അഞ്ജു സി വിനോദ്
കര്‍ക്കിടക മാസം പൊതുവേ ആരോഗ്യത്തിന് അത്ര നല്ല മാസമല്ല. കർക്കടത്തിലെ മഴയും തണുപ്പും നമ്മുടെ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തും. പഞ്ഞ മാസം എന്നും കര്‍ക്കിടക മാസത്തെ വിളിക്കാറുണ്ട്.
അതുകൊണ്ട് തന്നെ കർക്കടകത്തിൽ ഭക്ഷണത്തിന്റെ കാര്യത്തില്‍ അൽപം കൂടുതൽ ശ്രദ്ധവേണം. പലപ്പോഴും ചെറിയ ചില മാറ്റങ്ങള്‍ പോലും നിങ്ങളുടെ ആരോഗ്യത്തെ വളരെ വലിയ തോതില്‍ സ്വാധീനിച്ചേക്കാം.
കർക്കട മാസത്തിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ
വറുത്ത ഭക്ഷണങ്ങള്‍
കർക്കടമാസത്തിൽ എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ പാടേ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് കഫദോഷത്തെ വര്‍ധിപ്പിക്കുകയും ദഹനാരോഗ്യത്തെ മോശമായി ബാധിക്കുകുയം ചെയ്യുന്നു. പ്രത്യേകിച്ച് ചിപ്സ്, പൂരികള്‍ തുടങ്ങിയ വറുത്ത ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുക.
എരിവുള്ള ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്നവർ ധാരാളമുണ്ട്. എന്നാൽ കർക്കടകത്തിൽ മസാലയും എരിവുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും ദഹനാരോഗ്യത്തെ പ്രശ്‌നത്തിലാക്കുകയും ചെയ്യുന്നു.
തണുത്ത ഭക്ഷണവും പാനിയവും
തണുത്ത ഭക്ഷണവും പാനീയങ്ങളും ഈ കാലയളവിൽ ഒഴിവാക്കുക. ഇത് ദഹനക്കേടിനും രോഗപ്രതിരോധ ശേഷി കുറയ്ക്കാനും കാരണമാകും. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം
മാംസാഹാരങ്ങൾ കർക്കടമാസത്തിൽ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പലപ്പോഴും ദഹിക്കാന്‍ കൂടുതല്‍ പ്രയാസമായിരിക്കും. ഇത് പെട്ടെന്ന് ദഹനക്കേട് ഉണ്ടാക്കാൻ സാധ്യതയുണ്ട്.
പുളിപ്പിച്ച ഭക്ഷണങ്ങള്‍
ദോശ, ഇഡ്ഡലി, അച്ചാറുകള്‍ തുടങ്ങിയ ഇനങ്ങള്‍ അസിഡിറ്റി വര്‍ധിപ്പിക്കുന്നതിന് കാരണമായേക്കും. പ്രത്യേകിച്ച് ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ഇത് അണുബാധയിലേക്കും എത്തിക്കും.