ഇടതുവശം ചെരിഞ്ഞ് ഉറങ്ങി ശീലിക്കാം, ദഹനപ്രശ്നങ്ങൾ പമ്പ കടക്കും

സമകാലിക മലയാളം ഡെസ്ക്

ഓരോരുത്തരും ഉറങ്ങാൻ കിടക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ചിലർക്ക് വശം തിരിഞ്ഞു കിടക്കുന്നതാണ് സുഖകരമെങ്കിൽ മറ്റ് ചിലർക്ക് നേരെ കിടക്കുന്നതാണ് ശീലം. ചിലരാണെങ്കിൽ കമിഴ്ന്നായിരിക്കും കിടക്കുക. ഉറങ്ങുമ്പോൾ ഇങ്ങനെ വ്യത്യസ്ത രീതികളിൽ കിടക്കുന്നത് ശരീരത്തിൽ വ്യത്യസ്ത ഫലങ്ങൾ ഉണ്ടാക്കും.

ഇടതു വശം തിരിഞ്ഞു കിടന്നു ഉറങ്ങുന്ന രീതിയാണ് ആരോ​ഗ്യകരമായ ഉറക്കത്തിന് ഏറ്റവും മികച്ചതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പുറം വേദന, താടിയെല്ല് വേദന, ദഹനക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ ഇത്തരത്തിൽ കിടന്നുശീലിക്കുന്നത് നല്ലതാണ്.

നടുവേദന

കമിഴ്ന്ന് ഉറങ്ങുന്നത് നട്ടെല്ലിന് സമ്മർദ്ദം ഉണ്ടാക്കും. ഇത് വേദനയ്ക്ക് കാരണമാകും. വശത്തേക്ക് ചരിഞ്ഞ് ഉറങ്ങുന്നത് നട്ടെല്ലിനെ സ്വാഭാവികമായി നേരെയാക്കുകയും നട്ടെല്ലിനുള്ള മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

കൂർക്കംവലി

മലർന്ന് കിടന്ന് ഉറങ്ങുന്നത് നാവും അണ്ണാക്കിന്റെ മൃദുവായ മാംസവും പിന്നിലേക്ക് മാറി ശ്വാസനാളത്തെ ഭാഗികമായി മൂടാൻ ഇടയാക്കും. ഇത് കൂർക്കംവലി വർധിപ്പിക്കുന്നതിന് കാരണമാകും. സ്ലീപ് അപ്നിയ ഉള്ളവരിൽ ഇത് സാധാരണമാണ്. എന്നാൽ വശത്തേക്ക് കിടന്ന് ഉറങ്ങുന്നത് ഇത് ഒഴിവാക്കാൻ സഹായിക്കും.

ദഹനം മെച്ചപ്പെടുത്തുക

ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നത് വയറു വീർക്കൽ, മലബന്ധം, നെഞ്ചെരിച്ചിൽ തുടങ്ങിയ ദഹനപ്രശ്നത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കും. ആമാശയം ശരീരത്തിന്റെ ഇടതുവശത്തായതിനാൽ, ആ വശം ചരിഞ്ഞ് കിടക്കുന്നത് ഗുരുത്വാകർഷണബലം ദഹനപ്രക്രിയയെ സഹായിക്കുന്നു.

തലച്ചോറിന്റെ ആരോ​ഗ്യം

ഉറക്കത്തിനിടെ തലച്ചോറ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നു. വശം ചരിഞ്ഞു ഉറങ്ങുന്നത് തലച്ചോറിലെ ഉപാപചയ മാലിന്യങ്ങൾ കൂടുതൽ ഫലപ്രദമായി നീക്കം ചെയ്യാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അൽഷിമേഴ്‌സ് പാർക്കിൻസൺസ്, മറ്റ് മസ്തിഷ്ക രോഗങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കാൻ ഇത് സഹായിച്ചേക്കാം.

മെച്ചപ്പെട്ട രക്തയോട്ടം

ഇടതുവശം ചരിഞ്ഞു ഉറങ്ങുന്നത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും. ഗർഭകാലത്ത് പ്ലാസന്റയിലേക്ക് രക്തം ഒഴുകുന്നതിന് മികച്ച രക്തചംക്രമണം നിർണായകമാണ്. അതുകൊണ്ടാണ് ഗർഭിണികൾ ഈ രീതിയിൽ ഉറങ്ങാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates