സമകാലിക മലയാളം ഡെസ്ക്
ജെൻ സി സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണങ്ങളിൽ കേൾക്കുന്ന പല വാക്കുകളുടെയും അർത്ഥം മനസ്സിലാകാതെ കുഴങ്ങാറുണ്ടോ? സോഷ്യൽ മീഡിയയിലും ചാറ്റുകളിലും മാത്രമല്ല, ഇപ്പോൾ ജോലിസ്ഥലത്തെ സംഭാഷണങ്ങളിലും ഇത്തരം സ്ലാങുകൾ ഇടംപിടിച്ചിട്ടുണ്ട്. ‘Bet’, ‘Mid’, ‘Mog’, ‘Crash out’ തുടങ്ങിയ വാക്കുകൾ അതിൽ ചിലതാണ്.
‘Bet’ എന്നത് സമ്മതം അറിയിക്കാനോ ‘ശരി’, ‘തീർച്ചയായും’ എന്ന അർത്ഥത്തിലോ ഉപയോഗിക്കുന്ന വാക്കാണ്. ഒരാൾ ഒരു കാര്യം ചെയ്യാമെന്ന് പറയുമ്പോൾ മറുപടിയായി ‘Bet’ എന്ന് പറഞ്ഞാൽ ‘ഓക്കെ, അത് ചെയ്തേക്കാം’ എന്നാണ് അർത്ഥം.
എന്തെങ്കിലും കാര്യത്തിന് പ്രതീക്ഷിച്ചത്ര നിലവാരമില്ലെന്ന് പറയാനാണ് ‘Mid’ ഉപയോഗിക്കുന്നത്. മോശമല്ല, എന്നാൽ അത്ര മികച്ചതുമല്ല എന്ന അർത്ഥം. ഒരു സിനിമയെക്കുറിച്ച് “The movie was mid” എന്ന് പറഞ്ഞാൽ സിനിമ ശരാശരിയായിരുന്നു, വലിയ മതിപ്പുണ്ടാക്കിയില്ല എന്നാണ് ഉദ്ദേശിക്കുന്നത്.
മറ്റൊരാളെക്കാൾ മികച്ചതായി തിളങ്ങുകയോ എളുപ്പത്തിൽ മറ്റൊരാളെ മറികടക്കുകയോ ചെയ്യുന്നതിനെ ‘Mog’ എന്ന് പറയാം. ഒരു പരിപാടിയിൽ ഒരാൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ മറ്റൊരാളുടെ പ്രകടനം വളരെ സാധാരണമായിരുന്നെങ്കിൽ, ആദ്യത്തെയാൾ രണ്ടാമത്തെയാളെ ‘mog’ ചെയ്തു എന്ന് പറയാം.
വളരെ അധികം ദേഷ്യമോ നിരാശയോ തോന്നി നിയന്ത്രണം നഷ്ടപ്പെട്ട് ശക്തമായി പ്രതികരിക്കുന്ന സാഹചര്യത്തെയാണ് ‘Crash out’ എന്ന് പറയുന്നത്. ഉദാഹരണത്തിന്, ഏറെ ദിവസത്തെ അധ്വാനത്തിന് ശേഷം പൂർത്തിയാക്കിയ ഒരു പ്രോജക്ടിൽ വീണ്ടും നിരവധി തിരുത്തലുകൾ ആവശ്യപ്പെട്ടാൽ ഒരാൾ “I’m about to crash out” എന്ന് പറയാം.
സ്വന്തം പ്രതിച്ഛായയും സ്വാധീനവും വർധിപ്പിക്കാനായി ബോധപൂർവം കാര്യങ്ങൾ ചെയ്യുന്നതിനെയാണ് ‘Aura farming’ എന്ന് പറയുന്നത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനോ മറ്റുള്ളവരുടെ മുന്നിൽ കൂടുതൽ പ്രാധാന്യമുള്ള വ്യക്തിയായി തോന്നുന്നതിനോ ഒരാൾ നിരന്തരം ശ്രമിക്കുന്ന സാഹചര്യത്തിലും ഈ വാക്ക് ഉപയോഗിക്കാം.
‘Opp’ എന്നത് ‘opposition’ അല്ലെങ്കിൽ ‘enemy’ എന്നതിന്റെ ചുരുക്കരൂപമാണ്. തനിക്കെതിരായി നിൽക്കുന്ന വ്യക്തിയെയോ കാര്യത്തെയോ സൂചിപ്പിക്കാനാണ് സാധാരണ ഉപയോഗിക്കുന്നത്. ഒരു ടീമിന്റെ പ്രധാനപ്പെട്ട ജോലി പൂർത്തിയാക്കുന്നതിനിടെ വെബ്സൈറ്റ് തുടർച്ചയായി തകരാറിലായാൽ, തമാശയായി ആ വെബ്സൈറ്റാണ് തങ്ങളുടെ ‘opp’ ആണെന്ന് പറയാം.
‘That Feeling When’ എന്നതിന്റെ ചുരുക്കമാണ് TFW. ഒരു പ്രത്യേക സാഹചര്യത്തിൽ ഉണ്ടാകുന്ന, മറ്റുള്ളവർക്കും എളുപ്പം മനസ്സിലാകുന്ന വികാരം വിവരിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, ഏറെ നേരം കാത്തിരുന്ന ശേഷം ഇന്റർനെറ്റ് ശരിയാകുമ്പോഴുള്ള ആശ്വാസം വിവരിക്കാൻ “TFW the internet finally works” എന്ന് പറയാം.
‘No cap’ എന്നത് ‘ഞാൻ സത്യമാണ് പറയുന്നത്’, ‘കളവൊന്നുമില്ല’ എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ഒരാൾ പറയുന്ന കാര്യത്തിന്റെ സത്യസന്ധതയ്ക്ക് ഊന്നൽ നൽകാനാണ് ഇത് ഉപയോഗിക്കുന്നത്. “ഈ സിനിമ വളരെ മികച്ചതാണ്, no cap” എന്ന് പറഞ്ഞാൽ സിനിമയെക്കുറിച്ച് താൻ ആത്മാർഥമായാണ് അഭിപ്രായപ്പെടുന്നതെന്നാണ് ഉദ്ദേശിക്കുന്നത്.
Gen Zയുടെ സ്ലാങുകൾ ആദ്യം പ്രധാനമായും സോഷ്യൽ മീഡിയയിലും ഓൺലൈൻ സംഭാഷണങ്ങളിലുമാണ് ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ പുതിയ തലമുറ തൊഴിൽരംഗത്തേക്ക് എത്തുന്നതിനനുസരിച്ച് ഇത്തരം വാക്കുകൾ അനൗപചാരികമായ ജോലിസ്ഥലത്തെ സംഭാഷണങ്ങളിലും കടന്നുവരുന്നുണ്ട്.
‘Rizz’, ‘Goated’, ‘Sigma’, ‘Main character energy’, ‘Locked in’, ‘Yap’ തുടങ്ങിയ വാക്കുകളും ജെൻസിയുടെ ഭാഷയിൽ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ടുതന്നെ ജെൻസിയുടെ ഭാഷ മനസ്സിലാക്കുന്നത് സോഷ്യൽ മീഡിയ ട്രെൻഡുകൾ പിന്തുടരുന്നതിനൊപ്പം പുതിയ തലമുറയുടെ ആശയവിനിമയ ശൈലി മനസ്സിലാക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates