സമകാലിക മലയാളം ഡെസ്ക്
വിശ്രമിക്കുമ്പോഴും ഉൽപാദനക്ഷമതയെക്കുറിച്ച് ചിന്തിക്കുന്നത് പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ വിശ്രമം സമയം പാഴാക്കലല്ല. ശരീരത്തിനും മനസ്സിനും ഊർജം വീണ്ടെടുക്കാൻ അത് ആവശ്യമാണ്.
ഒഴിവുസമയം ലഭിക്കുമ്പോൾ പോലും ജോലികൾ കണ്ടെത്തി ചെയ്യാൻ ശ്രമിക്കുന്ന ശീലമുണ്ടാകാം. എല്ലാ സമയവും ഫലപ്രദമായി ഉപയോഗിക്കണമെന്ന ചിന്ത വിശ്രമിക്കാനുള്ള അവസരങ്ങൾ കുറയ്ക്കും. എന്നാൽ എല്ലാ കാര്യങ്ങളും ഒരേസമയം പൂർത്തിയാക്കാൻ കഴിയില്ലെന്ന യാഥാർഥ്യം അംഗീകരിക്കേണ്ടതുണ്ട്.
വിശ്രമിക്കുന്നവർ മടിയന്മാരാണെന്ന ധാരണ ചിലരിൽ കുറ്റബോധമുണ്ടാക്കാം. യഥാർഥത്തിൽ, ആവശ്യമായ വിശ്രമം ശ്രദ്ധയും ഊർജവും വീണ്ടെടുക്കാൻ സഹായിക്കും. ഉറക്കക്കുറവും തുടർച്ചയായ ജോലിയും ക്ഷീണം വർധിപ്പിക്കാനും സാധ്യതയുണ്ട്
ജോലി സമയം കഴിഞ്ഞിട്ടും ഇമെയിലുകളും സന്ദേശങ്ങളും പരിശോധിക്കുന്നതും വീട്ടിലിരുന്ന് ജോലി തുടരുന്നതും വിശ്രമസമയത്തെ ബാധിക്കാം. കഴിയുന്നിടത്തോളം ജോലിക്കും വ്യക്തിജീവിതത്തിനും വ്യക്തമായ അതിരുകൾ നിശ്ചയിക്കുക.
ജോലികൾ തീർന്നശേഷം മാത്രം വിശ്രമിക്കാമെന്ന് കരുതുന്നതിനുപകരം ദിവസത്തിലെ ചെറിയ ഇടവേളകൾ വിശ്രമത്തിനായി മാറ്റിവയ്ക്കാം. പാട്ടുകേൾക്കുക, വായിക്കുക, നടക്കുക, ഇഷ്ടമുള്ള ഹോബി ചെയ്യുക തുടങ്ങിയവ പരീക്ഷിക്കാം. വിശ്രമത്തിനായി ചെലവഴിക്കുന്ന സമയത്തെയും ദിവസത്തിന്റെ ഭാഗമായിത്തന്നെ കാണണം.
പൂർത്തിയാക്കേണ്ട എല്ലാ ജോലികളും മനസ്സിൽ സൂക്ഷിക്കുന്നത് സമ്മർദമുണ്ടാക്കാം. പകരം പ്രധാനപ്പെട്ട കാര്യങ്ങൾ മാത്രം പട്ടികപ്പെടുത്തുക. അടിയന്തരമായവയ്ക്ക് മുൻഗണന നൽകുകയും പൂർത്തിയാക്കാൻ കഴിയാത്ത ജോലികൾ അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്യാം.
വിശ്രമിക്കുമ്പോഴുള്ള കുറ്റബോധം നിരന്തരം അനുഭവപ്പെടുകയും ഉറക്കത്തെയും മാനസികാവസ്ഥയെയും ദൈനംദിന ജീവിതത്തെയും ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ അവഗണിക്കരുത്. വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കുകയോ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുകയോ ചെയ്യാം.