പഴഞ്ചനല്ല! പവർഫുൾ ആണ് പഴങ്കഞ്ഞി

സമകാലിക മലയാളം ഡെസ്ക്

കോണ്‍ഫ്ലക്സും സ്മൂത്തിയും വാഴുന്ന ബ്രേക്ക്ഫാസ്റ്റ് മെനുവില്‍ പഴങ്കഞ്ഞി പലപ്പോഴും പഴഞ്ചനായി തോന്നും. എന്നാല്‍ പറയുന്ന പോലെ അത്ര സിംപിള്‍ അല്ല കക്ഷി. പൊണ്ണത്തടി കുറയ്ക്കാനും അണുബാധയെ ചെറുക്കാനും പഴങ്കഞ്ഞിയാണ് ബെസ്റ്റ്

തലേന്ന് വെള്ളത്തിലിട്ടു വെച്ച ചോറിലേക്ക് കുറച്ചു ചുവന്നുള്ളിയും കാന്താരിയും തൈരും മീന്‍ കറിയുമൊക്കെ ചേര്‍ത്ത് കഴിച്ചാല്‍ കിട്ടുന്ന രുചി പറഞ്ഞറിയിക്കാന്‍ കഴിയില്ല. രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും പഴങ്കഞ്ഞി തന്നെ കേമന്‍.

ദഹനം

ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ രാവിലെ പഴങ്കഞ്ഞി കുടിക്കുന്നത് നല്ലതാണ്. കൂടാതെ ഇത് നല്ലൊന്നാന്തരം പ്രോബയോട്ടിക് ഭക്ഷണമാണ്. കുടലിലെ നല്ല ബാക്ടീരിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും.

ശരീരഭാരം

ഇതില്‍ 80 ശതമാനത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു. ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും.

ഉന്മേഷം

ദിവസം മുഴുവന്‍ ശരീരത്തിന് വേണ്ട ഉന്മേഷവും കുളിര്‍മയും കിട്ടാന്‍ പഴങ്കഞ്ഞി കുടിക്കുന്നത് നല്ലതാണ്. കൂടാതെ ധാരാളം ഇലക്ട്രോളൈറ്റുകള്‍ അടങ്ങിയ പഴങ്കഞ്ഞി ശരീരത്തിന്റെ ക്ഷീണം അകറ്റാനും ഏറെ നല്ലതാണ്.

വേനല്‍കാലത്ത്

ചൂടുകാലാവസ്ഥയില്‍ പഴങ്കഞ്ഞി കുടിക്കുന്നത് ശരീരത്തില്‍ തണുപ്പ് നിലനിര്‍ത്താനും ക്ഷീണം കുറയ്ക്കാനും സഹായിക്കും.

അയേണ്‍

പഴങ്കഞ്ഞിയില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. നല്ലൊരു അയേണ്‍ ടോണിക് ഗുണം നല്‍കാന്‍ പഴങ്കഞ്ഞിക്കാകും. സാധാരണ ചോറിനേക്കാള്‍ 21 മടങ്ങ് കൂടുതല്‍ അയേണ്‍ പഴങ്കഞ്ഞിയില്‍ ഉണ്ട്.