സമകാലിക മലയാളം ഡെസ്ക്
സ്മൂത്തികളിലും ഡീറ്റോക്സ് ഡ്രിങ്കുകളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നായി ചിയാ വിത്തുകൾ മാറിയിരിക്കുകയാണ്.
എന്നാൽ ഇവ കുതിർത്ത് കഴിക്കുന്നതാണോ അതോ നേരിട്ട് ആഹാരത്തിൽ ചേർക്കുന്നതാണോ കൂടുതൽ ആരോഗ്യകരം എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്.
ചിയ വിത്തുകൾ എങ്ങനെ കഴിക്കുന്നു എന്നത് ദഹനത്തെ ബാധിക്കുന്ന ഘടകമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ചിയാ വിത്തുകൾക്ക് അവയുടെ ഭാരത്തിന്റെ 10 മുതൽ 12 ഇരട്ടി വരെ ദ്രാവകം ആഗിരണം ചെയ്യാൻ ശേഷിയുള്ളവയാണ്. വെള്ളത്തിൽ ചേർക്കുമ്പോൾ ഇവ ജെൽ രൂപത്തിലാവുന്നു.
ചിയ വിത്തുകൾ കുതിർത്ത് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും അല്ലാതെ കഴിക്കുമ്പോൾ ഉണ്ടാകുന്ന അപകടവും ഇവയാണ്.
ഗുണം
ദഹനം: കുതിർത്ത ചിയ വിത്തുകൾ ഒരുപരിധിവരെ മലബന്ധം തടയുകയും അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുകയും ചെയ്യും.
പോഷകങ്ങളുടെ ലഭ്യത: കുതിർക്കുന്നത് ചിയാ വിത്തുകളിലെ ഫൈറ്റിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കാൽസ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കൾ ശരീരം ആഗിരണം ചെയ്യുന്നത് മെച്ചപ്പെടുത്തും.
രക്തത്തിലെ പഞ്ചസാരയുടെ അളവ്: ജെൽ രൂപത്തിലുള്ള നാരുകൾ ദഹനം സാവധാനത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യുന്നു. ഇത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കും.
നേരിട്ട് കഴിക്കുമ്പോഴുള്ള അപകടങ്ങൾ
ചിയാ വിത്തുകൾ കുതിർക്കാതെ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
തൊണ്ടയിൽ തടസ്സമുണ്ടാകാം: ഉണങ്ങിയ വിത്തുകൾ വിഴുങ്ങുമ്പോൾ അവ അന്നനാളത്തിൽ വെച്ച് ഈർപ്പം വലിച്ചെടുത്ത് വികസിക്കാൻ സാധ്യതയുണ്ട്. ഇത് വിഴുങ്ങാൻ പ്രയാസമുണ്ടാക്കാം.
വയറുവീർക്കലും അസ്വസ്ഥതയും: ആവശ്യത്തിന് വെള്ളമില്ലാതെ ഇവ കഴിക്കുന്നത് വയറുവീർക്കലിനും ദഹനക്കേടിനും കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates