അഞ്ജു സി വിനോദ്
ഒരു നിമിഷം പോലും ഉറങ്ങാതെ നിരന്തരം പണിയെടുക്കുന്ന ശരീരത്തിലെ ഒരു പ്രധാന അവയവമാണ് തലച്ചോര്‍. തലച്ചോറിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് മതിയായ ഇന്ധനം നല്‍കേണ്ടതും അനിവാര്യമാണ്.
തലച്ചോറിന്റെ ആരോഗ്യം ആരോഗ്യകരമായ ഡയറ്റിലൂടെയും വ്യായാമമത്തിലൂടെയും മെച്ചപ്പെടുത്താം. ഇത് ഓര്‍മശക്തി, ഏകാഗ്രത, മാനസികാവസ്ഥ എന്നിവ ശക്തിപ്പെടുത്താന്‍ സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യം കാക്കാന്‍ 7 ഭക്ഷണങ്ങള്‍
കൊഴുപ്പുള്ള മത്സ്യം
സാല്‍മണ്‍ പോലെ കൊഴുപ്പടങ്ങിയ മത്സങ്ങളില്‍ ധാരാളം ഒമേഗ 3-ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ കോശ വളര്‍ച്ചയെ സഹായിക്കും. പ്രായമാകുമ്പോളുള്ള വൈജ്ഞാനിക തകര്‍ച്ചയെ പ്രതിരോധിക്കാനും ഇത് സഹായിക്കും.
ബ്ലൂബെറികള്‍
ബ്ലൂബെറിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ തലച്ചോറിനെ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്ന് സംരക്ഷിക്കുന്നു. മാത്രമല്ല, ഈ ആന്റിഓക്‌സിഡന്റുകള്‍, തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിപ്പിക്കുകയും തലച്ചോര്‍ പ്രായമാകുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു.
മഞ്ഞള്‍
മഞ്ഞളില്‍ അടങ്ങിയ കുര്‍കുമിന്‍ എന്ന സംയുക്തം സെറോട്ടോണിന്‍, ഡോപ്പമിന്‍ അളവു മെച്ചപ്പെടുത്താനും തലച്ചോറിനെ ബൂസ്റ്റ് ചെയ്യാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.
ബ്രോക്കോളി
തലച്ചോറിന് ബ്രോക്കോളി ഒരു സൂപ്പര്‍ ഫുഡ് ആണ്. ബ്രോക്കോളിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ തലച്ചോറിനെ സംരക്ഷിക്കുന്നതിനൊപ്പം ഇതില്‍ അടങ്ങിയ വിറ്റാമിന്‍ കെ തലച്ചോറിലെ കോശങ്ങളില്‍ അടങ്ങിയ സ്ഫിംഗോലിപിഡുകള്‍ എന്ന കൊഴുപ്പ് നിര്‍മാണത്തില്‍ പ്രധാനമാണ്.
മത്തങ്ങ വിത്തുകള്‍
മത്തങ്ങള്‍ വിത്തുകളില്‍ അടങ്ങിയ മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, കോപ്പര്‍ എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഈ പോഷകങ്ങള്‍ നാഡികളുടെ പ്രവര്‍ത്തനത്തിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും പ്രധാനമാണ്.
ഡാര്‍ക്ക് ചോക്ലേറ്റ്
മിതമായ അളവില്‍ ഡാര്‍ക്ക് ചോക്ലിറ്റ് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ചതാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിന്റെ പ്രീബയോട്ടിക് ഇഫക്ട് ആമാശത്തിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കാനും അത് വഴി മാനസികാവ സ്ഥ മെച്ചപ്പെടാനും സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും.
മുട്ട
മുട്ടയില്‍ അടങ്ങിയ കോളിന്‍ തലച്ചോറിന് ഓര്‍മശക്തിയും മാനസിക വ്യക്തതയും പ്രോസസ് ചെയ്യുന്നതില്‍ സഹായിക്കും. മാത്രമല്ല, ഇതില്‍ അടങ്ങിയ ബി വിറ്റാമിനുകള്‍ മെച്ചപ്പെട്ട മാനസികാവസ്ഥ പ്രോത്സാഹിപ്പിക്കാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടാനും സഹായിക്കും.