സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്
അമിതമായ സമ്മർദം തുടർച്ചയായി അനുഭവപ്പെടുമ്പോൾ ശാരീരികമായും മാനസികമായും വൈകാരികമായും തളർച്ചയുണ്ടാകാം. ഇതാണ് ബേൺഔട്ട്. ബേൺഔട്ട് എങ്ങനെ തിരിച്ചറിയാം.
കഠിനമായ ക്ഷീണം
ആവശ്യത്തിന് ഉറങ്ങിയാലും ക്ഷീണം മാറുന്നില്ല. ചെറിയ ജോലികൾ ചെയ്യാൻ പോലും അമിതമായ മടിയും തളർച്ചയും അനുഭവപ്പെടുന്നു. ദിവസം തുടങ്ങുമ്പോൾ തന്നെ ഊർജമില്ലാത്ത അവസ്ഥ.
ജോലിയോടുള്ള താൽപര്യമില്ലായ്മ
നേരത്തേ ആവേശത്തോടെ ചെയ്തിരുന്ന കാര്യങ്ങളിൽ താൽപര്യം നഷ്ടപ്പെടുന്നു. ജോലികൾ ചെയ്യാൻ മടിയും വിരക്തിയും തോന്നുന്നു. ഉത്തരവാദിത്തങ്ങൾ ഒരു ഭാരമായി അനുഭവപ്പെടുന്നു.
ദേഷ്യവും അസ്വസ്ഥതയും
ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യം വരുന്നു. മറ്റുള്ളവരോട് പെട്ടെന്ന് ദേഷ്യപ്പെടുകയോ പ്രതികരിക്കുകയോ ചെയ്യുന്നു. മാനസിക അസ്വസ്ഥതയും നിരാശയും വർധിക്കുന്നു.
ഉറക്കത്തിൽ മാറ്റങ്ങൾ
രാത്രി ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇടയ്ക്കിടെ ഉറക്കം ഉണരുന്നു. ഉറങ്ങിയിട്ടും ഉന്മേഷത്തോടെ എഴുന്നേൽക്കാൻ കഴിയുന്നില്ല.
ഏകാഗ്രതയും ഓർമശക്തിയും കുറയുന്നു
ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ചെറിയ കാര്യങ്ങൾ പോലും മറന്നുപോകുന്നു. തീരുമാനങ്ങൾ എടുക്കാൻ കൂടുതൽ സമയം വേണ്ടിവരുന്നു.
ഉൾവലിഞ്ഞു നിൽക്കുക
സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കാൻ താൽപര്യം കുറയുന്നു. ഒറ്റയ്ക്കിരിക്കാൻ കൂടുതൽ ആഗ്രഹിക്കുന്നു. സാമൂഹിക കൂടിച്ചേരലുകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു.