ജലദോഷം മുതൽ കാൻസർ വരെ ചെറുക്കും; ചില്ലറക്കാരനല്ല പച്ചമുളക്

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ എരിവുള്ള തനി നാടന്‍ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പച്ചമുളക്. രുചി കൂട്ടാന്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും പിന്നിലല്ല ഈ എരിയന്‍ മുളക്. ജലദോഷം മുതല്‍ കാന്‍സറിനെ വരെ തുരത്തുന്ന പച്ചമുളകിന്‍റെ ഗുണങ്ങള്‍ അറിയാം.

ആന്‍റി-ഓക്‌സിഡന്റുകള്‍

ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമാണ് പച്ചമുളക്. ഇത് ശരീരകോശങ്ങളെ ആക്രമിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുത്ത് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പച്ചമുളകില്‍ അടങ്ങിയ ആന്‍റിഓക്‌സിഡന്‍റുകള്‍ സഹായിക്കും.

വിറ്റാമിനുകളും ധാതുക്കളും

വിറ്റാമിന്‍ സി, കെ, എ, അയണ്‍, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പച്ചമുളക്. ഇത് ചര്‍മത്തിന്‍റെ കണ്ണുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി കൂട്ടാന്‍ അനിവാര്യമാണ്.

കാപ്‌സൈന്‍

പച്ചമുളകില്‍ അടങ്ങിയിരിക്കുന്ന കാപ്സൈന്‍ ജലദോഷം, സൈനസ് തുടങ്ങിയ അണുബാധകള്‍ തടയാന്‍ സഹായിക്കും. കാപ്‌സൈസിന്‍ ചര്‍മത്തിലൂടെയുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുകയും മ്യൂക്കസ് സ്രവണം നേര്‍ത്തതാക്കുകയും ചെയ്യുന്നു. കൂടാതെ കാപ്‌സൈന്‍റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ശരീരവീക്കം തടയാനും ആത്രൈറ്റസ് രോഗലക്ഷണങ്ങള്‍ ലഘൂകരിക്കാനും സഹായിക്കും.

ശരീരഭാരം കുറയ്ക്കും

പച്ചമുളകില്‍ കലോറി ഇല്ലെന്ന് മാത്രമല്ല, ഇവ ശരീരത്തിലെ അമിത കലോറി കത്തിക്കാനും സഹായിക്കും. പച്ചമുളകില്‍ അടങ്ങിയ കാപ്സൈന്‍ കലോറിയെ കത്തിച്ച് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

മാനസിക സമ്മര്‍ദം കുറയ്ക്കും

മാനസിക സമ്മര്‍ദവും വേദനയും കുറയ്ക്കാന്‍ സഹായിക്കുന്ന മൂലകമാണ് എന്‍ഡോര്‍ഫിന്‍. ഇത് എരിവുള്ള പച്ചമുളക് കഴിക്കുമ്പോള്‍ ശരീരം സ്വാഭാവികമായും ഉല്‍പാദിപ്പിക്കും. ഇതിലൂടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

പച്ചമുളകില്‍ അടങ്ങിയ വിറ്റാമിന്‍ കെ, ബീറ്റ കരോട്ടിന്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇവ ഹൃദയത്തെയും രക്തധമനികളെയും ശക്തിപ്പെടുത്തുകയും രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കുകയും ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates