സമകാലിക മലയാളം ഡെസ്ക്
വീട് വൃത്തിയാക്കുന്നത് വലിയൊരു ജോലിയായി തോന്നുന്നുണ്ടോ? ദിവസവും മണിക്കൂറുകളോളം സ്‌ക്രബ്ബ് ചെയ്യേണ്ടതില്ല. ചെറിയ ജോലികൾ കൃത്യമായ ഇടവേളകളിൽ ചെയ്താൽ വീടിന്റെ വൃത്തിയും അടുക്കും നിലനിർത്താം. അടുക്കള മുതൽ ബെഡ്റൂം വരെ വൃത്തിയാക്കുന്നത് എളുപ്പമാക്കാൻ ചില ലളിതമായ മാർഗങ്ങളുണ്ട്.
ഓവനിൽ പറ്റിപ്പിടിച്ച എണ്ണയും ഭക്ഷണ അവശിഷ്ടങ്ങളും നീക്കാൻ ആദ്യം ആവിയുടെ സഹായം തേടാം. ചൂട് താങ്ങുന്ന ഒരു പാത്രത്തിൽ വെള്ളം നിറച്ച് ചൂടുള്ള ഓവനിൽ 20–30 മിനിറ്റ് വയ്ക്കാം. ആവി അകത്തെ അഴുക്ക് മൃദുവാക്കാൻ സഹായിക്കും.
ഓവൻ തണുത്തശേഷം റാക്കുകൾ മാറ്റി വൃത്തിയാക്കാം. കഠിനമായ കറകൾക്ക് ബേക്കിങ് സോഡയും വെള്ളവും ചേർത്ത പേസ്റ്റ് ഉപയോഗിക്കുന്ന രീതിയും ലേഖനം നിർദേശിക്കുന്നു.
സ്റ്റൗവിൽ വീഴുന്ന ഭക്ഷണാവശിഷ്ടങ്ങളും എണ്ണയും ദിവസങ്ങളോളം കെട്ടിക്കിടക്കാൻ അനുവദിക്കാതെ വേഗത്തിൽ തുടച്ചുനീക്കുന്നതാണ് എളുപ്പം. ഇടയ്ക്കിടെ ബർണറുകളും നീക്കം ചെയ്യാവുന്ന ഭാഗങ്ങളും വേർതിരിച്ച് വൃത്തിയാക്കാം. ദിവസവും ചെയ്യുന്ന ചെറിയ ക്ലീനിങ് പിന്നീട് വലിയൊരു ജോലിയായി മാറുന്നത് ഒഴിവാക്കും.
അടുക്കളയിലെ സിങ്ക് വൃത്തിയാക്കുമ്പോൾ പാത്രം കഴുകുന്ന ഭാഗം മാത്രം ശ്രദ്ധിച്ചാൽ പോരാ. ഡ്രെയിനിന് ചുറ്റുമുള്ള ഭാഗങ്ങളിലും സോപ്പ് ഡിസ്പെൻസറിന് താഴെയുമൊക്കെ അഴുക്ക് അടിഞ്ഞുകൂടാം. ചൂടുവെള്ളവും ഡിഷ് സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടെ സിങ്ക് നന്നായി വൃത്തിയാക്കാം.
ഫ്രിഡ്ജ് വൃത്തിയാക്കുന്നത് വലിയ ജോലിയായി തോന്നുന്നെങ്കിൽ ഓരോ ഷെൽഫായി ചെയ്യാം. കാലഹരണപ്പെട്ടതോ കേടായതോ ആയ ഭക്ഷണം ആദ്യം മാറ്റുക. പിന്നീട് ഷെൽഫുകളും ഡ്രോയറുകളും തുടച്ചുവൃത്തിയാക്കാം. പതിവായി ഉപയോഗിക്കാത്ത ഭക്ഷണങ്ങൾ കാണാൻ കഴിയുന്ന സ്ഥലത്തേക്ക് മാറ്റിവയ്ക്കാം.
ലിവിങ് റൂമിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഇടങ്ങളിലൊന്നാണ് സോഫയുടെ കുഷനുകൾക്കിടയിലെ ഭാഗം. പൊടി, ഭക്ഷണകഷണങ്ങൾ, നാണയങ്ങൾ, ചെറിയ വസ്തുക്കൾ എന്നിവ ഇവിടെ അടിഞ്ഞുകൂടാം. കുഷനുകൾ മാറ്റി ഇടയ്ക്കിടെ വാക്വം ചെയ്യുന്നത് നല്ലതാണ്.
എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മൂലകളിലും ബ്ലൈൻഡുകളിലും മറ്റും പൊടി തുടയ്ക്കാൻ പഴയ വൃത്തിയുള്ള സോക്സ് ഉപയോഗിക്കാം. കൈയിൽ സോക്സ് ധരിച്ച് ഉപരിതലം തുടയ്ക്കുന്നത് ചില ഇടങ്ങളിൽ സാധാരണ തുണിയേക്കാൾ എളുപ്പമായിരിക്കും.
ബെഡ്ഷീറ്റുകൾ പതിവായി കഴുകുന്നത് പ്രധാനമാണ്. പൊടി, വിയർപ്പ്, ചർമകോശങ്ങൾ തുടങ്ങിയവ കിടക്കയിൽ അടിഞ്ഞുകൂടാം. കുറഞ്ഞത് രണ്ടാഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് കഴുകണം. കിടക്കയുടെ അടിയിലും ഹെഡ്ബോർഡിലും പൊടി അടിഞ്ഞുകൂടുന്നുണ്ടോ എന്നും പരിശോധിക്കാം.
വീട് ഒരു ദിവസംകൊണ്ട് പൂർണമായി വൃത്തിയാക്കാൻ ശ്രമിക്കുന്നതിന് പകരം ചെറിയ ജോലികൾ പതിവാക്കുന്നതാണ് എളുപ്പം. അടുക്കളയിലെ കൗണ്ടർ തുടയ്ക്കുക, നിലം വൃത്തിയാക്കുക, ഉപയോഗിച്ച സാധനങ്ങൾ അവയുടെ സ്ഥാനത്ത് വയ്ക്കുക തുടങ്ങിയ ചെറിയ ജോലികൾ ദിവസവും ചെയ്യാം.