സമകാലിക മലയാളം ഡെസ്ക്
ഭൂമിയിൽ തന്നെയാണോ നിൽക്കുന്നതെന്ന് സംശയിപ്പിക്കുന്ന കാഴ്ചകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. കണ്ണാടിപോലെ മാറുന്ന ഉപ്പുപാടങ്ങൾ മുതൽ ആകാശത്ത് ഒഴുകുന്നതുപോലെ തോന്നുന്ന മലനിരകളും നീലനിറത്തിൽ ജ്വലിക്കുന്ന അഗ്നിപർവതങ്ങളും വരെ.
സലാർ ഡി ഉയൂനി, ബൊളീവിയ
ലോകത്തിലെ ഏറ്റവും വലിയ ഉപ്പുപാടമായ സലാർ ഡി ഉയൂനി മഴക്കാലത്ത് അതിമനോഹരമായിരിക്കും. ഉപ്പുപാടിന് മുകളിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ ആകാശത്തിന്റെ പ്രതിബിംബം നിലത്ത് പതിച്ച് ആകാശവും ഭൂമിയും വേർതിരിച്ചറിയാനാകാത്ത തരത്തിലുള്ള ഭീമൻ കണ്ണാടി പോലെയാകും.
ഏകദേശം 10,582 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 3,656 മീറ്റർ ഉയരത്തിലാണ്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മഴക്കാലത്താണ് കണ്ണാടി പ്രതീതി ഏറ്റവും മനോഹരമാകുന്നത്.
കപ്പഡോഷ്യ, തുർക്കി
തൂങ്ങിനിൽക്കുന്ന പോലെ തോന്നുന്ന പാറക്കൂട്ടങ്ങൾ, പുരാതന ഗുഹാവാസങ്ങൾ, ഭൂഗർഭ നഗരങ്ങൾ എന്നിവയാണ് കപ്പഡോഷ്യയെ വ്യത്യസ്തമാക്കുന്നത്.
സൂര്യോദയസമയത്ത് നൂറുകണക്കിന് ഹോട്ട് എയർ ബലൂണുകൾ ആകാശത്ത് ഉയരുമ്പോൾ താഴെയുള്ള പാറക്കെട്ടുകളുമായി ചേർന്ന് അതിമനോഹരമായ ദൃശ്യം രൂപപ്പെടും. ഏപ്രിൽ-മേയ്, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളാണ് സന്ദർശനത്തിന് അനുയോജ്യം
കുവാങ് സി വെള്ളച്ചാട്ടം, ലാവോസ്
ലാവോസിലെ ലുവാങ് പ്രബാങിന് സമീപമുള്ള കുവാങ് സി മൂന്ന് തട്ടുകളായി പതിക്കുന്ന വെള്ളച്ചാട്ടമാണ്. സുതാര്യമായ നീലനിറത്തിലുള്ള വെള്ളമാണ് പ്രധാന ആകർഷണം.
വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പാതകളിലൂടെ സഞ്ചരിച്ചാൽ തിരക്കിൽനിന്ന് മാറി പ്രകൃതിയുടെ ശാന്തത ആസ്വദിക്കാനും സാധിക്കും.
ടോറസ് ഡെൽ പെയ്ൻ, ചിലി
ചിലിയിലെ പാറ്റഗോണിയയിലുള്ള ടോറസ് ഡെൽ പെയ്ൻ നാഷണൽ പാർക്ക് കുത്തനെയുള്ള ഗ്രാനൈറ്റ് പർവതങ്ങൾ, നീലനിറത്തിലുള്ള ഹിമാനികൾ, ടർക്കോയിസ് നിറത്തിലുള്ള തടാകങ്ങൾ എന്നിവയുടെ അത്ഭുതലോകമാണ്.
യുനെസ്കോ ബയോസ്ഫിയർ റിസർവ് (UNESCO Biosphere Reserve) കൂടെയായ ഇവിടെ പ്രശസ്തമായ ഡബ്ല്യൂ ട്രെക്ക് (W Trek) ഉൾപ്പെടെ നിരവധി ട്രെക്കിങ് പാതകളുണ്ട്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് സന്ദർശനത്തിന് അനുയോജ്യമായ കാലയളവ്.
ഹുവാകച്ചിന, പെറു
പെറുവിലെ ഇക്ക മരുഭൂമിയിലെ ഉയർന്ന മണൽക്കുന്നുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ചെറിയ മരുപ്പച്ചയാണ് ഹുവാകച്ചിന.
നടുവിലുള്ള തടാകവും ചുറ്റുമുള്ള പനമരങ്ങളും 100 മീറ്റർ വരെ ഉയരമുള്ള മണൽക്കുന്നുകളും ചേർന്ന് ഒരു സിനിമാക്കാഴ്ച പോലെയാണ് ഇവിടെ അനുഭവപ്പെടുന്നത്. സാൻഡ്‌ബോർഡിങ്ങും ഡ്യൂൺ ബഗ്ഗി റൈഡുമാണ് പ്രധാന സാഹസിക വിനോദങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates