സമകാലിക മലയാളം ഡെസ്ക്
ഭക്ഷണങ്ങളോടുള്ള താത്പര്യം ഓരോരുത്തര്‍ക്കും വ്യത്യസ്തമാണ്. കേരളത്തിലെ മുഖ്യമന്ത്രിമാര്‍ക്കും അങ്ങനെയാണ്.
സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിമാരുടെ രുചികള്‍ അവരുടെ ഭരണകാലയളവിലും ഹിറ്റായിരുന്നു. അവയില്‍ ചിലത് പരിചയപ്പെടാം
വി.ഡി,സതീശൻ
വെജും നോൺ വെജുമെല്ലാം ഒരുപോലെ ഇഷ്ടമുള്ള വ്യക്തിയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി,സതീശൻ. വീട്ടിലുണ്ടാക്കുന്ന എന്തും കഴിക്കും. എന്തായാലും മിതമായി കഴിക്കുകയാണ് ശീലം. ദോശയോടു വലിയ പ്രിയമാണ്. അതു പോലെ ഇഷ്ടമാണ് മാമ്പഴ പുളിശേരിയോടും.ചിക്കനേക്കാൾ പ്രിയം മീനിനോടാണ്.
പിണറായി വിജയൻ
പിണറായി വിജയന്റെ ഇഷ്‌ട വിഭവം മീൻ കറിയാണ്. ഉച്ചയ്‌ക്കു ചോറിനൊപ്പവും രാത്രി ചപ്പാത്തിയുടെ കൂടെയും മീൻകറി കഴിക്കും. പ്രഭാത ഭക്ഷണം പുട്ടും ചെറുപയറും.
ഉമ്മൻ ചാണ്ടി
പ്രഭാത ഭക്ഷണങ്ങളിൽ ഇഡ്ഡലിയും സാമ്പാറുമാണ് ഉമ്മൻ ചാണ്ടിയുടെ പ്രിയ ഭക്ഷണം. മധുരമില്ലാത്ത ചായ ഇടവിട്ട് കുടിക്കും. ഊണിനു മീൻകറി നിർബന്ധമാണ്. രാത്രിയിൽ കഞ്ഞിയും പയറും പപ്പടവും.
വി.എസ്.അച്യുതാനന്ദൻ
രാഷ്ട്രീയത്തിലേതു പോലെ കടുപ്പത്തിലുള്ള ഭക്ഷണ നിയന്ത്രണമാണ് വി.എസ്.അച്യുതാനന്ദന്റേത്. പുലരുമ്പോൾ ഒരു കരിക്ക്. കാപ്പിയും ചായയും കുടിക്കില്ല. ഇഡ്ഡലി, ഇടിയപ്പം, ദോശ, പുട്ട് –ഇവയിൽ ഏതെങ്കിലുമൊന്നും ചൈനീസ് മസാലയുമാണു പ്രഭാത ഭക്ഷണം.
ഇഡ്ഡലിയായാലും ദോശയായാലും 2 എണ്ണം മതി. ജീരകവെള്ളം നിർബന്ധം.ഞവരി അരി ചോറും ഇലക്കറികളുമാണ് പ്രിയം. ആലപ്പുഴയിലെ വരാൽ മീനിനോട് എന്നും പ്രിയമായിരുന്നു. പാലക്കാടൻ ഞവര അരി കൊണ്ടുള്ള ചോറായിരുന്നു പ്രിയം.
എ.കെ.ആന്റണി
സാമ്പാറും ഇഡ്‌ലിയുമാണ് എ.കെ.ആന്റണിയുടെ ഇഷ്ട ഭക്ഷണങ്ങളുടെ പട്ടികിൽ ഒന്നാമത്. ചോറിന് മുരിങ്ങക്കുരു തോരൻ ഏറെ ഇഷ്ടം. കറികളിൽ എണ്ണ, എരിവ്, നിറം എന്നിവ അധികം പാടില്ല. അത്താഴത്തിനു കഞ്ഞി, ചെറുപയർ, ചമ്മന്തി, കൂർക്ക ഉലർത്തിയത് എന്നിവയാണ് ഇഷ്ടം.
