അവഗണിക്കരുത്, പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങൾ

അഞ്ജു സി വിനോദ്‌

ഷു​ഗറും പ്രഷറുമൊക്കെ പ്രായമാകുന്നതിന്റെ ലക്ഷണമായി പണ്ട് കണ്ടിരുന്നുവെ​ങ്കിൽ ഇന്ന് അതിന്റെ ​ഗതിയൊക്കെ മാറിയിരിക്കുന്നു. ചെറുപ്പക്കാരിലും പ്രമേഹവും ഉയർന്ന രക്തസമ്മർദവുമൊക്കെ സാധാരാണമായിരിക്കുകയാണ്. അതിന് ഒരു പ്രധാന കാരണം മോശം ജീവിതശൈലിയാണ്.

മറ്റ് രോ​ഗങ്ങളുമായി ചികിത്സയ്ക്ക് ചെല്ലുമ്പോഴാണ് പലപ്പോഴും പ്രമേഹം ഉണ്ടെന്ന് നിർണയിക്കുക. ഇത് അപകടമാണ്. പ്രമേഹം മറ്റ് രോ​ഗാവസ്ഥകളെ വഷളാക്കുകയും ആരോ​ഗ്യ സങ്കീർണതകൾ ഉണ്ടാക്കുകയും ചെയ്യുന്നു. പ്രമേഹത്തെ ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിയാം.

മൂത്രശങ്ക

അമിതമായി ഉണ്ടാകുന്ന മൂത്രശങ്ക ചിലപ്പോൾ പ്രമേഹത്തിന്റെ ആദ്യ ലക്ഷണമാകാം. 'പോളിയൂറിയ' എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. രക്തത്തിലെ അധിക ​ഗ്ലൂക്കോസ് ഒഴിവാക്കുന്നതിന് വൃക്കകൾ മൂത്രം ഉൽപാദിപ്പിക്കുന്നു.

ദാഹം

നിരന്തരം മൂത്രം ഒഴിക്കുന്നതു കൊണ്ട് ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കാനും, കൂടുതൽ ദാഹം ഉണ്ടാകാനും കാരണമാകുന്നു. പോളിഡിപ്ലിയ എന്ന ഈ അവസ്ഥ പലപ്പോഴും ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സൂചിപ്പിക്കുന്നു.

ശരീരഭാരം കുറയുന്നു

പ്രത്യേകിച്ച് വ്യായാമമൊന്നും ഇല്ലാതെ ശരീരഭാരം കുറയുന്നതായി കണ്ടാൽ ശ്രദ്ധിക്കണം. ശരീരത്തിന് ഗ്ലൂക്കോസ് ശരിയായി ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ കൊഴുപ്പും പേശികളും വിഘടിപ്പിക്കാന്‍ തുടങ്ങുന്നു. ഇത് ഭാരം കുറയാൻ കാരണമാകും. ടൈപ്പ് 1 പ്രമേഹത്തില്‍ ഇത് പ്രത്യേകിച്ചും സാധാരണമാണ്.

വിശപ്പ്

അമിതമായി വിശപ്പുണ്ടാകുന്ന അവസ്ഥയാണ് പോളിഫാഗിയ. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ശരീരത്തിന് ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും അത് നിരന്തരമായ വിശപ്പിന് കാരണമാകുകയും ചെയ്യും.

ക്ഷീണം

പ്രമേഹമുള്ളവർക്ക് ക്ഷീണം സാധാരണമാണ്. ശരീരത്തിന്റെ ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോള്‍ ശരീരത്തിന് തളർച്ചയും ക്ഷീണവും അനുഭവപ്പെടാം.

കാഴ്ച മങ്ങല്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ണുകളുടെ ലെന്‍സുകള്‍ വീര്‍ക്കാന്‍ കാരണമാകും. ഇത് കാഴ്ച മങ്ങലിലേക്ക് നയിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് ഈ അവസ്ഥ വന്നും പോയും ഇരിക്കാം.