സമകാലിക മലയാളം ഡെസ്ക്
ഇന്ന് മലയാളികൾക്കിടയിൽ ഏറെ പ്രചാരമുള്ള ഒരു വിഭവമാണ് മന്തി.
മന്തി കഴിക്കുമ്പോൾ പലരും അതിനൊപ്പം ഒരു വലിയ ഗ്ലാസ് സോഫ്റ്റ് ഡ്രിങ്കെങ്കിലും കുടിക്കാറുണ്ട്.
എന്നാൽ മന്തി പ്രേമികളുടെ ഈ ഇഷ്ട കൂട്ടുകെട്ട് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
മന്തിയിലും സോഫ്റ്റ് ഡ്രിങ്ക്സിലും കലോറി വളരെ കൂടുതലാണ്. ഒരുമിച്ച് കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യത്തിനുമപ്പുറം ഊർജം ലഭിക്കുകയും അത് കൊഴുപ്പായി സംഭരിക്കപ്പെടുകയും ചെയ്യും. ഇത് അമിതവണ്ണത്തിനും വയറിലെ കൊഴുപ്പ് വർധിക്കാനും കാരണമാകും.
സോഫ്റ്റ് ഡ്രിങ്ക്സിൽ അടങ്ങിയിരിക്കുന്ന അമിത പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയർത്തും. സ്ഥിരമായി ഇത്തരത്തിലുള്ള ശീലം തുടരുകയാണെങ്കിൽ ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും സാധ്യത വർധിക്കും.
മന്തി പോലുള്ള ഭക്ഷണത്തോടൊപ്പം കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കുമ്പോൾ വയറുവീക്കം, ഗ്യാസ്, അസ്വസ്ഥത എന്നിവ അനുഭവപ്പെടാം. ചിലരിൽ ദഹനം മന്ദഗതിയിലാകാനും സാധ്യതയുണ്ട്.
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണവും പഞ്ചസാര കൂടുതലുള്ള പാനീയവും ഒരുമിച്ച് കഴിക്കുന്നത് കൊളസ്ട്രോൾ നിലയെ ബാധിക്കാം. ഇത് ദീർഘകാലത്തിൽ ഹൃദ്രോഗ സാധ്യത ഉയർത്തുന്ന ഘടകങ്ങളിലൊന്നാണ്.
സോഫ്റ്റ് ഡ്രിങ്ക്സിലുള്ള ഫ്രക്ടോസ് അമിതമായി ശരീരത്തിലെത്തുമ്പോൾ അത് കരളിൽ കൊഴുപ്പായി അടിഞ്ഞുകൂടാം. ഇത് ഫാറ്റി ലിവർ പോലുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കും.
സോഫ്റ്റ് ഡ്രിങ്ക്സ് കുടിച്ചാൽ ഉടൻ ഊർജം ലഭിക്കുന്നതുപോലെ തോന്നുമെങ്കിലും പിന്നീട് പഞ്ചസാരയുടെ അളവ് താഴുമ്പോൾ ക്ഷീണം, മന്ദത, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates