അഞ്ജു
വേനല്‍ക്കാലത്ത് ശരീരം ഒന്ന് തണുപ്പിക്കാന്‍ നാരങ്ങ വെള്ളം ബെസ്റ്റാണ്. കൂളാകാന്‍ മാത്രമല്ല, ഇതില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ദഹനത്തിനും ചര്‍മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
എന്നാല്‍ വാങ്ങിക്കൊണ്ടു വന്ന നാരങ്ങ രണ്ട്-മൂന്ന് ദിവസത്തില്‍ ഉണങ്ങി പോയാലോ? മിക്കയാളുകളും അത് വേയ്സ്റ്റ് ബിന്നിലേക്ക് തള്ളുകയാണ് പതിവ്, എന്നാല്‍ ഇനി അതു വേണ്ട. ഉണങ്ങിയ നാരങ്ങ കൊണ്ട് നിരവധി ഗുണങ്ങളുണ്ട്.
നാരങ്ങ വെള്ളം
ഉണങ്ങിയ നാരങ്ങ കൊണ്ടും ജ്യൂസ് ഉണ്ടാക്കാം. ഉണങ്ങിയ നാരങ്ങ 15-20 ചെറു ചൂടുവെള്ളത്തില്‍ മുക്കിവെച്ച ശേഷം പിഴിഞ്ഞെടുത്ത് ജ്യൂസ് ഉണ്ടാക്കാവുന്നതാണ്.
വൃത്തിയാക്കാന്‍
ഉണങ്ങിയ നാരങ്ങ മുറിച്ച് കഷ്ണമാക്കി വെള്ളത്തില്‍ തിളപ്പിക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ സോഡയും കുറച്ച് ഡിഷ് വാഷിങ് ലിക്വിഡും ചേര്‍ത്ത് ഒരു കുപ്പിയില്‍ സൂക്ഷിക്കാം. അടുക്കളയിലെ സിങ്കും ടൈലുമൊക്കെ വൃത്തിയാക്കാന്‍ ഇത് ഉപയോഗിക്കാം.
ക്ലെൻസർ
ഉണങ്ങിയ നാരങ്ങയുടെ പൾപ്പ് പ്രകൃതിദത്തവുമായ ക്ലെൻസറായി ഉപയോഗിക്കാവുന്നതാണ്. ഇതിലടങ്ങിയ ആസ്ട്രിജന്‍റ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ എണ്ണമയമുള്ള ചർമമുള്ളവര്‍ക്കും മുഖക്കുരുവുള്ളവര്‍ക്കും നല്ലതാണ്.
ഇറച്ചിയും മീനും കഴുകുമ്പോള്‍
ഇറച്ചിയും മീനും കഴുകുമ്പോള്‍ അവയുടെ ദുര്‍ഗന്ധം അകറ്റാന്‍ ഉണങ്ങിയ നാരങ്ങ ഉപയോഗിക്കാവുന്നതാണ്. 15 മിനിറ്റ് നാരങ്ങ വെള്ളത്തിലിട്ടു കുതിര്‍ത്ത ശേഷം ഇറച്ചിയോ മീനോ കഴുകുന്നതിനൊപ്പം ചേര്‍ക്കാം.
ഹെര്‍ബല്‍ ലെമണ്‍ ചായ
ഉണങ്ങിയ നാരങ്ങ ചെറിയ കഷ്ണങ്ങളാക്കി വെയിലത്ത് വെച്ച് നന്നായി ഉണക്കിയ ശേഷം എയര്‍ടൈറ്റായ കുപ്പിയില്‍ അടച്ചു സൂക്ഷിക്കാം. ചായയില്‍ ഉണങ്ങിയ നാരങ്ങ ചേര്‍ക്കുന്നത് ആരോഗ്യത്തിനും രുചിക്കും നല്ലതാണ്.
നാരങ്ങ പൊടി
ഉണങ്ങിയ നാരങ്ങയുടെ കുരു നീക്കിയശേഷം വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടുക്കുക. ശേഷം നന്നായി പൊടിച്ചെടുക്കാം. ഡലാഡുകളിലും നാടന്‍ വിഭവങ്ങളിലും ഇത് ഉപയോഗിക്കുന്നത് വിഭവങ്ങളുടെ രുചി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പ്രാണികളെ അകറ്റാം
ചില കീടങ്ങളെ അകറ്റുന്നതിന് ഉണങ്ങിയ നാരങ്ങ നല്ലെതാണ്. ഉറുമ്പുകളെയും മറ്റ് ചെറിയ പ്രാണികളെയും തടയാൻ വിൻഡോകൾക്കോ വാതിലുകൾക്കോ സമീപം ഉണങ്ങിയ നാരങ്ങ തൊലികൾ വയ്ക്കുക. അനാവശ്യ കീടങ്ങളെ അകറ്റി നിർത്താനുള്ള ഒരു സ്വാഭാവിക മാർഗമാണിത്.