മഴക്കാലത്ത് പടർന്നു പിടിച്ച് ഹെപ്പറ്റൈറ്റിസ് എ, ലക്ഷണങ്ങൾ

അഞ്ജു സി വിനോദ്‌

മഴക്കാലമായതോടെ സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് എ ബാധിതരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും പെരുകി വരികയാണ്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസ് ആണ് ഈ പകർച്ചവ്യാധിക്ക് പിന്നിൽ.

പ്രധാനമായും കരളിനെയാണ് ഹെപ്പറ്റൈറ്റിസ് വൈറസുകൾ ബാധിക്കുക. എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് തരം ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് ഉള്ളത്. ഇതിൽ ഹെപ്പറ്റൈറ്റിസ് എയും ഇയും മലിനമായ ഭക്ഷണം, വെള്ളം എന്നിവയിൽ നിന്നും മനുഷ്യവിസർജ്യത്തിൽ നിന്നുമാണ് പകരുന്നത്.

സാധാരണയായി രണ്ട് മുതല്‍ ആറ് ആഴ്ച വരെയാണ് വൈറസിന്റെ ഇന്‍ഹ്യുബേഷന്‍ കാലാവധി. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പോലെ ഹെപ്പറ്റൈറ്റിസ് എ കടുത്ത രോഗാവസ്ഥ ഉണ്ടാക്കാറില്ല. വളരെ പെട്ടെന്ന് രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെങ്കിലും എളുപ്പത്തിൽ അതിനെ പ്രതിരോധിക്കാനും കഴിയും എന്നതാണ് ആശ്വാസം. എന്നാൽ കരളിൽ നീർക്കെട്ടുണ്ടാക്കുന്ന ഈ രോഗം ചിലരിൽ കടുത്ത വെല്ലുവിളിയാകാറുണ്ട്.

ലക്ഷണങ്ങൾ

പനി, വയറിളക്കം, കടുംനിറത്തിലുള്ള മലവും മൂത്രവും, വിശപ്പില്ലായ്മ, മഞ്ഞപ്പിത്തം, ചൊറിച്ചിൽ എന്നിവയാണ് സാധാരണ കണ്ടുവരുന്ന ഹെപ്പറ്റൈറ്റിസ് എ ലക്ഷണങ്ങൾ.

എല്ലാവർക്കും ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. എന്നാൽ രോഗം പിടിപെടുന്ന നൂറിൽ ഒരാൾക്ക് രോഗം മൂർച്ഛിക്കാനും കരൾ തകരാറിലാവാനും സാധ്യതയുണ്ട്.

ചികിത്സ

ഹെപ്പറ്റൈറ്റിസ് എയ്‌ക്കെതിരെ മരുന്നുകളൊന്നും ലഭ്യമല്ല. രോഗിയുടെ ശരീരത്തിനാവശ്യമായ വിശ്രമവും മറ്റ് ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനുള്ള മരുന്നുമാണ് നൽകുന്നത്. നമ്മുടെ ശരീരത്തിന്റെ സ്വന്തം രോഗപ്രതിരോധസംവിധാനത്തിന് ആവശ്യത്തിന് സമയവും വിശ്രമവും കിട്ടിയാൽ ഈ വൈറസിനെ സ്വയം തുരത്താനുള്ള ശേഷിയുണ്ട്.

പ്രതിരോധം

  • വ്യക്തിശുചിത്വമാണ് പ്രധാനം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക, പ്രത്യേകിച്ച് ടോയ്ലെറ്റ് ഉപയോഗിച്ചതിന് ശേഷവും ഭക്ഷണത്തിന് മുമ്പും പതിവായി കൈകഴുകുന്നതിൻ്റെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കുക.

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പച്ചക്കറികളും പഴങ്ങളും കഴുകാൻ ഉപയോ​ഗിക്കുന്ന വെള്ളം മലിനമല്ലെന്ന് ഉറപ്പാക്കണം

  • തുറന്നു വെച്ചതോ, പഴകിയതോ ആയ ഭക്ഷണം ഒഴിവാക്കുക.

  • കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്ന പച്ചക്കറികളും: പപ്പായ, മാതളനാരങ്ങ, കാരറ്റ്, ചീര, ബീറ്റ്റൂട്ട്.

  • ജലാംശം നൽകുന്ന ദ്രാവകങ്ങൾ: തേങ്ങാവെള്ളം, നാരങ്ങാനീര്, ഹെർബൽ ടീ, സൂപ്പുകൾ.

  • എളുപ്പത്തിൽ ദഹിപ്പിക്കാവുന്ന പ്രോട്ടീനുകൾ: പയർ, മൃദുവായ വേവിച്ച മുട്ട.

  • അരിയും ഗോതമ്പ് റൊട്ടിയും.

മിക്കരോഗികളും 6 മുതൽ 8 ആഴ്ചകൾക്കുള്ളിൽ രോഗത്തെ ആളുകൾ അതിജീവിക്കാറുണ്ട്. രോഗം ഭേദമായിക്കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ ഹെപ്പറ്റൈറ്റിസ് എയ്‌ക്കെതിരെ നമ്മുടെ ശരീരത്തിൽ പ്രതിരോധശക്തി ഉണ്ടാവുകയും ചെയ്യും.