വെറും കാപ്പിയല്ല, നെയ്ക്കാപ്പി! ഇതുവരെ ട്രൈ ചെയ്തില്ലേ

അഞ്ജു സി വിനോദ്‌

നിങ്ങള്‍ ഒരു കോഫി ലവര്‍ ആണോ? പലതരത്തിലുള്ള കാപ്പികള്‍ ട്രൈ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പരീക്ഷിക്കാവുന്ന ആരോഗ്യകരമായ ഒരു ചോയിസ് ആണ് നെയ്ക്കാപ്പി അഥവാ ഗീ കോഫി.

എന്താണ് ഗീ കോഫി

പേര് പോലെ തന്നെ കാപ്പിക്കൊപ്പം നെയ്യ് ചേര്‍ത്തുണ്ടാക്കുന്നതാണ് ഗീ കോഫി. ഇത് കാപ്പിക്ക് ഒരു ക്രീമി ഘടന നല്‍കുന്നു. പഞ്ചസാരയോ കൃത്രിമ ചേരുവകളോ പാല്‍ ഉല്‍പ്പന്നങ്ങളോ ഇതില്‍ ചേര്‍ക്കേണ്ടതില്ല.

ശരീരഭാരം

നെയ്യ് കാപ്പിയില്‍ ചേര്‍ത്ത് രാവിലെ കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാതെ, ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്ന കീറ്റോസിസ് പ്രക്രിയയെ പിന്തുണയ്ക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കാനും ഇത് നല്ലതാണ്.

ദഹനം

നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ദഹനവ്യവസ്ഥയെ എളുപ്പമാക്കും. മാത്രമല്ല, നെയ്യില്‍ അടങ്ങിയ ബ്യൂട്ടിറിക് ആസിഡ് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ബ്രെയിന്‍ ഹെല്‍ത്ത്

തലച്ചോറില്‍ ഏകദേശം 60 ശതമാനവും കൊഴുപ്പാണ്. നെയ്യില്‍ അടങ്ങിയ ഒമേഗ-3, 6, 9 എന്നീ ആരോഗ്യകരമായ കൊഴുപ്പുകള്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് മാനസിക വ്യക്തതയും ശ്രദ്ധയും സഹായിക്കും.

ഊര്‍ജ്ജനില

നെയ്യ് ഒഴിച്ചുള്ള കാപ്പി ദീർഘസമയം ഊർജം നിലനിർത്താൻ സഹായിക്കും. സാധാരണ കോഫി കുടിച്ചാൽ ലഭിക്കുന്ന ഊര്‍ജ്ജം, സമയം പോകുംതോറും കുറഞ്ഞുവരികയാണ് ചെയ്യുന്നത്. എന്നാൽ, നെയ്യ് ചേർത്തുള്ള കാപ്പി ഈ പ്രക്രിയ സാവധാനത്തിലാക്കും.

പോഷകസമൃദ്ധം

നെയ്യില്‍ അടങ്ങിയ വിറ്റാമിന്‍ എ, ഡി, കെ2, സിഎല്‍എ തുടങ്ങിയ പോഷകകള്‍ കാഴ്ചശക്തിയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഹോര്‍മോണ്‍ സന്തുലിതമാക്കാനും ഇത് സഹായിക്കും.

ഗീ കോഫി എങ്ങനെ ഉണ്ടാക്കാം

സാധാരണ കാപ്പി ഉണ്ടാക്കുന്നത് പോലെ വളരെ സിംപിളായി ഗീ കോഫിയും ഉണ്ടാക്കാം. കാപ്പി തിളപ്പിക്കുന്നതിനൊപ്പം ഒരു ടേബിള്‍സ്പൂണ്‍ നെയ് കൂടി ചേര്‍ക്കുക. കുറച്ച് നേരം ഇളക്കിയ ശേഷം ആവശ്യമെങ്കില്‍ മധുരം ചേർക്കാം, ഇല്ലെങ്കിലും ഗീ കോഫി ആസ്വദിക്കാവുന്നതാണ്.