സമകാലിക മലയാളം ഡെസ്ക്
പൂച്ചയെ വളർത്തുന്നവരുടെ എണ്ണം കൂടിവരുന്നതിനൊപ്പം അപൂർവവും വ്യത്യസ്തവുമായ ഇനങ്ങളോടുള്ള താൽപര്യവും വർധിക്കുകയാണ്. എന്നാൽ ചില പൂച്ചകളുടെ വില കേട്ടാൽ ശരിക്കും ഞെട്ടും.
അപൂർവത, പ്രത്യേക രൂപം, ബ്രീഡിങ് രീതികൾ, ജനിതക സവിശേഷതകൾ തുടങ്ങിയ കാരണങ്ങളാൽ ചില പൂച്ചകൾക്ക് ആയിരക്കണക്കിന് ഡോളർ വരെ വിലയുണ്ട്.
പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായ പേര് 'അസേര'യാണ്. ഒരുകാലത്ത് ഏകദേശം 75,000 മുതൽ 1,25,000 ഡോളർ വരെ വിലയുള്ള പൂച്ചയായി ഇത് പരസ്യപ്പെടുത്തിയിരുന്നു. ആഫ്രിക്കൻ സെർവൽ, ഏഷ്യൻ ലെപ്പാർഡ് കാറ്റ്, ഡൊമസ്റ്റിക് കാറ്റ് എന്നിവയുടെ ജനിതക സവിശേഷതകളുള്ള ഹൈബ്രിഡാണ് അസേര.
ആഫ്രിക്കൻ സെർവലിനെയും ഡൊമസ്റ്റിക് കാറ്റിനെയും ക്രോസ് ചെയ്ത് വികസിപ്പിച്ച ഹൈബ്രിഡ് ഇനമാണ് 'സവന്ന'. വലിപ്പം, പുള്ളികളുള്ള വന്യമായ രൂപം, നീണ്ട കാലുകൾ, സജീവമായ സ്വഭാവം എന്നിവയാണ് ഇവയുടെ പ്രത്യേകതകൾ. ഏകദേശം 12,000 മുതൽ 25,000 ഡോളർ വരെ ഇവയ്ക്ക് വില രേഖപ്പെടുത്തിയിട്ടുണ്ട്.
തായ്‌ലൻഡിൽ നിന്നുള്ള അപൂർവ ഇനമാണ് 'ഖാവോ മണീ'. പൂർണമായും വെളുത്ത രോമവും തിളങ്ങുന്ന കണ്ണുകളുമാണ് ഇവയുടെ പ്രധാന പ്രത്യേകത. ചില പൂച്ചകൾക്ക് രണ്ട് കണ്ണുകൾക്കും വ്യത്യസ്ത നിറങ്ങളുമുണ്ടാകും.
ചരിത്രപരമായി തായ് രാജകുടുംബവുമായി ബന്ധമുള്ള ഈ ഇനത്തിന്റെ അപൂർവതയാണ് ഉയർന്ന വിലയ്ക്ക് പ്രധാന കാരണം. ഏകദേശം 7,000 മുതൽ 11,000 ഡോളർ വരെ വില വരാം.
വളരെ സൗമ്യമായ സ്വഭാവത്തിനും നീളമുള്ള മൃദുവായ രോമത്തിനും പേരുകേട്ട ഇനമാണ് 'റാഗ്‌ഡോൾ'. മനുഷ്യരുമായി അടുപ്പം പുലർത്തുന്ന സ്വഭാവവും ഇവയ്ക്കുണ്ട്.
വംശപരമ്പര, ബ്രീഡറുടെ നിലവാരം, ഷോ ക്വാളിറ്റി തുടങ്ങിയ കാര്യങ്ങൾ അനുസരിച്ച് 'റാഗ്‌ഡോളി'ന്റെ വില വലിയ തോതിൽ മാറാം. ഏകദേശം 300 മുതൽ 7,500 ഡോളർ വരെയുള്ള വിലകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രോമമില്ലാത്ത ശരീരമാണ് 'സ്ഫിങ്ക്സ് കാറ്റി'നെ മറ്റുള്ളവയിൽ നിന്ന് വേറിട്ടുനിർത്തുന്നത്. എന്നാൽ രോമമില്ലാത്തതിനാൽ പരിചരണം ആവശ്യമില്ലെന്ന് കരുതുന്നത് തെറ്റാണ്. ചർമ്മസംരക്ഷണവും ചൂട് നിലനിർത്തലും പ്രത്യേകം ശ്രദ്ധിക്കണം. ഇവയ്ക്ക് ഏകദേശം 1,500 മുതൽ 6,000 ഡോളർ വരെ വില വരാം.
കാട്ടിലെ പൂച്ചയെ ഓർമിപ്പിക്കുന്ന പുള്ളികളും റോസെറ്റ് പാറ്റേണുമാണ് 'ബംഗാൾ കാറ്റി'ന്റെ പ്രധാന ആകർഷണം. സജീവവും ബുദ്ധിശാലിയുമായ ഇവയ്ക്ക് കളിക്കാനും പര്യവേക്ഷണം ചെയ്യാനും ഏറെ താൽപര്യമുണ്ടാകും.
ലോകത്തിലെ ഏറ്റവും വലിയ ഡൊമസ്റ്റിക് കാറ്റ് ഇനങ്ങളിൽ ഒന്നാണ് 'മെയിൻ കൂൺ'. വലിയ ശരീരവും നീളമുള്ള വാലും ചെവിയിലെ ടഫ്റ്റുകളും ഇവയുടെ പ്രത്യേകതകളാണ്. സാധാരണയായി 200 മുതൽ 5,000 ഡോളർ വരെ വില കാണപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates