സമകാലിക മലയാളം ഡെസ്ക്
മഴക്കാലം എത്തുമ്പോൾ ശരീരത്തിന്റെ പ്രതിരോധശേഷി കുറയാനും ജലദോഷം, പനി, വൈറൽ രോഗങ്ങൾ എന്നിവ പിടിപെടാനും സാധ്യത കൂടുതലാണ്.
ഇത്തരം കാലാവസ്ഥയിൽ ആരോഗ്യത്തെ സംരക്ഷിക്കാൻ പോഷകസമൃദ്ധമായ പഴവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ പ്രധാനമാണ്.
വിറ്റാമിനുകളും ആന്റി-ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയ ചില പഴങ്ങൾ ശരീരത്തിന് ആവശ്യമായ ഊർജവും പ്രതിരോധശേഷിയും നൽകുകയും മഴക്കാല രോഗങ്ങളെ അകറ്റി നിർത്താനും സഹായിക്കുകയും ചെയ്യും.
ഓറഞ്ചും മുസംബിയും
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഓറഞ്ചും മുസംബിയും പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. മഴക്കാലത്ത് സാധാരണയായി ഉണ്ടാകുന്ന ചുമ, പനി തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ ഇവയ്ക്ക് കഴിയും.
മാതളം
ഇരുമ്പും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയ മാതളം രക്തത്തിലെ ഹീമോഗ്ലോബിൻ വർധിപ്പിക്കാനും ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു. മഴക്കാലത്ത് ശരീരത്തിന് ഊർജം നൽകുന്ന മികച്ച പഴങ്ങളിൽ ഒന്നാണ് ഇത്.
ആപ്പിൾ
ദഹനാരോഗ്യത്തിന് ഏറെ ഗുണകരമാണ് ആപ്പിൾ. ഫൈബർ കൂടുതലുള്ളതിനാൽ വയറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് രോഗങ്ങളെ അകറ്റാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
വാഴപ്പഴം
വിപണിയിൽ എളുപ്പത്തിൽ ലഭിക്കുന്ന വാഴപ്പഴം പൊട്ടാസ്യം ധാരാളമായി അടങ്ങിയതാണ്. ശരീരത്തിന് ഊർജം നൽകാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. മഴക്കാലത്ത് വിശപ്പ് കുറയുന്നവർക്ക് നല്ലൊരു തിരഞ്ഞെടുപ്പാണ് വാഴപ്പഴം
പപ്പായ
വിറ്റാമിൻ എയും സിയും അടങ്ങിയ പപ്പായ ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിലെ വിഷാംശങ്ങൾ നീക്കാനും സഹായിക്കുകയും ചെയ്യുന്നു. ചർമ്മാരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്
പേരയ്ക്ക
വിറ്റാമിൻ സി ഏറ്റവും കൂടുതലായി അടങ്ങിയ പഴങ്ങളിൽ ഒന്നാണ് പേരയ്ക്ക. മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ജലദോഷം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates