മഴയിങ്ങെത്തി, കരുതിയിരിക്കാം രോ​ഗങ്ങളെ

അഞ്ജു സി വിനോദ്‌

കാലവർഷം ഇക്കൊല്ലം നേരത്തെയെത്തി. മഴക്കാലമെന്നാൽ പനിക്കാലം കൂടിയാണെല്ലോ..., മതിയായ പ്രതിരോധ മാർ​ഗങ്ങൾ സ്വീകരിക്കാത്തത് പകർച്ചവ്യാധികൾ വർധിക്കാൻ കാരണമാകും. ചില മഴക്കാല രോ​ഗങ്ങൾ.

ജലദോഷപ്പനി

തണുപ്പും മഴയുമേൽക്കുമ്പോൾ സാധാരണയായി ഉണ്ടാകുന്ന കോമണ്‍ കോള്‍ഡ് അഥവാ ജലദോഷപ്പനി അപകടമല്ലെങ്കിലും പകരുന്നതാണ്. തൊണ്ട വേദന, മൂക്കൊലിപ്പ്, ചുമ എന്നിവയാണ് ലക്ഷണങ്ങൾ. തൊണ്ടയിലും മൂക്കിലും ബാധയുണ്ടാകുന്നതാണ് കാരണം. ദിവസങ്ങൾക്കം തനിയെ ഭേദമാകുന്ന ഒന്നാണിത്.

ചികിത്സയ്ക്കൊപ്പം വ്യക്തിശുചിത്വം പാലിക്കുകയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്താല്‍ ഇൻഫ്ലുവൻസ വൈറസ് പകരുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കും.

ജലജന്യരോഗങ്ങള്‍

കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, വൈറല്‍ വയറിളക്ക രോഗങ്ങള്‍ എന്നിവ മഴക്കാലത്ത് കൂടുതലായിരിക്കും. മലിനജലത്തിലൂടെയാണ് ഇവ പകരുന്നത്. ഇത്തരം രോഗങ്ങളുടെ ഭാഗമായി നിര്‍ജലീകരണം സാധാരണമാണ്. ബാക്ടീരിയ അണുബാധയാണ് ഇതിന് പിന്നിൽ.

ടൈഫോയ്ഡ്, കോളറ തുടങ്ങിയ ബാക്ടീരിയല്‍ അണുബാധകള്‍ക്ക് ആന്റിബയോട്ടിക് മരുന്നുകളും അതോടൊപ്പം തന്നെ നിര്‍ജ്ജലീകരണം തടയാനുള്ള മാര്‍ഗ്ഗങ്ങളും ചികിത്സയായി നല്‍കും. ഹെപ്പറ്റൈറ്റിസ്, വൈറല്‍ വയറിളക്കരോഗങ്ങള്‍ എന്നിവയ്ക്ക് രോഗലക്ഷണങ്ങള്‍ക്കായുള്ള ചികിത്സ മതിയാകും.

പ്രതിരോധം

ശുദ്ധമായ ജലസ്രോതസ്സ് ഉപയോഗിക്കുകയും പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കുകയും ചെയ്യുക. മഴക്കാലത്ത് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. ടൈഫോയ്ഡിനും ഹെപ്പറ്റൈറ്റിസ് എ യ്ക്കും വാക്‌സിനുകളും ലഭ്യമാണ്.

കൊതുകുജന്യ രോഗങ്ങള്‍

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, മലമ്പനി തുടങ്ങിയവ പരത്തുന്ന കൊതുകുകളും പ്രജനനം മഴക്കാലം കഴിഞ്ഞുള്ള സമയങ്ങളിൽ കൂടുതലായിരിക്കും. പനി, തലവേദന, ശരീരവേദന, സന്ധിവേദന, രക്തത്തിലെ പ്ലേറ്റ്‌ലറ്റുകൾ കുറയുക തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ് ഡെങ്കിപ്പനിയും മലേറിയയും പോലുള്ള രോ​ഗങ്ങൾ.

പ്രതിരോധം

കൊതുകിന്റെ പ്രജനനം കുറയ്ക്കുക മാത്രമാണ് രോ​ഗങ്ങളെ തടയാനുള്ള ഏക മാർ​ഗം. വീടിനു ചുറ്റും ചിരട്ട, പൂച്ചട്ടികള്‍, ടയറുകള്‍ തുടങ്ങിയവയില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുക. ഓടകളും മറ്റു മലിനജലസ്രോതസ്സുകളും വൃത്തിയാക്കുക. കൊതുകുവല, കൊതുകിനെ അകറ്റുന്ന തരത്തിലുള്ള മരുന്നുകള്‍ തുടങ്ങിയവയും സ്വീകരിക്കുക.