സമകാലിക മലയാളം ഡെസ്ക്
വിദേശയാത്രയ്ക്കായി പുതിയ പാസ്‌പോർട്ട് എടുക്കാനൊരുങ്ങുകയാണോ? പാസ്‌പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട ഫീസിലും കുട്ടികളുടെ പാസ്‌പോർട്ടിന്റെ കാലാവധിയിലും പുതിയ മാറ്റങ്ങൾ നിലവിൽ വന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം 2026ലെ പാസ്‌പോർട്ട് (ഭേദഗതി) ചട്ടങ്ങൾ പ്രകാരമാണ് മാറ്റങ്ങൾ കൊണ്ടുവന്നത്.
സെപ്റ്റംബർ 15 മുതൽ കുട്ടികളുടെ പാസ്‌പോർട്ട് കാലാവധിയിലെ മാറ്റം പ്രാബല്യത്തിൽ വന്നപ്പോൾ, പുതുക്കിയ ഫീസ് ജൂലൈ 1 മുതൽ നിലവിലുണ്ട്.
15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന സാധാരണ 36 പേജുള്ള പാസ്‌പോർട്ടിന്റെ കാലാവധിയിലാണ് പ്രധാന മാറ്റം. ഇനി പാസ്‌പോർട്ട് എടുത്ത തീയതി മുതൽ അഞ്ച് വർഷം അല്ലെങ്കിൽ കുട്ടിക്ക് 18 വയസ് തികയുന്നത് വരെ, ഇതിൽ ഏതാണോ ആദ്യം അത് വരെ പാസ്‌പോർട്ടിന് സാധുതയുണ്ടാകും. നേരത്തെ അഞ്ച് വർഷം അല്ലെങ്കിൽ കുട്ടിക്ക് 15 വയസ് തികയുന്നത് വരെ എന്നതായിരുന്നു വ്യവസ്ഥ.
10 വയസ്സിൽ എടുത്താൽ 15 വയസുവരെ സാധുതയുണ്ടാകും. എന്നാൽ 14 വയസ്സിൽ എടുത്ത പാസ്‌പോർട്ട് 18 വയസുവരെ തുടരില്ല. അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പ് 18 വയസാകുന്നതിനാൽ, 18ാം വയസ്സിൽ പാസ്‌പോർട്ട് കാലഹരണപ്പെടും.
മുതിർന്നവരുടെ സാധാരണ 36 പേജുള്ള പുതിയ പാസ്‌പോർട്ടിനും റീ-ഇഷ്യൂവിനുമുള്ള ഫീസ് 1,500 രൂപയിൽ നിന്ന് 2,500 രൂപയായി ഉയർന്നു. 60 പേജുള്ള പാസ്‌പോർട്ടിന്റെ ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയായി.
അടിയന്തരമായി പാസ്‌പോർട്ട് ആവശ്യമുള്ളവർക്ക് ഉപയോഗിക്കുന്ന തത്കാൽ സേവനത്തിനും ഫീസ് വർധിച്ചിട്ടുണ്ട്. 36 പേജുള്ള മുതിർന്നവരുടെ തത്കാൽ പാസ്‌പോർട്ടിന് ഇനി 5,000 രൂപ നൽകണം. നേരത്തെ ഇത് 3,500 രൂപയായിരുന്നു. 60 പേജുള്ള തത്കാൽ പാസ്‌പോർട്ടിന് 6,000 രൂപയാണ് പുതിയ ഫീസ്. നേരത്തെ 4,000 രൂപയായിരുന്നു.
കുട്ടികൾക്കുള്ള സാധാരണ 36 പേജുള്ള പുതിയ പാസ്‌പോർട്ടിനോ റീ-ഇഷ്യൂവിനോ ഇനി 1,750 രൂപയാണ് ഫീസ്. നേരത്തെ ഇത് 1,000 രൂപയായിരുന്നു. 36 പേജുള്ള കുട്ടികളുടെ തത്കാൽ പാസ്‌പോർട്ടിന് 3,000 രൂപ നൽകണം.
നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്‌പോർട്ട് മാറ്റിയെടുക്കുന്നതിനുള്ള ഫീസിലും മാറ്റമുണ്ട്. പ്രത്യേകിച്ച് 60 പേജുള്ള പാസ്‌പോർട്ട് തത്കാൽ സേവനത്തിൽ മാറ്റിയെടുക്കുന്നതിനുള്ള ഫീസ് 5,500 രൂപയിൽ നിന്ന് 8,500 രൂപയായി ഉയർന്നു.
എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പുതിയ പാസ്‌പോർട്ടിനുള്ള അപേക്ഷയിൽ 10 ശതമാനം ഇളവ് തുടരും. എന്നാൽ റീ-ഇഷ്യൂ അപേക്ഷകൾക്ക് ഈ ഇളവ് ബാധകമല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates