സമകാലിക മലയാളം ഡെസ്ക്
മുട്ട ഒരു സമ്പൂർണ്ണ ആഹാരമാണ്. ശരീരത്തിനാവശ്യമായ ഒട്ടേറെ പോഷകങ്ങൾ ഒരുമിച്ച് അടങ്ങിയിരിക്കുന്ന ഈ കൊച്ചു വിഭവം ആരോഗ്യകരമായ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പ്രോട്ടീൻ, വിറ്റാമിൻ ഡി, കാൽസ്യം, വിറ്റാമിൻ ബി12, തലച്ചോറിന്റെ പ്രവർത്തനത്തിന് സഹായിക്കുന്ന കോളിൻ തുടങ്ങി നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് മുട്ട . എപ്പോൾ, എങ്ങനെ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്ന് നോക്കാം.
പ്രഭാതഭക്ഷണമായി മുട്ട
നമ്മുടെ ഒരു ദിവസത്തെ ഭക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രഭാതഭക്ഷണം. ദിവസം മുഴുവൻ ഊർജ്ജം നൽകുന്ന ഈ ഭക്ഷണം ഒഴിവാക്കുന്നത് പ്രമേഹം, അമിതവണ്ണം തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
പ്രോട്ടീൻ സമ്പുഷ്ടം
മുട്ട പ്രോട്ടീനിന്റെ ഒരു മികച്ച ഉറവിടമാണ്. ഇത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നത് വഴി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ പുഴുങ്ങിയ മുട്ട വളരെ ഫലപ്രദമാണ്. മുട്ടയിലടങ്ങിയ അമിനോ ആസിഡുകളാണ് ഈ ഗുണത്തിന് പിന്നിൽ.
പ്രതിരോധശേഷിക്ക് ഉത്തമം
മുട്ട ശരീരത്തിന് ആരോഗ്യവും പ്രതിരോധശേഷിയും നൽകുന്നു. ഇത് വിറ്റാമിൻ ഡി ധാരാളമടങ്ങിയ ഒന്നാണ്. ഇന്ന് കുട്ടികളിൽ പോലും സാധാരണയായി കണ്ടുവരുന്ന വിറ്റാമിൻ ഡിയുടെ കുറവ് പല രോഗങ്ങൾക്കും കാരണമാകുന്നു. വിറ്റാമിൻ ഡി അടങ്ങിയ ചുരുക്കം ചില ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് മുട്ട.
വിളർച്ച തടയാൻ
മുട്ടയിലടങ്ങിയ വിറ്റാമിൻ ബി12 ഹീമോഗ്ലോബിന്റെ ഉത്പാദനത്തെ സഹായിക്കുന്നു. ഇത് വിളർച്ച പോലുള്ള പ്രശ്നങ്ങൾ തടയാനും ശരീരത്തിന് പ്രതിരോധശേഷി നൽകാനും സഹായിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യം
മുട്ടയിലടങ്ങിയ കോളിൻ പോലുള്ള പോഷകങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇത് ശരീരത്തിന് മാത്രമല്ല, തലച്ചോറിനും ഉണർവും ബുദ്ധിയും നൽകാൻ സഹായിക്കുന്നു. അതുകൊണ്ട്, പഠിക്കുന്ന കുട്ടികൾക്ക് രാവിലെ നൽകാൻ പറ്റിയ മികച്ചൊരു പ്രഭാതഭക്ഷണമാണ് മുട്ട. പ്രമേഹരോഗികൾക്കും പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താവുന്നതാണ്.
മുട്ട എങ്ങനെ പാചകം ചെയ്യണം?
മുട്ട എങ്ങനെ തയ്യാറാക്കുന്നു എന്നതും അതിന്റെ ആരോഗ്യഗുണങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ബുൾസൈ, പോച്ച്ഡ് മുട്ട തുടങ്ങിയ രീതികളിൽ പാചകം ചെയ്യുമ്പോൾ ചിലപ്പോൾ മുട്ട പൂർണ്ണമായി വെന്തുവെന്ന് വരില്ല. മുട്ട നന്നായി വെന്തതിനു ശേഷം മാത്രം കഴിക്കുക. അല്ലാത്തപക്ഷം സാൽമൊണെല്ല പോലുള്ള അണുബാധകൾക്ക് സാധ്യതയുണ്ട്. നന്നായി വേവുകയും എണ്ണ ചേർക്കാതെ തയ്യാറാക്കുകയും ചെയ്യുന്ന പുഴുങ്ങിയ മുട്ട തന്നെയാണ് ഏറ്റവും ആരോഗ്യകരമായ രീതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates