സമകാലിക മലയാളം ഡെസ്ക്
നമ്മുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത പയർ വർഗങ്ങളിലൊന്നാണ് ചെറുപയർ.
പുട്ടും ചെറുപയറും, പത്തിരിയും ചെറുപയറും, കഞ്ഞിയും ചെറുപയറും,ചെറുപയർ പുഴുങ്ങിയത്, മുളപ്പിച്ച ചെറുപയർ സാലഡ്, അങ്ങനെ ആ വിഭവങ്ങളുടെ പട്ടിക നീളുന്നു.
എന്നാൽ ഈ ചെറുപയറിന്റെ ചെറുതല്ലാത്ത ഗുണങ്ങളെപ്പറ്റി പലർക്കും അത്രക്ക് അറിയില്ല.
സസ്യാധിഷ്ഠിത പ്രോട്ടീന്റെയും അവശ്യ അമിനോ ആസിഡുകളുടെയും മികച്ച ഉറവിടങ്ങളിലൊന്നാണ് ചെറുപയർ . ഇത് മുളപ്പിച്ച് കഴിക്കുമ്പോൾ അവയുടെ ആന്റിഓക്സിഡന്റ് പ്രവർത്തനം വർധിപ്പിക്കുകയും പ്രോട്ടീന്റെ അളവ് വർധിപ്പിക്കുകയും ചെയ്യും.
ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറക്കാൻ ചെറുപയറിന് സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഹൃദയത്തിനുണ്ടാകുന്ന വീക്കം, മറ്റ് രോഗങ്ങൾ എന്നിവയും ചെറുക്കാൻ കഴിയുന്ന ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ചെറുപയർ.
ചെറുപയറിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയ്ക്കും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.
പ്രതിരോധശേഷിയുള്ള അന്നജവും ചെറുപയറിൽ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ചെറുപയർ പ്രമേഹരോഗികൾക്കും കഴിക്കാവുന്ന ഭക്ഷണമാണ്.
പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറക്കാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച മാർഗമാണ്. ചെറുപയർ കഴിച്ചാൽ കുറേ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടുകയില്ല.
ചെറുപയറിൽ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. അതുകൊണ്ടാണ് ഹൈപ്പർടെൻഷൻ ഉള്ളവർ ചെറുപയർ കഴിക്കണമെന്ന് പൊതുവെ ഡോക്ടർമാർ നിർദേശിക്കുന്നത്.
വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടം കൂടിയാണിത്. കൂടാതെ, വേവിച്ച ചെറുപയറിൽ വിറ്റാമിനുകൾ, ഫോളേറ്റ്, മാംഗനീസ്, ഫോസ്ഫറസ്, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ പ്രതിരോധശേഷിക്കും ആരോഗ്യത്തിനും ഗുണം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates