'എന്നും ഒരുപോലെ!' നിങ്ങളെ പരാജയത്തിലേക്ക് നയിക്കുന്ന 7 ശീലങ്ങൾ

അഞ്ജു സി വിനോദ്‌

എല്ലാം ദിവസവും ഒരേ പോലെയെന്ന് തോന്നി ജീവിക്കുന്നവരാണോ? എവിടെയും എത്താതെ ജീവിതത്തിൽ കുടുങ്ങി പോകുന്നതിനും ആത്മവിശ്വാസത്തോടെ മുന്നേറുന്നതും തമ്മിൽ നേരിയ വ്യത്യാസമാണ് ഉള്ളത്.

മുന്നേറാൻ കഴിയാതെ എല്ലാ ദിവസവും ഒരേ പ്രവൃത്തികൾ ചെയ്യുന്നത് നിങ്ങൾ ഒരു ചക്രത്തിൽ കുടുങ്ങിക്കിടക്കുന്നതിന്റെ സൂചനയാണ്. ഇത് അതിജീവനം മാത്രമാണ്. നിങ്ങളെ ഈ ചക്രത്തിൽ കുടുക്കുന്ന ചില ദൈനംദിന ശീലങ്ങളുണ്ട്.

കംഫർട്ട് സോൺ

'കംഫർട്ട് സോൺ' എന്ന ആശയം യഥാർഥത്തിൽ ഒരു കെണിയാണ്. കംഫർട്ട് സോണിൽ കഴിയാൻ ആ​ഗ്രഹിക്കുന്നവർ മാറ്റങ്ങളെ അം​ഗീകരിക്കുകയോ പുതിയ കാര്യങ്ങൾ പരീക്ഷിക്കാനോ തുനിയില്ല. പരാജയഭയമാണ് ഇവരെ പലപ്പോഴും റിസ്ക്കുകൾ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

'പ്രോകാസിനേഷൻ'

നാളെ ചെയ്യാം.., പിന്നെ ചെയ്യാം എന്നിങ്ങനെ കാര്യങ്ങളെ നീട്ടിക്കൊണ്ടു പോകുന്ന ശീലവും നിങ്ങളെ ജീവിതത്തിൽ പുരോ​ഗതിയിലേക്ക് നയിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കും. ഈ കെണിയിൽ വീഴാതിരിക്കാൻ നാളെ അല്ല, ഇന്ന് എന്ന് മനസിൽ ഉച്ചത്തിൽ പറയുക. ഇത് കാലക്രമേണ സ്ഥിരമായ എടുക്കുന്ന ചെറിയ ചുവടുകളാണ്.

ശാരീരിക ആരോഗ്യത്തെ അവഗണിക്കൽ

ശരീരികാരോ​ഗ്യവും മാനസികാരോ​ഗ്യവും അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നു. മോശം ശാരീരികാരോ​ഗ്യം നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസപ്പെടുത്തുക മാത്രമല്ല, നമ്മുടെ മാനസിക ക്ഷേമത്തെയും ബാധിക്കും. ഇത് ഊർജ്ജ നില കുറയുന്നതിനും, ആത്മാഭിമാനം കുറയുന്നതിനും, വിഷാദത്തിനും കാരണമാകും.

ലക്ഷ്യം ഉണ്ടാവാതിരിക്കുക

ലക്ഷ്യങ്ങൾ ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകാനുള്ള ഇന്ധനമാണ്. അവ ഒരു റോഡ് മാപ്പ് നൽകുന്നു, എവിടേക്ക് പോകണമെന്നും ആരാകണമെന്നും നമ്മെ നയിക്കുന്നു. ജീവിതത്തിൽ ഒരിക്കലും മുന്നോട്ട് പോകാത്ത ആളുകൾക്ക് പലപ്പോഴും വ്യക്തവും നിർവചിക്കപ്പെട്ടതുമായ ലക്ഷ്യങ്ങൾ ഇല്ല.

ഭൂതകാലത്തിൽ ജീവിക്കുന്നു

ജീവിതത്തിൽ എല്ലാവർക്കും എന്തെങ്കിലും തരത്തിൽ ദുരനുഭവങ്ങൾ സംഭവിച്ചിട്ടുണ്ടാകും. എന്നാൽ അന്ന് ചെയ്ത തെറ്റുകളെ കുറിച്ചോ തിരിച്ചടികളെ കുറിച്ചോ ചിന്തിച്ചിരിക്കുന്നത് ജീവിതത്തിൽ നിങ്ങളെ മുന്നോട്ട് നയിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന ശീലമാണ്. പകരം മുൻകാല അനുഭവങ്ങളിൽ നിന്ന് പഠിക്കുകയും മെച്ചപ്പെട്ട രീതിയിൽ വളരാൻ അത് പ്രചോദനമാക്കുകയുമാണ് ചെയ്യേണ്ടത്.

'യെസ്'- എപ്പോഴും നല്ലതല്ല

തിരക്കായിരിക്കുന്നത് വിജയത്തിന്റെ ലക്ഷണമാണെന്ന് കരുതുന്ന ലോകത്ത് 'യെസ്' എന്ന വാക്കിന് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഇതിൽ നിന്ന് ഉണ്ടാകുന്ന മാനസിക സമ്മർദം, തളർച്ച എന്നിവ കാരണം യഥാർഥ കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു. ഒരിക്കലും മുന്നോട്ട് പോകാത്ത ആളുകൾ പലപ്പോഴും അമിത പ്രതിബദ്ധതയുടെ കെണിയിൽ വീഴുന്നു. ഒടുവിൽ സ്വന്തം ലക്ഷ്യങ്ങളും മുൻഗണനകളും മറന്നുപോകുന്നു.

ആത്മവിശ്വാസക്കുറവ്

ജീവിതത്തിൽ ഒരിക്കലും മുന്നോട്ട് പോകാത്ത ആളുകൾക്കിടയിൽ ആത്മവിശ്വാസക്കുറവ് ഒരു പൊതു സ്വഭാവമാണ്. സ്വയം വിശ്വാസമില്ലാത്തത് നിങ്ങളെ റിസ്ക് എടുക്കുന്നതിൽ നിന്നും, അവസരങ്ങൾ ഉപയോ​ഗിക്കുന്നതിൽ നിന്നും, വളരുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. ആത്മവിശ്വാസമില്ലായ്മ നിങ്ങളെ മന്ദ​ഗതിയിലാക്കും.