സമകാലിക മലയാളം ഡെസ്ക്
ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും കാൻസറിനെ മാരകമാക്കുന്നത്. ശരീരം നൽകുന്ന പ്രാരംഭ സൂചനകൾ മനസിലാക്കുന്നത് കാൻസറിനെ അതിജീവിക്കാനുള്ള സാധ്യത ഇരട്ടിയാക്കും.
ബ്ലോട്ടിങ്
ചെറിയ പോർഷൻ ഭക്ഷണം കഴിച്ച ശേഷം പെട്ടെന്ന് വയറു നിറഞ്ഞ ആശങ്കയുണ്ടാവുക. ആഴ്ചകളോളം തുടർച്ചയായി വയറുവീർക്കൽ അനുഭവപ്പെടുക. അണ്ഡാശയ കാൻസറുള്ള സ്ത്രീകൾക്ക് അത് ഇല്ലാത്തവരെ അപേക്ഷിച്ച് തുടർച്ചയായി വയറു വീർക്കാനുള്ള സാധ്യത 3.6 മടങ്ങ് കൂടുതലാണ്.
ക്ഷീണവും ശരീരഭാരം കുറയുന്നതും
വിശ്രമിച്ചിട്ടും വിട്ടുമാറാത്ത ക്ഷീണം, കാരണമില്ലാതെ ശരീരഭാരം കുറയുക എന്നിവ കാൻസർ ലക്ഷണങ്ങളാവാം. രക്താർബുദം, വൻകുടൽ, പാൻക്രിയാറ്റിക് അല്ലെങ്കിൽ അണ്ഡാശയം പോലുള്ള കാൻസറുകളിൽ ഇവ പ്രാരംഭ ലക്ഷണങ്ങളാകാം.
യോനി രക്തസ്രാവം
ആർത്തവവിരാമത്തിന് ശേഷമുള്ള എൻഡോമെട്രിയൽ കാൻസർ കണ്ടെത്തിയ സ്ത്രീകളിൽ 90 ശതമാനം സ്ത്രീകളിലും ക്രമരഹിതമായ രക്തസ്രാവം കണ്ടെത്തിയിരുന്നു. ഇത് സെർവിക്കൽ കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ്.
സ്തനങ്ങളിലെ മാറ്റങ്ങൾ
സ്തനങ്ങളിലെ മാറ്റങ്ങൾ ചിലപ്പോൾ കാൻസറിന്റെ ആദ്യ ലക്ഷണമാകാം. സ്തനത്തിലോ കക്ഷത്തിലോ ഉള്ള മുഴകൾ, അപ്രതീക്ഷിതമായ സ്രവങ്ങൾ, സ്തന വലുപ്പത്തിലോ ചർമ ഘടനയിലോ ഉള്ള മാറ്റങ്ങൾ, മുലക്കണ്ണിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക.
ചർമത്തിലെ മാറ്റങ്ങൾ
ചർമത്തിന് മുകളിൽ പ്രത്യക്ഷപ്പെടുന്ന പാടുകൾ, അല്ലെങ്കിൽ ഓറഞ്ച് തൊലി പോലെ തോന്നിക്കുന്ന ഘടനാ മാറ്റങ്ങൾ എന്നിവ ശ്രദ്ധിക്കുക. ഇവ മെലനോമ അല്ലെങ്കിൽ ബേസൽ സെൽ കാർസിനോമ പോലുള്ള ചർമ കാൻസറുകളുടെയോ അല്ലെങ്കിൽ സ്തനാർബുദത്തിന്റെയോ ലക്ഷണങ്ങളാകാം.
പെൽവിസിലോ വയറിലോ വേദന
വയറിലെ അസ്വസ്ഥത, പലപ്പോഴും ദഹനപ്രശ്നങ്ങളുമായോ ആർത്തവചക്രത്തിലെ ഹോർമോൺ വ്യതിയാനങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു. ഈ വേദന രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ, അത് അണ്ഡാശയ അല്ലെങ്കിൽ എൻഡോമെട്രിയൽ കാൻസർ ലക്ഷണമാകാം.
മലവിസർജ്ജന ശീലം
പതിവ് മലവിസർജ്ജന രീതിയിലെ പെട്ടെന്നുള്ള മാറ്റം, മലബന്ധം, വയറിളക്കം, അല്ലെങ്കിൽ മലത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ പ്രകടമായ മാറ്റങ്ങൾ എന്നിവ അവഗണിക്കരുത്. ഇത് വൻകുടലിലെ ട്യൂമർ ലക്ഷണങ്ങളുമാകാം.