അഞ്ജു സി വിനോദ്
ആരോഗ്യകരമായ ഡയറ്റില്‍ ബീറ്റ്റൂട്ട് അനിവാര്യമാണ്. വിറ്റാമിൻ എ, ബി 6, സി, ഫോളേറ്റ്, പൊട്ടാസ്യം, നാരുകൾ, ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്.
ഇത് ദഹനത്തിനും ചര്‍മത്തിനും രോഗപ്രതിരോധശേഷിക്കുമൊക്കെ മികച്ചതാണ്. കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ബീറ്റ്റൂട്ട് മികച്ചതാണ്.
ബീറ്റ്റൂട്ട് ജ്യൂസ് ആയും കറിയായും സാലഡിൽ ചേർത്തുമൊക്കെ ദിവസവും ബീറ്റ്റൂട്ട് ഡയറ്റിൽ ചേർക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. എന്നാൽ ബീറ്റ്റൂട്ടിനുമുണ്ട് ചില സൈഡ് ഇഫക്ട്സ്.
ബീറ്റ്റൂട്ടിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് വർധിപ്പിക്കുകയും കിഡ്നി സ്റ്റോണിന് കാരണമാവുകയും ചെയ്യും. ഓക്‌സലേറ്റ് തരത്തിലുള്ള കിഡ്‌നി സ്റ്റോൺ ഉണ്ടാകാൻ സാധ്യതയുള്ളവർ ബീറ്റ്‌റൂട്ടുകൾ അധികം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ബീറ്റ്റൂട്ട് അലർജി ഉണ്ടാക്കുമെന്ന് നിങ്ങൾ അറിയാമോ? ബീറ്റ വി 1 എന്ന ലിപിഡ് ട്രാൻസ്ഫർ പ്രോട്ടീൻ, പ്രൊഫലിൻ (ബീറ്റ വി 2), ബീറ്റ വി പിആർ -10 തുടങ്ങിയ അലർക്കിക്ക് കാരണമാകുന്ന നിരവധി അലർജി പ്രോട്ടീനുകൾ ബീറ്റ്റൂട്ടിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ബീറ്റ്റൂട്ടിൽ കാർബോഹൈഡ്രേറ്റുകളായ ഫ്രക്ടാനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) അല്ലെങ്കിൽ മറ്റ് ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ പ്രശ്‌നങ്ങൾ ഉള്ളവരിൽ ദഹനക്കേട് ഉണ്ടാക്കാൻ സാധ്യതയുണ്ട്.
ബീറ്റ്റൂട്ടിൽ നൈട്രേറ്റ് കൂടുതലായതിനാൽ അമിതമായി കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും. കൂടാതെ അമിതമായി നൈട്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗർഭിണികളിൽ തലകറക്കം, തലവേദന, ഉർജ്ജക്കുറവ് എന്നിവ അനുഭവപ്പെടാം.