള്ള ചായ ദഹിക്കാൻ പ്രയാസമാണ്. ഇത് വയറ്റിൽ ഗ്യാസ് നിറയാൻ കാരണമാകുന്നു
ചായയിൽ പാലിന്റെ അളവ് കുറയ്ക്കുക എന്നതാണ് ഇതിന് പരിഹാരം. അല്ലെങ്കിൽ ബ്ലാക്ക് ടീ ശീലമാക്കുക.
ചായപ്പൊടി നേരത്തെ ചേർക്കുന്നത്
ചായ ഉണ്ടാക്കാനായി വെള്ളം അടുപ്പില്‍ വെച്ച ഉടന്‍ പഞ്ചസാരയോടുമൊപ്പം ചായപ്പൊടിയും ചേർക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് ശരിയായ രീതിയല്ല. ആദ്യം വെള്ളവും പാലും പഞ്ചസാരയും ചേർത്ത് കുറച്ചു മിനിറ്റ് നന്നായി തിളപ്പിക്കുക. ഇത് പഞ്ചസാര പൂർണ്ണമായി അലിയാനും പാലും വെള്ളവും നന്നായി യോജിക്കാനും സഹായിക്കും. അതിനുശേഷം മാത്രം ചായപ്പൊടി ചേർക്കുക.
ചായപ്പൊടി അമിതമായി തിളപ്പിക്കുന്നത്
ചായപ്പൊടി അമിതമായി തിളപ്പിക്കുന്നത് അസിഡിറ്റി ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. കൂടുതൽ ചായപ്പൊടി ചേർക്കുന്നതും അത് കൂടുതൽ സമയം തിളപ്പിക്കുന്നതും 'ടാനിൻ' എന്ന ഘടകത്തിന്റെ അളവ് കൂട്ടും. ഇത് നിങ്ങളുടെ വയറിന് അസ്വസ്ഥത ഉണ്ടാക്കാം.
ചായപ്പൊടി ആവശ്യത്തിന് മാത്രം ഉപയോഗിക്കുക, ഒപ്പം അത് എറ്റവും ഒടുവിൽ മാത്രം ചേർക്കുക. ചായപ്പൊടി ഇട്ട ശേഷം പാത്രം അടച്ചുവെച്ച് 1-2 മിനിറ്റ് മാത്രം ചെറുതീയിൽ തിളപ്പിക്കുക. ചായയ്ക്ക് നല്ല നിറവും രുചിയും ലഭിക്കാൻ ഇത് മാത്രം മതിയാകും.
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത്
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് ചായപ്പൊടിയിലെ ടാനിന്റെ അളവ് കൂട്ടുകയും ചായയെ കൂടുതൽ അസിഡിറ്റി ഉള്ളതാക്കി മാറ്റുകയും ചെയ്യും. ഇത് ചായയുടെ രുചിയെ മാത്രമല്ല, ദഹനാരോഗ്യത്തെയും സാരമായി ബാധിക്കും.
ഒരു തവണ കുടിക്കാൻ ആവശ്യമുള്ളത്ര ചായ മാത്രം തയ്യാറാക്കുക. ചായ വീണ്ടും വീണ്ടും തിളപ്പിക്കുന്നതും ചൂടാക്കുന്നതും പൂർണ്ണമായി ഒഴിവാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates