അഞ്ജു സി വിനോദ്
ജിമ്മില്‍ പോയി ഹെവി വര്‍ക്ക്ഔട്ട് ചെയ്തു തുടങ്ങുമ്പോഴാണ് പ്രോട്ടീന് ഇത്ര മാത്രം പ്രാധാന്യം ഉണ്ടായിരുന്നുവെന്ന് മനസിലാക്കുക. അതുവരെ മീനും മുട്ടയും ചിക്കനുമൊക്കെ വെറും ഭക്ഷണം മാത്രം. അമിനോ ആസിഡുകളാല്‍ നിര്‍മിച്ച പ്രധാനപ്പെട്ട ഒരു മാക്രോന്യൂട്രിയന്റ് ആണ് പ്രോട്ടീന്‍ (Protein). ശരീര പേശികളുടെയും കലകളുടെയും എന്‍സൈമുകളുടെയും നിര്‍മാണത്തിന് പ്രോട്ടീന്‍ ഒരു നിര്‍ണായകമാണ്.
എന്നു കരുതി തോന്നിയ പോലെ കഴിക്കാൻ പറ്റില്ല, മെച്ചപ്പെട്ട ഫലം കിട്ടാന്‍ സമയം നോക്കി തന്നെ പ്രോട്ടീന്‍ കഴിക്കണം.
ശരീരഭാരം നിയന്ത്രിക്കാന്‍
ശരീരഭാരം നിയന്ത്രിക്കുകയാണ് ലക്ഷ്യമെങ്കിൽ ബ്രോക്ക്ഫാസ്റ്റ്, പ്രധാന ഭക്ഷണ സമയങ്ങളില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താം. ഇത് വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കാനും കലോറിയുടെ അളവു കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ കൊഴുപ്പ് നഷ്ടപ്പെടുത്തിക്കൊണ്ട് തന്നെ പേശി ബലം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.
എത്രമാത്രം കഴിക്കണം: ശരീരഭാരം അനുസരിച്ചാണ് ഒരാള്‍ കഴിക്കേണ്ട പ്രോട്ടീന്‍റെ അളവു നിശ്ചയിക്കുക. ഒരു കിലോ ശരീരഭാരത്തിന് 1.2-1.5 ഗ്രാം പ്രോട്ടീൻ എന്ന അളവില്‍ കഴിക്കാം.
പേശികളുടെ വളർച്ചയും ബലത്തിനും
വ്യായാമത്തിന് മുമ്പും ശേഷവും പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. വ്യായാമത്തിന് ശേഷം 30-60 മിനിറ്റിനുള്ളിൽ കഴിക്കാം. ഇത് പേശികളുടെ നന്നാക്കലിനും വളർച്ചയ്ക്കും ആവശ്യമായ അവശ്യ അമിനോ ആസിഡുകൾ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
എത്ര കഴിക്കണം: വ്യായാമത്തിന് ശേഷം ശരീരഭാരത്തിന്റെ ഒരു കിലോയ്ക്ക് 1.6-2.4 ഗ്രാം പ്രോട്ടീൻ കഴിക്കാം.
പേശികളുടെ ബലക്ഷയം തടയുന്നതിന്
ദിവസത്തില്‍ ഇടയ്ക്കിടെ പ്രോട്ടീന്‍ കഴിക്കുന്നത് പേശികളുടെ തകർച്ച തടയാൻ സഹായിക്കുന്നു. പ്രത്യേകിച്ച് ആർത്തവ വിരാമം അല്ലെങ്കിൽ വാർദ്ധക്യം എന്നീ കാലഘട്ടങ്ങളിൽ.
എത്ര കഴിക്കണം: ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 1.6-2.2 ഗ്രാം പ്രോട്ടീൻ കഴിക്കാം.