സമകാലിക മലയാളം ഡെസ്ക്
മലയാള സിനിമയുടെ പുതിയ ആത്മവിശ്വാസമാണ് ഫഹദ് ഫാസിൽ. മലയാള സിനിമയെ ആരാണ് മുന്നോട്ടു നയിക്കുക എന്ന ചോദ്യത്തിന് ഉത്തരമാണ് ഫഹദ് ഫാസിലെന്ന നടൻ.
അരങ്ങേറ്റത്തിലെ വലിയ പരാജയത്തിൽ നിന്നും യുഎസിലേക്ക് പോയി, പിന്നീട് എം-ടൗണിലേക്ക് മടങ്ങിവന്ന് ദൃഢനിശ്ചയത്തിലൂടേയും കഠിനാധ്വാനത്തിലൂടെയും മലയാള സിനിമയില്‍ സ്ഥാനം പിടിച്ച നടനാണ് ഫഹദ്.
പ്രിയ താരം ഫഫയുടെ ജന്മദിനം ആഘോഷിക്കുകയാണ് ആരാധകർ. മലയാള സിനിമയിലെ അദ്ദേഹത്തിന്റെ ഇതുവരെയുള്ള യാത്രയിലേക്ക് നമുക്ക് ഒന്ന് തിരിഞ്ഞ് നോക്കാം.
കലാകാരന്മാരുടെ കുടുംബത്തിലാണ് ഫഹദ് ജനിച്ചത്. അച്ഛൻ ഫാസിൽ മലയാള സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ്. അതിനാൽ ഫഹദിന് സിനിമാ ലോകം പുതിയതായിരുന്നില്ല
അച്ഛൻ ഫാസിൽ തന്നെ അദ്ദേഹത്തിന് എം ടൗണിലേക്കുള്ള പ്രവേശനം സമ്മാനിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് സിനിമകളിൽ ചിലത് ഫാസിൽ സംവിധാനം ചെയ്തിട്ടുണ്ട്. 2001 ൽ പുറത്തിറങ്ങിയ 'കൈയെത്തും ദൂരത്ത്' എന്ന സിനിമയില്‍ അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ ഫാസിൽ തീരുമാനിച്ചു.
'കൈയെത്തും ദൂരത്ത്' ഒരു റൊമാന്റിക് ചിത്രമായിരുന്നു, എന്നാൽ എത്ര ശ്രമിച്ചിട്ടും പ്രേക്ഷകരിലേക്ക് എത്താന്‍ ചിത്രത്തിന് കഴിഞ്ഞില്ല. സംവിധായകന്‍റെ മകനായിട്ടും അഭിനയത്തില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയാത്തതിന് ഫഹദ് രൂക്ഷ വിമര്‍ശനത്തിനിരയായി.
ആദ്യ ചിത്രത്തിന്‍റെ പരാജയത്തെ തുടർന്ന് താരം യുഎസിലേക്ക് പോയി. പിന്നീട് ഏഴ് വർഷത്തേക്ക് മലയാള സിനിമാ ലോകം ഫഹദ് ഫാസിലിനെ കുറിച്ച് കേട്ടിട്ടില്ല.
2009 ൽ 'കേരള കഫേ' എന്ന ആന്തോളജി ചിത്രത്തിലൂടെ ഫഹദ് തിരിച്ചെത്തി. ചിത്രത്തിലെ ഒരു കഥയില്‍ പത്രപ്രവർത്തകന്റെ വേഷത്തില്‍ തിരിച്ചുവന്ന താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
'പ്രമാണി', 'കോക്ടെയില്‍' തുടങ്ങിയ ചിത്രങ്ങളിൽ ഫഹദ് സഹകഥാപാത്രങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടു.
2011 ൽ, സമീർ താഹിർ സംവിധാനം ചെയ്ത 'ചാപ്പ കുരിശ്' എന്ന ചിത്രത്തിലൂടെ മുഴുനീള കഥാപാത്രമായി ഫഹദ് എത്തി. ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും ലഭിച്ചു.
ഇന്ത്യൻ റുപ്പി, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലേസ്, ജോജി, ബംഗ്ലൂര്‍ ഡെയ്സ്, കുമ്പളങ്ങി നൈറ്റ്സ്, ആവേശം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളെ അത്ഭുതപ്പെടുത്തി.
സിനിമയിലെ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഉദാഹരണമാണ് ഫഹദ് ഫാസിൽ . സൂക്ഷ്മഭാവങ്ങളിലൂടെ അഭിനയ മികവ് പ്രകടിപ്പിച്ച് മലയാളികളെ ത്രസിപ്പിക്കുകയാണ് ഇന്നും ഫഹദ് ഫാസില്‍
ഇപ്പോള്‍ മലയാളത്തിൽ നിന്നും തമിഴിലും തെലുങ്കിലുമെല്ലാം അദ്ദേഹം സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഫഹദ് എന്ന നടൻ വിജയ സിനിമകളുടെ മാത്രം ഭാഗമാകാൻ തുടങ്ങി.
ഫഫയുടെ ആരാധകർ പറയുന്നത് പോലെ അദ്ദേഹത്തിന്റെ മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates