സമകാലിക മലയാളം ഡെസ്ക്
ഒരു നടന്റെ കരിയറിൽ ദേശീയ പുരസ്കാരം തന്നെ വലിയൊരു അംഗീകാരമാണ്. എന്നാൽ ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയിലൂടെ നാലാം ദേശീയ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി.
വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്റെ പല തലങ്ങൾ പരീക്ഷിച്ച മമ്മൂട്ടിയുടെ ദേശീയ പുരസ്കാര യാത്രയും മലയാള സിനിമയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്.
മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് മതിലുകൾ, ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ്. 1989ൽ പുറത്തിറങ്ങിയ ഈ രണ്ട് സിനിമകളിലെ വ്യത്യസ്ത കഥാപാത്രങ്ങളാണ് അദ്ദേഹത്തിന് ദേശീയ തലത്തിൽ അംഗീകാരം നേടിക്കൊടുത്തത്.
ഒരേ സമയം ജയിലിലടയ്ക്കപ്പെട്ട ബഷീറെന്ന എഴുത്തുകാരന്റെ പ്രണയവും ചതിക്കാനറിയാത്ത വീരനായകനായ ചന്തുച്ചേകവരുടെ ദുർവിധിയും മമ്മൂട്ടി വെള്ളിത്തിരയിലെ വിസ്മയമാക്കി.
1993ലെ പൊന്തൻമാട, വിധേയൻ എന്നിവയിലൂടെയാണ് മമ്മൂട്ടി രണ്ടാം തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത്.
വിധേയനിലെ ഭാസ്കര പട്ടേലരും പൊന്തൻമാടയും ഇരുധ്രുവങ്ങളിലെ കാഥാപാത്രങ്ങളായിരുന്നു. ഒരേ സാമൂഹിക വ്യവസ്ഥിതിയുടെ രണ്ടറ്റങ്ങൾ.
1998ൽ പുറത്തിറങ്ങിയ ഡോ. ബാബാസാഹേബ് അംബേദ്കർ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മൂന്നാം ദേശീയ പുരസ്കാരം.
കഥാപാത്രത്തിന്റെ വ്യക്തിത്വവും കാലഘട്ടവും രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലവും മനസ്സിലാക്കി അവതരിപ്പിക്കേണ്ട വേഷം. അംബേദ്കറെ അവതരിപ്പിക്കാനായി ക്വീൻസ് ഇംഗ്ലീഷ് സംസാരിക്കുന്ന സ്ത്രീയുടെ കീഴിൽ മമ്മൂട്ടി ഇംഗ്ലീഷ് പഠിച്ചിരുന്നു.
നാലാമത്തെ ദേശീയ പുരസ്കാരത്തിനായി മമ്മൂട്ടിക്ക് 28 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. 2026ൽ ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റിയിലൂടെയാണ് ആ കാത്തിരിപ്പ് അവസാനിച്ചത്.
സെപ്റ്റംബർ 22ന് ഗുജറാത്തിലെ ഏകതാ നഗറിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരം സ്വീകരിക്കാൻ വേദിയിലെത്തിയപ്പോൾ അദ്ദേഹത്തിന് സദസിൽ നിന്ന് സ്റ്റാൻഡിങ് ഒവേഷൻ ലഭിക്കുകയും ചെയ്തു.
ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ ആദ്യം തിരക്കഥയും പിന്നീട് കഥാപാത്രത്തിന്റെ ആഴവുമാണ് നോക്കുന്നതെന്നാണ് മമ്മൂട്ടി പറയുന്നത്. വിപുലമായ തയ്യാറെടുപ്പുകൾ നടത്തുന്നതിലുപരി ക്യാമറയ്ക്ക് മുന്നിലെത്തുന്ന നിമിഷത്തിൽ ഉണ്ടാകുന്ന ഒരു പ്രത്യേക ഊർജമാണ് അഭിനയത്തിൽ സഹായിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സാഹിത്യ കഥാപാത്രം മുതൽ ചരിത്രപുരുഷൻ വരെയും അധികാരത്തിന്റെ പ്രതീകമായ കഥാപാത്രം മുതൽ നിഗൂഢമായ ഫോക്ക് ഹൊറർ കഥാപാത്രം വരെയും നീളുന്ന യാത്ര. നാലാമത്തെ ദേശീയ പുരസ്കാരം കൂടി സ്വന്തമാക്കിയതോടെ അമിതാഭ് ബച്ചനൊപ്പം ഏറ്റവുമധികം ദേശീയ പുരസ്കാരം സ്വന്തമാക്കുന്ന താരമായി ചരിത്രത്തിൽ മറ്റൊരു അധ്യായം കൂടി മമ്മൂട്ടി എഴുതിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates