സമകാലിക മലയാളം ഡെസ്ക്
ദിവസം മുഴുവൻ ക്ഷീണവും തളർച്ചയും. ഇത്തരം അവസ്ഥകൾ ആവർത്തിച്ച് സംഭവിക്കാറുണ്ടെങ്കിൽ അത് നിസ്സാരമായി കാണരുത്. ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതുമൂലമാകാം ഈ തളർച്ച.
രക്തത്തിലെ ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന പ്രോട്ടീൻ ആണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിൻ അളവ് കുറയുന്ന അവസ്ഥയാണ് അനീമിയ അല്ലെങ്കിൽ വിളർച്ച.
ബീറ്റ്റൂട്ട്
ഇരുമ്പും ഉയർന്ന അളവിൽ ഫോളിക്ക് ആസിഡും പൊട്ടാസ്യവും ബീറ്റ്‌റൂട്ടിലുണ്ട്. ഇത് ചുവന്ന രക്തകോശങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ബീറ്റ്റൂട്ട് കറിയായും ജ്യൂസായുമൊക്കെ ഡയറ്റില്‍ ചേര്‍ക്കാം.
മാതളനാരങ്ങ
ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കുന്ന പഴങ്ങളിലൊന്നാണ് മാതളനാരങ്ങ. ഇരുമ്പ്, കാൽസ്യം, അന്നജം, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ. വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർധിപ്പിച്ച് വിളർച്ച ഇല്ലാതാക്കാൻ സഹായിക്കും.
നട്‌സും വിത്തുകളും
ബദാം, വാല്‍നട്‌സ്, സൂര്യകാന്തി വിത്തുകള്‍ എന്നിവയില്‍ അവശ്യപോഷകങ്ങള്‍ക്കൊപ്പം ഇരുമ്പിന്റെ അംശവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടാൻ സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റ്
ഉയര്‍ന്ന അളവില്‍ ഫ്ലവനോയിഡുകളും ഇരുമ്പും ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവു വര്‍ധിപ്പിക്കാന്‍ സഹായിക്കും. ദിവസവും ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഒരു ചെറിയ കഷ്ണം ചേര്‍ക്കാം.
ആപ്പിള്‍
ആപ്പിളില്‍ ധാരാളം ഇരുമ്പും ആന്റി-ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്റെ അളവു വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഈന്തപ്പഴം
ഈന്തപ്പഴം ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു വര്‍ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ പ്രമേഹമുള്ളവര്‍ ഈന്തപ്പഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം.