സമകാലിക മലയാളം ഡെസ്ക്
പ്രായം മുപ്പത് കഴിഞ്ഞ സ്ത്രീകൾ ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
നിത്യജീവിതത്തിലെ തിരക്ക് കാരണം ആരോഗ്യ സംരക്ഷിക്കുന്നതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ മറക്കുന്നവരാണ് പല സ്ത്രീകളും.
ഇത് പലതരം ആരോഗ്യ പ്രശ്‌നങ്ങൾ വന്നു ചേരാൻ ഇടയാക്കും. അതിനാൽ ശരിയായ ഭക്ഷണക്രമവും വ്യായാമവുമൊക്കെ പിന്തുടരേണ്ടത് പ്രധാനമാണ്.
ഇലക്കറികൾ
അയേൺ, കാത്സ്യം, വിറ്റാമിനുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണ് ഇലക്കറികൾ. ഇത് ഊർജ്ജം വർധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.കൂടാതെ പ്രതിരോധ സംവിധാനവും ദഹനവും മെച്ചപ്പെടുത്താൻ സഹായിക്കും.
ബെറികൾ
ആന്‍റി ഓക്‌സിഡന്‍റുകളുടെ കലവറയാണ് ബെറി പഴങ്ങൾ. ഇത് പതിവായി കഴിക്കുന്നത് വാർദ്ധക്യത്തിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ആർത്തവ സമയത്തെ വേദന കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് ഗുണകരമാണ്. ഇതിലെ വൈറ്റമിനുകളും നാരുകളും ശരീരത്തിന്‍റ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ ഫലം ചെയ്യും.
മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീനുകൾ ഡയറ്റിൽ ഉൾപ്പെടുത്താം. ഹൃദയാരോഗ്യം, ബ്രയിനിന്‍റെ പ്രവർത്തനം എന്നിവ മെച്ചപ്പെടുത്താനും ഹോർമോൺ സന്തുലിതമാക്കാനും ഇത് സഹായിക്കും.
മധുരക്കിഴങ്ങ്
വിറ്റാമിൻ എയുടെ നല്ലൊരു ഉറവിടമാണ് മധുരക്കിഴങ്ങ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ചർമ്മരോഗ്യം സംരക്ഷിക്കാനും മധുരക്കിഴങ്ങ് കഴിക്കുന്നത് ഫലം ചെയ്യും. കൂടാതെ കാഴ്‌ചശക്തി വർധിപ്പിക്കാനും ഊർജ്ജം നിലനിർത്താനും ഇത് സഹായിക്കും.
നട്‌സ്
മഗ്നീഷ്യം, വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ നട്‌സിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കാൻ സാഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും നട്‌സ് പതിവായി കഴിക്കുന്നത് ഗുണം ചെയ്യും.
പയറുവർഗങ്ങൾ
പയറുവർഗങ്ങളിൽ പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മഞ്ഞൾ
മുപ്പത് കഴിഞ്ഞ സ്ത്രീകൾ ഡയറ്റിൽ പതിവായി മഞ്ഞൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ വീക്കം കുറയ്ക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ഇത് ഗുണകരമാണ്. സന്ധികളുടെ ആരോഗ്യം നിലനിർത്താനും ഇവ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates