സമകാലിക മലയാളം ഡെസ്ക്
ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ഇപ്പോൾ ശ്രദ്ധ നേടുന്ന ഒന്നാണ് ഓവർനൈറ്റ് ഓട്സ്. ഇതിൽ ശ്രദ്ധേയമായ ഒരു വിഭവമാണ് ‘ഡയാന ഓട്സ്’.
ബ്രിട്ടീഷ് രാജകുമാരിയായിരുന്ന ഡയാന പതിവായി കഴിച്ചിരുന്ന പ്രഭാതഭക്ഷണവുമായി ബന്ധപ്പെട്ടാണ് ഈ പേര് ശ്രദ്ധ നേടിയത്. ഓട്സ്, പഴങ്ങൾ, തൈര്, നട്സ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം പോഷകസമൃദ്ധമായ പ്രഭാതഭക്ഷണമായി ഉപയോഗിക്കാം.
ഡയാനയുടെ മുൻ പാചകക്കാരനായ ഡാരൻ മക്ഗ്രാഡി പങ്കുവച്ച പാചകക്കുറിപ്പിൽ റോൾഡ് ഓട്സ്, പുതുതായി പിഴിഞ്ഞ ഓറഞ്ച് ജ്യൂസ്, തൈര്, ആപ്പിൾ, ബ്ലൂബെറി, വാൾനട്ട്, തേൻ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വിറ്റ്സർലൻഡിലെ ആരോഗ്യകേന്ദ്രത്തിൽവച്ച് പരിചയപ്പെട്ട ബിർച്ചർ മ്യൂസ്ലിയിൽനിന്നാണ് ഡയാനയ്ക്ക് ഈ വിഭവത്തോട് താൽപര്യമുണ്ടായതെന്നാണ് മക്ഗ്രാഡി പറഞ്ഞത്. പിന്നീട് അവർക്ക് പ്രഭാതഭക്ഷണമായി ഇത് തയ്യാറാക്കിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഡയാന ഓട്സ് തയ്യാറാക്കുന്ന രീതി - ആദ്യം ഓട്സ് കുതിർക്കാം. ഒരു പാത്രത്തിൽ റോൾഡ് ഓട്സും ഓറഞ്ച് ജ്യൂസും ചേർത്ത് നന്നായി ഇളക്കുക. പാത്രം മൂടി ഫ്രിഡ്ജിൽ രാത്രി മുഴുവൻ, ഏകദേശം എട്ടുമണിക്കൂർ, വയ്ക്കുക.
രാവിലെ കുതിർന്ന ഓട്സിലേക്ക് തൈരും ചുരണ്ടിയ ആപ്പിളും ചേർക്കുക. നട്സ് ഉപയോഗിച്ച് അലങ്കരിക്കാം. ബ്ലൂബെറിയും അരിഞ്ഞ വാൾനട്ടും ചേർക്കുക. ആവശ്യമെങ്കിൽ അൽപം തേനും ചേർക്കാം.
ഓട്സിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ ദഹനപ്രക്രിയയെ പിന്തുണയ്ക്കുകയും മലവിസർജനം ക്രമമായി നടക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഓട്സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരിന് രക്തത്തിലെ എൽഡിഎൽ (LDL) കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കാനാകും. സമീകൃതമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി ഓട്സ് ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.
ഓട്സ് കാർബോഹൈഡ്രേറ്റിന്റെ നല്ലൊരു ഉറവിടമാണ്. ഇത് ശരീരത്തിന് ഊർജം നൽകുന്നു. ഓട്സിനൊപ്പം തൈരും പഴങ്ങളും നട്സും ചേർക്കുമ്പോൾ ഭക്ഷണത്തിന്റെ പോഷകമൂല്യവും വർധിക്കുന്നു.
നാരുകൾ അടങ്ങിയ ഭക്ഷണം കൂടുതൽ നേരം വയറുനിറഞ്ഞ തോന്നൽ നൽകാൻ സഹായിക്കുന്നതിനാൽ ഓട്സ് ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവരുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.