സമകാലിക മലയാളം ഡെസ്ക്
പ്രണയം അടിപൊളിയാണ്, നമ്മളിലെ നമ്മെ ഒന്ന് പോളിഷ് ചെയ്ത് മിനുക്കാനും വളരാനുമൊക്കെ നല്ല ഒന്നാന്തരം വളം. പ്രണയത്തില്‍ മധുരവും കയ്പ്പും എരിവും പുളിയും ചവര്‍പ്പുമൊക്കെ സമാസമം ആയിരിക്കണം, ഇതില്‍ ഒന്ന് കൂടിയാല്‍ ബന്ധം ടോക്സിക് ആകും.
എന്താണ് ടോക്സിക് റിലേഷന്‍ഷിപ്പ്
പ്രണയത്തിന്‍റെ പേരില്‍ പങ്കാളിയുടെ സന്തോഷത്തെയും ക്ഷേമത്തെയും തുടര്‍ച്ചയായി അടിച്ചമര്‍ത്തുകയും നിയന്ത്രിക്കുകയും മാത്രമല്ല, സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നതും ടോക്സിക് റിലേഷന്‍ഷിപ്പ് ലക്ഷണമാണ്.
കുറ്റപ്പെടുത്തല്‍
റിലേഷൻഷിപ്പിൽ വഴക്ക് സ്വാഭാവികമാണ്, എന്നാൽ വഴക്കിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് പകരം മുൻകാല തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് നല്ല ശീലമല്ല.
പെട്ടെന്നുള്ള സ്വഭാവമാറ്റം
പ്രാരംഭഘട്ടത്തില്‍ എല്ലാം കറക്ട് ആയിരിക്കും. അവര്‍ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയുണ്ടാക്കും. പിന്നീട് പതിയെ പിൻവലിഞ്ഞു തുടങ്ങും. ഇത് വൈകാരികമായി ഒരു കെണിയാണ്. ഇത്തരം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ പ്രയാസമാണ്.
കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നു
ഗ്യാസ്‌ലൈറ്റിങ് ചെയ്യുന്ന വ്യക്തികൾ അപകടമാണ്. കള്ളങ്ങൾ പറയുകയും തെറ്റ് അവരുടെ ഭാഗത്തല്ലെന്ന് സ്ഥാപിക്കുകയും ചെയ്യുന്നതാണ് ഗ്യാസ്‌ലൈറ്റിങ്. ഇങ്ങനെയുള്ളവരെ ഒപ്പം കൂട്ടുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിന് ഗുണകരമായിരിക്കില്ല.
ശാരീരികമായും വൈകാരികമായും ദുരുപയോഗം
ചെറിയ തെറ്റുകള്‍ക്ക് പോലും ആക്രോശിക്കുകയും നിങ്ങളെ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കുകയും ചെയ്യും. എന്നാല്‍ ബന്ധം ഉപേക്ഷിക്കാൻ ശ്രമിക്കുകയോ ചെയ്താൽ, അവർ വ്യാജമായി കണ്ണുനീർ വീഴ്ത്തുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്യും.
എല്ലാവരില്‍ നിന്ന് ഒറ്റപ്പെടുത്തും
ഓരോ തവണയും വ്യത്യസ്ത തന്ത്രങ്ങളും വിശദീകരണങ്ങളും ഉപയോഗിച്ച് നിങ്ങളെ അവർ പതിയെ പതിയെ നിങ്ങൾക്ക് പ്രിയപ്പെട്ടവരിൽ നിന്ന് നിങ്ങളെ അകറ്റും. ഒരുപക്ഷെ, നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ എപ്പോൾ അല്ലെങ്കിൽ എങ്ങനെ നഷ്ടപ്പെട്ടുവെന്ന് നിങ്ങൾ പോലും മനസിലാക്കില്ല.
ഭീഷണി
ഭയപ്പെടുത്തി റിലേഷൻഷിപ്പ് മുന്നോട്ടു കൊണ്ടു പോകുന്ന പങ്കാളി വളരെ അപകടകാരിയാണ്. എതിർപ്പ് പ്രകടിപ്പിച്ചാലോ ദേഷ്യപ്പെട്ടാലോ മരിച്ചു കളയുമെന്നു ഭീഷണിപ്പെടുത്താൻ ഇവർ മടിക്കില്ല.