സി.എച്ച്.മുഹമ്മദ് കോയ
പ്രമേഹ ബാധിതനായിരുന്നെങ്കിലും സി.എച്ച്.മുഹമ്മദ് കോയക്ക് കപ്പപ്പഴം (ചെങ്കദളി) വളരെ ഇഷ്ടമായിരുന്നു. നെയ്‌ച്ചോറും ചിക്കൻ കറിയുമാണ് മറ്റൊരു ഇഷ്ട ഭക്ഷണം.
കെ.കരുണാകരൻ
രാവിലെ ഗുരുവായൂരിലെ കളഭവും തീർഥവും ചേർത്ത് കഴിച്ചശേഷം കരിക്കിൻ വെള്ളം. പിന്നെ ഒരു ഇഡ്ഡലി. നെല്ലിക്കാനീരും തേനും. ഒരു കഷണം പഴുത്ത പപ്പായ. ഉച്ചഭക്ഷണം രണ്ടു സ്പൂൺ ചോറ്, പച്ചക്കറികൾ, പുളിയില്ലാത്ത കറികൾ. രാത്രി ഗോതമ്പുകഞ്ഞി അല്ലെങ്കിൽ ഞവരക്കഞ്ഞി.
പി.കെ.വാസുദേവൻ നായർ
പികെവിയുടെ ഇഷ്ട ഭക്ഷണം കഞ്ഞിയും പയറുമാണ്. നാടൻ മീൻകറിയും പ്രിയം.ചോറിന് തോരൻ, അവിയൽ എന്നിവയാണ് പ്രിയം. എരിവും എണ്ണയും കുറവുള്ള കറികളോടായിരുന്നു താൽപര്യം. പാലട പ്രഥമൻ ഇഷ്ട മധുരം.
സി.അച്യുതമേനോൻ
മിതഭാഷിയായ സി.അച്യുതമേനോന് ഭക്ഷണത്തിലും മിതത്വമുണ്ടായിരുന്നു. അധികം മസാല ചേർക്കാത്ത നാടൻ കറികളായിരുന്നു പ്രിയം. മധുരപലഹാരങ്ങളോട് വലിയ താൽപര്യം ഇല്ലായിരുന്നു.
ഇ.കെ.നായനാർ
ഭക്ഷണപ്രേമിയായിരുന്നു ഇ.കെ.നായനാർ. എട്ടരയ്ക്ക് പ്രഭാതഭക്ഷണം. ഒരു മണിക്ക് ഉച്ചഭക്ഷണം. ഒരു ദിവസം ഉച്ചഭക്ഷണം വൈകിയതിനെ തുടർന്ന് നിയമസഭയിൽ അദ്ദേഹം കുഴഞ്ഞുവീണ സംഭവം ചർച്ചയായിരുന്നു. തൈരും മീൻകറിയും ചേർത്ത ചോറ് ഏറ്റവും ഇഷ്ടം. അൽപം എരിവുള്ള നാടൻ കറികളുടെയും ആരാധകൻ.
ഇഎംഎസ് നമ്പൂതിരിപ്പാട്
കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന് വലിയ വിഭവങ്ങൾ വേണ്ട. എരിവും പുളിയും ഉപ്പും കുറഞ്ഞ മീൻകറി മതി. തേങ്ങാപ്പാൽ ചേർത്ത് തക്കാളിയിട്ടു വറ്റിച്ചെടുത്ത മീൻകറിയോട് പ്രത്യേക ഇഷ്ടമായിരുന്നു. ഉച്ചയ്ക്ക് ചോറിനൊപ്പം ഒരു നോൺവെജ് കറി നിർബന്ധം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates