സമകാലിക മലയാളം ഡെസ്ക്
ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ മുട്ട ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു.
എന്നാൽ ഏതൊരു ഭക്ഷണവും പോലെ മുട്ടയും അമിതമായി കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
ശരീരാവശ്യത്തിനനുസരിച്ച് ശരിയായ അളവിൽ മുട്ട ഉൾപ്പെടുത്തുന്നതാണ് ആരോഗ്യകരമായ ശീലം.
അമിതമായ മുട്ട ഉപഭോഗം ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാം.
കൊളസ്ട്രോൾ നില ഉയരാം
ഒരു ഇടത്തരം മുട്ടയിൽ ഏകദേശം 186 മില്ലിഗ്രാം കൊളസ്ട്രോളാണ് അടങ്ങിയിട്ടുള്ളത്. ഇത് പ്രധാനമായും മഞ്ഞക്കരുവിലാണ് കാണപ്പെടുന്നത്. നമ്മുടെ ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ള കൊളസ്ട്രോളിൻ്റെ ഭൂരിഭാഗവും ഒരു മുട്ടയിൽ നിന്ന് തന്നെ ലഭിക്കും. അതുകൊണ്ട് ദിവസവും ഒന്നിലധികം മഞ്ഞക്കരു കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കൂട്ടാൻ കാരണമായേക്കാം.
ഹൃദയാരോഗ്യത്തിന് നല്ലതല്ല
രക്തത്തിൽ ചീത്ത കൊളസ്ട്രോൾ അമിതമായാൽ അത് രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുകയും ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ഭാവിയിൽ ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും ഹൃദയാഘാത സാധ്യതയിലേക്കും വഴിമാറാം.
ദഹനപ്രശ്നങ്ങളും വയറുവീക്കവും
മുട്ടയിൽ കാർബോഹൈഡ്രേറ്റുകളും നാരുകളും അടങ്ങിയിട്ടില്ല. അതിനാൽ അമിതമായി മുട്ട കഴിക്കുന്നത് ചിലരിൽ മലബന്ധം, ഗ്യാസ് ട്രബിൾ, വയറുവീക്കം എന്നിവയ്ക്ക് കാരണമാകും.
വൃക്കകൾക്ക് മോശം
മുട്ടയിൽ പ്രോട്ടീൻ ഉയർന്ന അളവിലുണ്ട്. പ്രോട്ടീൻ ദഹിക്കുമ്പോൾ ശരീരത്തിൽ ‘നൈട്രജൻ’ ഉണ്ടാകുന്നു. ഇത് അമിതമാകുമ്പോൾ രക്തം ശുദ്ധീകരിക്കാൻ വൃക്കകൾക്ക് കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നു. വൃക്കരോഗമുള്ളവർ പ്രോട്ടീൻ അളവ് നിയന്ത്രിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകാം.
ദിവസവും എത്ര മുട്ട വരെ കഴിക്കാം?
സാധാരണ വ്യക്തികൾ ദിവസവും ഒന്ന് മുതൽ രണ്ട് മുട്ട വരെ കഴിക്കാവുന്നതാണ്. മഞ്ഞക്കരു ഉൾപ്പെടെ കഴിക്കാം
വ്യായാമം ചെയ്യുന്നവർ അല്ലെങ്കിൽ അത്‌ലറ്റുകൾ മൂന്ന് മുതൽ അഞ്ച് മുട്ട വരെ കഴിക്കാവുന്നതാണ്. ഒരു മഞ്ഞക്കരു, ബാക്കി മുട്ടയുടെ വെള്ള മാത്രം.
ഹൃദ്രോഗികളും പ്രമേഹരോഗികളും ആഴ്ചയിൽ മൂന്ന് മുതൽ നാല് മുട്ട വരെയെ കഴിക്കാവൂ. അതും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates