കുഞ്ഞു ബ്രെയിൻ വളരാൻ 'ഇമ്മിണി വല്യ' കാര്യങ്ങൾ

അഞ്ജു സി വിനോദ്‌

കണ്ണടച്ചു തുറക്കും മുന്‍പ് കുട്ടികള്‍ വളരും, അവരുടെ ജിജ്ഞാസ നിറഞ്ഞ ഓരോ ചോദ്യത്തിനും ഉത്തരം കണ്ടത്തുക അത്ര എളുപ്പമല്ല. എന്നാല്‍ ആ ജിജ്ഞാസയാണ് കുട്ടികളുടെ തലച്ചോറിനെ കൂടുതല്‍ ശക്തവും വ്യക്തവുമാക്കുന്നത്.

ആരോഗ്യകരമായ മസ്തിഷ്ക വികാസത്തിന് തുടക്കം കുറിക്കുന്നത് പലപ്പോഴും അദൃശ്യവും അവഗണിക്കപ്പെടുന്നതുമായ ചെറിയ, ദൈനംദിന പ്രവര്‍ത്തനങ്ങളാണ്. സാധാരണമെന്ന് തോന്നാമെങ്കിലും ഇതൊക്കെ അവരുടെ തലച്ചോറിനെ രൂപീകരിക്കുന്ന ഘടകങ്ങളാണ്.

അത്തരം അഞ്ച് ദൈനംദിന പ്രവർത്തനങ്ങൾ ഇതാ.

കുഞ്ഞുങ്ങളോട് സംസാരിക്കുക

കുട്ടികൾക്ക് മുന്നിൽ പറയുന്ന ഓരോ വാക്കും അവരുടെ തലച്ചോറിന് വളമാണ്. പച്ചക്കറി അരിയുമ്പോഴും തുണിമടക്കുമ്പോഴും അവരോട് സംസാരിക്കുക. യാതൊരു സമ്മര്‍ദവുമില്ലാതെ, ഈ പതിവു നിമിഷങ്ങളെ തലച്ചോര്‍ നിര്‍മാണ വർക്ക് ഷോപ്പുകളാക്കി മാറ്റാം.

വിരസത അത്ര പ്രശ്നമില്ല

കുട്ടികള്‍ എപ്പോഴും ഓടിച്ചാടി നടക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇടയ്ക്കുള്ള ബോറടിക്കുക എന്ന ആശയം യഥാർഥത്തിൽ നല്ലതാണ്. കുട്ടികളിലെ ബോറടി പലപ്പോഴും ക്രിയാത്മതയ്ക്കും പ്രശ്നപരിഹാര കഴിവിനെയും പ്രോത്സാഹിപ്പിക്കുന്നു.

ബോറടിക്കുന്ന നിമിഷത്തിലാണ് പലപ്പോഴും പേപ്പറും പെൻസിലും പേപ്പർ പ്ലെയിനുമൊക്കെ എൻട്രി നടത്തുന്നത്. ഒരു മുറി രാജ്യമായി മാറുന്നു. ഇവ വെറും കളികളല്ല, കളിയിൽ പൊതിഞ്ഞ മസ്തിഷ്ക വ്യായാമങ്ങളാണ്.

വീട്ടിജോലികളില്‍ സഹായം

വീട്ടിലെ ചെറിയ ചെറിയ ജോലികളില്‍ കുട്ടികളെ കൂടി ഉള്‍പ്പെടുത്തുന്നത് അവരുടെ തലച്ചോര്‍ വികസിക്കാന്‍ സഹായിക്കുന്നു.

തുണി മടക്കിവെയ്ക്കുമ്പോഴോ, മേശ ഒരുക്കാൻ സഹായിക്കുമ്പോഴോ, ചെടി നനക്കാൻ സഹായിക്കുമ്പോഴോ എല്ലാം മസ്തിഷ്കത്തിന് താൻ കഴിവുള്ള ആളാണെന്ന സി​ഗ്നൽ കിട്ടുന്നു. ഇത് ആസൂത്രണം, ശ്രദ്ധ, ഓർമ എന്നിവയ്ക്ക് ഉത്തരവാദിയായ പ്രീഫ്രോണ്ടൽ കോർട്ടെക്സിനെ ഉത്തേജിപ്പിക്കുന്നു.

ഒരേ കഥ വീണ്ടു വീണ്ടും

എന്നും ഓരേ കഥ തന്നെ പറയുന്നത് വിരസത ഉണ്ടാക്കുമെന്ന് തോന്നാമെങ്കിലും ഇത് കുട്ടികളുടെ തലച്ചോറിന്റെ വയറിങ് ശക്തമാക്കുന്നു. ഇത് ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നു. ഒകു കഥ നിരവധി തവണ കേൾക്കുമ്പോൾ അടുത്തത് എന്ത് സംഭവിക്കുമെന്ന് അവർക്ക് അറിയാം.

ഇത് പാറ്റേണുകളുമായുള്ള പരിചയം, ഫലങ്ങൾ പ്രവചിക്കൽ, ചെറിയ വിശദാംശങ്ങൾ ഓർമ്മിക്കൽ എന്നിവയെല്ലാം തലച്ചോറിന്റെ നിർണായക മേഖലകളെ സജീവമാക്കുന്നു. ആവർത്തിക്കുന്ന വായന പദാവലി നിർമ്മിക്കുകയും നാഡീ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

മുതിര്‍ന്നവരുടെ റോള്‍

മുതിർന്നവരാണ് കുട്ടികൾക്ക് മാതൃക, അവർ എപ്പോഴും പെർഫക്ട് ആയിരിക്കണമെന്ന ചിന്ത ആവശ്യമില്ല. മുതിർന്നവർ ചെറിയ തെറ്റുകൾ ചെയ്യുകയും അത് അവർ തിരുത്തുകയും ചെയ്യുന്നത് കാണുമ്പോൾ തെറ്റുകൾ ജീവിതത്തിന്റെ ഭാഗമാണെന്ന് അവരുടെ തലച്ചോറ് പഠിക്കുന്നു.

ദൈനംദിന ജീവിതത്തിൽ ദുര്‍ബലരാകുന്ന സാഹചര്യത്തില്‍ കുട്ടികള്‍ വെല്ലുവിളികളെ സ്വീകരിക്കാനും തിരിച്ചടികളില്‍ പിടിച്ചുനിൽക്കാനും പഠിപ്പിക്കുന്നു. ഇത്തരം നിമിഷങ്ങള്‍ പരിഹരിക്കുമ്പോള്‍ തലച്ചോറ് യുക്തി മാത്രമല്ല, വൈകാരിക ശക്തിയും അറിയുന്നു.

samakalika malayalam