സമകാലിക മലയാളം ഡെസ്ക്
ഭക്ഷണം പാഴാകാതിരിക്കാൻ പലരും ബാക്കിയുള്ള ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്.
എന്നാൽ ഫ്രിഡ്ജിൽ വെച്ചാൽ ഭക്ഷണം ദിവസങ്ങളോളം സുരക്ഷിതമായി നിലനിൽക്കുമെന്ന ധാരണ തെറ്റാണ്.
ചില ഭക്ഷണ സാധനങ്ങൾ രണ്ട് ദിവസത്തിലധികം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ബാക്ടീരിയകളുടെ വളർച്ചയ്ക്കും ഭക്ഷ്യവിഷബാധയ്ക്കും സാധ്യത വർധിക്കും.
ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ 48 മണിക്കൂറിനുള്ളിൽ ഉപയോഗിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
ചോറ്
ചോറിൽ ബാസിലസ് സെറസ് എന്ന ബാക്ടീരിയ ഉണ്ട്. ഇത് രണ്ട് ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല.
സാലഡ്
സാലഡ് രണ്ട് ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അണുക്കൾ വളരാൻ കാരണമാകും. പ്രത്യേകിച്ചും ഇലക്കറികളിലാണ് കൂടുതൽ അണുക്കൾ ഉണ്ടാവാൻ സാധ്യതയുള്ളത്.
മീൻ വിഭവങ്ങൾ
മീൻ വളരെ പെട്ടെന്ന് കേടാകുന്ന ഭക്ഷണമാണ്. പാകം ചെയ്ത മീൻ ഫ്രിഡ്ജിൽ സൂക്ഷിച്ചാലും രണ്ട് ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് നല്ലത്. അതിനുശേഷം രുചിയിലും ഗുണത്തിലും മാറ്റം വരുന്നതിനൊപ്പം ബാക്ടീരിയ വളരാനുള്ള സാധ്യതയും വർധിക്കും.
ചിക്കൻ, മാംസ വിഭവങ്ങൾ
പാകം ചെയ്ത ചിക്കൻ, ബീഫ്, മട്ടൻ തുടങ്ങിയ മാംസ വിഭവങ്ങൾ അധികനേരം ഫ്രിഡ്ജിൽ വെക്കുന്നത് അപകടകരമാണ്. ഇവയിൽ രോഗകാരികളായ സൂക്ഷ്മാണുക്കൾ വളരാൻ സാധ്യതയുള്ളതിനാൽ 48 മണിക്കൂറിനുള്ളിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.
മുട്ട ഉപയോഗിച്ച വിഭവങ്ങൾ
ഓംലറ്റ്, മുട്ടക്കറി, മയോണൈസ് ചേർത്ത സലാഡുകൾ തുടങ്ങിയ മുട്ട അടങ്ങിയ വിഭവങ്ങൾ ദീർഘനേരം സൂക്ഷിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാം. രണ്ട് ദിവസത്തിന് ശേഷം ഇവയുടെ ഗുണനിലവാരം കുറയുകയും ബാക്ടീരിയ വളരാനുള്ള സാധ്യത വർധിക്കുകയും ചെയ്യും.
പാൽ അടിസ്ഥാനമാക്കിയ ഭക്ഷണങ്ങൾ
പാൽ, ക്രീം, കസ്റ്റാർഡ്, പായസം തുടങ്ങിയ വിഭവങ്ങൾ വളരെ വേഗത്തിൽ കേടാകാൻ സാധ്യതയുള്ളവയാണ്. ഫ്രിഡ്ജിൽ സൂക്ഷിച്ചാലും രണ്ട് ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് ഉചിതം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates